കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പശ്ചിമബംഗാളില്‍ പ്രതിഷേധ പരമ്പരകള്‍. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടക്കും. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണം. കൊല്ലപ്പെട്ട വനിതാഡോക്ടര്‍ക്ക് അടുത്ത ഞായറാഴ്ചയ്ക്കുള്ളില്‍ നീതി ഉറപ്പാക്കണമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐയോട് മമത ബാനര്‍ജി ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ഇടതുപക്ഷവുമാണ്. വിദ്യാര്‍ത്ഥികളോ യുവ ഡോക്ടര്‍മാരോ അല്ല പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍, പുറത്തു നിന്നുള്ളവരും ചില രാഷ്ട്രീയക്കാരുമാണ്. ബാമും റാമും അവരോട് കൈകോര്‍ത്തിരിക്കുകയാണെന്നും മമത ആരോപിച്ചു.
അതേസമയം യുവഡോക്ടറുടെ കൊലപാതകത്തില്‍ മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി വനിതാ സംഘടനയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മെഴുകുതിരികളുമായി നിശബ്ദ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) 12 മണിക്കൂര്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. എന്നാല്‍ കൊല്‍ക്കത്ത മെട്രോ റെയില്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സിപിഎമ്മും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ആര്‍ജി കര് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു