ഷാജി ജോര്‍ജ്
സിവില്‍ സര്‍വീസ് എപ്പോഴും ഒരു ചട്ടക്കൂട്ടിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. നിരവധി ജീവിത ഫയലുകളില്‍ നിന്ന് ചുവപ്പ് നാട അഴിച്ചുമാറ്റി പ്രകാശത്തിലേക്കു നയിച്ച മിനി ആന്റണി ഐഎഎസ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുമ്പോള്‍ ധന്യമായ ആ സര്‍വീസ് കാലത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ്
2024 മെയ് 31. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്’ ഹാള്‍. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മിനി ആന്റണി ഐഎഎസിന് പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നല്കിയ യാത്രയയപ്പ് യോഗം. വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗം അവസാനിക്കുമ്പോള്‍ സമയം 5.15. കേരളത്തിലെ ഉയര്‍ന്ന വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കുള്ള യാത്രയയപ്പ് യോഗത്തിലാണ് തന്റെ സര്‍വീസ് കാലത്തെ അവസാന ദിനത്തിന് മിനി ആന്റണി വിരാമമിട്ടത്. സഹകരണം, സിവില്‍ സപ്ലൈസ്, കേരള ബാങ്ക്, സഹകരണ വകുപ്പ് തുടങ്ങി നിരവധി മേഖലകളിലെ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയപ്പ് യോഗങ്ങള്‍ കൂടി അന്നുണ്ടായിരുന്നു. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റില്‍ നിന്ന് പടിയിറങ്ങി തന്റെ ക്വാര്‍ട്ടേഴ്സില്‍ വിശ്രമിക്കാതെ മിനി ആന്റണി അന്നുതന്നെ ആലപ്പുഴയിലേക്ക് മടങ്ങി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സമ്മാനിച്ച ഉപഹാരവും പൂച്ചെണ്ടുകളും താന്‍ ജനിച്ചു വളര്‍ന്ന തറവാട്ടിലും മാതാപിതാക്കളുടെ കുഴിമാടത്തിലും സമര്‍പ്പിക്കുകയായിരുന്നു ആ യാത്രയുടെ ഉദ്ദേശം. പ്രീഡിഗ്രിയ്ക്കും എസ്എസ്എല്‍സി പരീക്ഷയ്ക്കും ഗോള്‍ഡ് മെഡല്‍ നേടിയ അതേ അഭിമാനത്തോടും സന്തോഷത്തോടും കൂടിയായിരിക്കണം തന്റെ കുടുംബവീട്ടിലേക്ക് അവര്‍ യാത്ര ചെയ്തിട്ടുണ്ടാകുക. പഴയ റാങ്കുകാരി തുടര്‍ന്ന് ഉയര്‍ന്ന ജീവിത വിജയങ്ങള്‍ നേടി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ അഭിമാനിക്കാവുന്ന സേവനത്തിന്റെ മുദ്രകള്‍ ചാര്‍ത്തിയ സന്തോഷവുമായുള്ള മടക്കയാത്ര.
കുട്ടിക്കാലം മുതലുള്ള സാമൂഹ്യ സേവനം
കേരളത്തിലെ അശരണരായ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അസംഘടിതരായ ലത്തീന്കത്തോലിക്കരെ ഒന്നിപ്പിക്കുന്നതിലും സ്കൂള്‍ അധ്യാപകനായ വി.സി ആന്റണി മാസ്റ്റര്‍ ബദ്ധശ്രദ്ധനായിരുന്നു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണും ഇമെയിലും വാട്ട്സാപ്പുമൊന്നുമില്ലാത്ത കാലം. കൈകൊണ്ട് എഴുതിയ പോസ്റ്റുകാര്‍ഡിലും ഇന്ലണ്ടിലുമാണ് അറിയിപ്പുകള്, സംഘടനാ പ്രവര്‍ത്തനത്തിനുള്ള ആഹ്വാനങ്ങള്‍, നിര്‍ദേശങ്ങള്‍ ഇവയൊക്കെ അറിയിക്കുന്നത്. കത്ത് എഴുതി വിലാസം കുറിച്ച് തപാല്‍ ഓഫീസില്‍ എത്തിക്കുന്നതില്‍ മകള്‍ പിതാവിന് വലിയ സഹായിയായിരുന്നു. പിതാവിനോടൊപ്പം ചേര്‍ന്ന് വലിയ നേതാക്കളോട് ഇടപഴകാനും അവരുടെ ചര്‍ച്ചകളില്‍ പങ്കുചേരാനും ചെറുപ്പത്തിലെ സാഹചര്യമുണ്ടായി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സാമൂഹ്യ സേവനത്തിലും നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച പിതാവിന്റെ ശൈലി, ആദര്‍ശധീരത മകള്‍ അങ്ങനെ സ്വന്തമാക്കി.
കെഎല്‍സിഎ, കെസിഎഫ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്, കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയന് സെക്രട്ടറി തുടങ്ങി സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വി.സി. ആന്റണി മാഷിന്റെ സേവനങ്ങള്‍ അധികരിച്ച് പരിശുദ്ധ പാപ്പ അദ്ദേഹത്തിന് ഷെവലിയര്‍ സ്ഥാനം നല്കുകയുണ്ടായി. സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന മാതാപിതാക്കളോടുള്ള സ്നേഹവും ആദരവും അറിയിക്കുന്നതിനാണ് വിരമിച്ച ദിവസം തന്നെ തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് മിനി ആന്റണി യാത്ര ചെയ്തത്.
