സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച ജെന്‍സന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
കേരളത്തെ അക്ഷരാർത്ഥത്തിൽ കണ്ണീരിലാഴ്ത്തിയ വേർപാടാണ് ജെൻസന്റെത് .
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെയുള്ള ഉറ്റവര്‍ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരന് ജെന്സന് ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.
അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ മേരി ജയന് ദമ്പതികളുടെ മകനാണ് ജെന്സന്. ചൊവ്വാഴ്ച വൈകീട്ടാണ് ജെന്‍സനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാന്‍ കല്‍പ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെന്സണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരില്‍ പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാകും സംസ്കാര ചടങ്ങുകള്‍ നടക്കുക.