തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിപ്പിക്കാനുള്ള ചർച്ചകൾക്കെന്ന പേരിൽ കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചതിന് സർക്കാർ ചെലവാക്കിയത് 13.04 ലക്ഷം രൂപ. കായിക വകുപ്പിന്റെ കായിക വികസന നിധിയിലെ തുകയാണ് ഇതിന് ഉപയോഗിച്ചതെന്നു വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലുണ്ട്. അർജന്റീന ടീമിനെ കേരളത്തിൽ കളിപ്പിക്കാൻ സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്ന മന്ത്രിയുടെ വാദം പൊളിച്ചാണ് വിദേശപര്യടനത്തിനു മുടക്കിയ ലക്ഷങ്ങളുടെ കണക്കു പുറത്തുവന്നത്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഒരാഴ്ചയോളം നീണ്ട പര്യടനം. കായികവകുപ്പ് സെക്രട്ടറി പ്രണബ് നാഥ്, ഡയറക്ടർ പി.വിഷ്ണു രാജ് എന്നിവരാണു മന്ത്രി ക്കൊപ്പം ഉണ്ടായിരുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള (എഎഫ്എ) ചർച്ചയ്ക്ക് അർജന്റീനയ്ക്കു പകരം സ്പെയിനിലേക്കു പോകുന്നത് എന്തിനാണന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. എഎഫ്എയുടെ ക്ഷണമനുസരിച്ചാണ് സ്പെയിനിലെ മാഡ്രിഡിൽ കൂടിക്കാഴ്ചയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ, എഎഫ്എയിലെ ആരുമായാണു കൂടിക്കാഴ്ച നടത്തിയതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

