തിരുവനന്തപുരം : മിൽമയുടെ പേരും ഡിസൈനും അനുകരിച്ച മിൽനയെന്ന കമ്പനിക്ക് ഒരു കോടി രൂപ പിഴ. തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയാണ് മിൽമയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള എഴുത്തും ലോഗോയും പാക്കറ്റും പാലുൽപ്പന്നങ്ങളും വിപണിയിലിറക്കിയ കമ്പനിക്കെതിരെ പിഴയിട്ടത്.
മിൽമ നൽകിയ പരാതിയിലാണ് ഈ നടപടി. മിൽമക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും മിൽന കമ്പനിയെ കോടതി വിലക്കിയിട്ടുണ്ട് .
ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയുമാണ് ചുമത്തിയത്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികളുണ്ടായാൽ ഇനിയും നടപടിയുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു.