അനകപ്പള്ളി : ആന്ധ്രാപ്രദേശിലെ അനകപ്പള്ളി അച്യുതപുരത്തുള്ള എസൻഷ്യ അഡ്വാൻസ്ഡ് സയൻസസ് ഫാർമ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 60ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന 500 കെഎൽ ശേഷിയുള്ള റിയാക്ടർ ബുധനാഴ്ച ഉച്ചയോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
എസി യൂണിറ്റുകൾക്ക് തീപിടിച്ച് നിമിഷങ്ങൾക്കകം തീ പടർന്നു. റിയാക്ടർ പൊട്ടിത്തെറിച്ച് കമ്പനിയുടെ മേൽക്കൂര തകർന്നതിനൊപ്പം തൊഴിലാളികൾ 30 മുതൽ 50 മീറ്റർ വരെ തെറിച്ചുവീണു. എൻഡിആർഎഫ് ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു.
മരുന്ന് നിര്‍മാണ കമ്പനിയിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. 33 പേരെ അഗ്നിശമന സേനാംഗങ്ങൾ കൂറ്റൻ ഫയർ എൻജിനുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. അദ്ദേഹം മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്യും. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി, ഗുരുതരമായി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.