ടെൽ അവീവ്: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലെ നാലിടങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ആക്രമണം.
കെട്ടിടങ്ങൾക്ക് അടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും നേരെ ഇറാൻ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു.
ബെഹ്ർഷെവയിലെ സൊകോറ ആശുപത്രിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ആരോപിച്ചു . ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണ് സൊറോക. ഗാസ ആക്രമണത്തിനിടെ പരിക്കേറ്റ ഇസ്രയേലി സൈനികരെ അടക്കം ഇവിടെയാണ് ചികിത്സിക്കുന്നത് . ഇറാൻ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ഇസ്രയേൽ ആരോപിക്കുന്നു .