മുംബൈ: രത്തൻ ടാറ്റയുടെ മൃതദേഹം മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തോടെ മുംബൈ എന്‍സിപി ഓഡിറ്റോറിയത്തില്‍ എത്തിക്കുന്ന മൃതദേഹം വൈകുന്നേരം മൂന്ന് വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും.
നാലിന് ശേഷം വര്‍ളി ശ്മശാനത്തിലാണ് സംസ്കാരം. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി രത്തന്‍ ടാറ്റ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്, ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പര്‍ശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച കച്ചവടക്കാരന്, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന് എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ്.
തൻ്റെ ബിസിനസിൽ ഉയരങ്ങൾ കീഴടക്കി ജൈത്ര യാത്ര തുടങ്ങുമ്പോഴും അദ്ദേഹം തൻ്റെയുള്ളിലെ മനുഷ്യ സ്നേഹത്തേയും ദേശസ്നേഹത്തെയും കൈവിടാതെ കാത്തു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് രത്തൻ ടാറ്റ, മുംബൈ ആസ്ഥാനമായ ടാറ്റ സൺസ് ചെയർമാനായി സ്ഥാനമേൽക്കുന്നത്. അവിടെ നിന്നിങ്ങോട്ട് രണ്ട് പതിറ്റാണ്ടിലേറെക്കാലം ടാറ്റ ഗ്രൂപ്പിൻ്റെ മുഖമെന്നാൽ അത് രത്തൻ ടാറ്റയായിരുന്നു. ഉപ്പ് തൊട്ട് സോഫ്ട്വെയർ വരെ പടർന്ന് പന്തലിച്ച വലിയൊരു വ്യവസായ ശൃംഖലയെ ലോകോത്തര നിലവാരത്തിലെത്തിച്ച സ്ഥിരോൽസാഹിയും ദീർഘവീക്ഷണവുമുള്ള വ്യവസായിയായിരുന്നു രത്തൻ ടാറ്റ.
1991ല്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി സ്ഥാനമേറ്റ രത്തന്‍ ടാറ്റ രാജ്യം ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയപ്പോഴും ടാറ്റയെ വിജയവഴിയില്‍ ഉറപ്പിച്ചുനിര്‍ത്തി ഇതിഹാസമാണ്. 1998 ഡിസംബര്‍ 30ന് ഇന്ത്യയില്‍ നിര്‍മിച്ച ‘ഇന്‍ഡിക്ക’ കാര്‍ പുറത്തിറക്കി. ഇന്‍ഡിക്ക വി2 കാറിലൂടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചു. 2008 ല്‍ വിഖ്യാത കാര്‍ കമ്പനിയായ ഫോഡിന്റെ ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ വിഭാഗങ്ങള്‍ ഏറ്റെടുത്തു. 2009 ല്‍ നാനോ കാര്‍ വിപണയിലെത്തിച്ചു. ഇത് ഇന്ത്യന്‍ വാഹനചരിത്രത്തിലെ വലിയ ചരിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

