ന്യൂഡൽഹി: അന്തരിച്ച സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും. വൈകീട്ട് ആറ് മണിയോടെയായിരിക്കും എയിംസിൽ നിന്ന് ഭൗതീക ശരീരം വസതിയിൽ എത്തിക്കുക.
ബന്ധുകളും അടുത്ത സുഹൃത്തുക്കളും വസതിയിലെത്തി അന്തിമോപചാരം അർപ്പിക്കും. നാളെയാണ് ഡൽഹി എകെജി ഭവനിലെ പൊതുദർശനം. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും.
ന്യൂമോണിയ ബാധിച്ച് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണമടയുമ്പോൾ യെച്ചൂരിയ്ക്ക് 72 വയസ്സായിരുന്നു.
2015 ഏപ്രിലിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയത്.