ശ്രോതാക്കള്‍ക്ക് ആവേശം നല്കുന്ന പ്രഭാഷക
അതിമനോഹരമായ ശൈലിയില്‍ കവിതകളും കഥകളും ചേര്‍ത്ത് ലളിതമായ ഭാഷയില്‍ ആശയങ്ങള്‍ വിശദീകരിക്കാനുള്ള പ്രഭാഷണ പാടവം മിനി ആന്റണിക്കുണ്ട്. വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ അത് തെളിയിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത വായനയാണ് അതിന് അവര്‍ക്ക് സഹായകരമായത്. ജോലിത്തിരക്കുകള്‍ എത്ര ഉണ്ടെങ്കിലും പത്ത് പേജ് എങ്കിലും വായിക്കാതെ അവര്‍ ഉറങ്ങാന്‍ പോകാറില്ല. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും മിനി ആന്റണി ഐഎഎസ് പുലര്‍ത്തിയ നേതൃത്വത്തിന്റെ വിവിധ മാതൃകകള്‍ പഠനാര്‍ഹമായ കാര്യം തന്നെയാണ്. അതിന് അവരെ പ്രാപ്തമാക്കിയത് പരന്ന വായനയും വിശ്വാസ ജീവിതവും തന്നെയാണ്. സംഘടനാ പ്രവര്‍ത്തനം പിതാവിന് ആവേശമായിരുന്നെങ്കില്‍ വനിതകളെ സംഘടിപ്പിക്കുന്നതിലും മാതാവിന്റെ ഭക്തിയില്‍ അമ്മമാരെ ചേര്‍ത്തു നിര്‍ത്തുന്നതിലും അമ്മ ലൈസമ്മ ഏറെശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. വാടയ്ക്കല്‍ ഇടവകയിലെ ലീജിയണ്‍ ഓഫ് മേരിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ലൈസമ്മ.
ഇടവകയിലെ അമ്മമാരോടൊത്ത് വര്‍ഷത്തില്‍ ഒരു പ്രാവശ്യം നടത്തുന്ന തീര്‍ഥയാത്ര, ഒക്ടോബര്‍ മാസത്തില്‍ അമ്മമാര്‍ക്ക് സമ്മാനിക്കാനുള്ള ജപമാല ഇതൊക്കെ ഒരുക്കുന്നതില്‍ അമ്മയെ സഹായിക്കുന്നതില്‍ ഉയര്‍ന്ന പദവികളില്‍ ഇരിക്കുമ്പോഴും മിനി ആന്റണി മടി കാണിച്ചിട്ടില്ല.
ദുരന്തങ്ങളില്‍ സമാശ്വാസമായ നേതൃത്വം
അത്ര സുന്ദരങ്ങളായ അഥവാ ചുവന്ന പരവതാനി വിരിച്ച ഭരണത്തിന്റെ ഇടനാഴികളില്‍ കൂടിയായായിരുന്നില്ല മിനി ആന്റണി ഐഎസിന്റെ യാത്ര. കേരളത്തെ ദുഃഖത്തില്‍ ആഴ്ത്തിയ സുനാമി ദുരന്തം- മിനി ആന്റണി ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ഡിഒ ആയിരിക്കുന്ന സമയത്താണ്. ആകാശത്തോളം ഉയര്‍ന്ന തിരമാലകളില്‍ നിന്ന് തീര ജനതയെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനും അവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കുന്നതിലും അവര്‍ നേതൃത്വം കൊടുത്തു. 2018 ലെപ്രളയകാലത്തും കൊവിഡ് മഹാമാരി കാലത്തും ഓഖി ദുരന്തത്തിലും ഈ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ സേവനം കേരളത്തിന് തുണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന പി. തിലോത്തമന്റെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കേരളം മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റു വിതരണം സാധ്യമാക്കി. അഴിമതി തെല്ലുമാരോപിക്കാന് പറ്റാത്ത രീതിയില്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രശംസ അന്ന് പിടിച്ചുപറ്റി.
സിവില്‍ സപ്ലൈസ് രംഗത്തെ ഏറ്റവും താഴേക്കിടയിലുള്ള റേഷന്‍ കടകള്‍ അഴിമതി വിമുക്തമാക്കുന്നതിന് മിനി ആന്റണി വഹിച്ച പങ്ക് കേരളചരിത്രത്തില്‍ എന്നും ഉണ്ടാകും.
റേഷന്‍ കാര്‍ഡുടമകളെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയാണ് അത് സാധ്യമാക്കിയത്. റേഷന്‍ കാര്‍ഡില്‍ പേരുള്ളവരെ അവരുടെ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി ഭക്ഷ്യവിതരണം എളുപ്പത്തിലും ശാസ്ത്രീയമായ രീതിയിലുമാക്കി. അതുവഴി റേഷന്‍ വിതരണത്തില്‍ നടന്നിരുന്ന അപാകതകള്‍ ഇല്ലാതാക്കി. 210 കോടി രൂപയാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഈ ഇനത്തില്‍ സമ്പാദിച്ചത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തിന് കീഴില്‍ എറണാകുളത്ത് നടത്തിയ കൃതി പുസ്തകോത്സവം മറ്റൊരു വലിയ സംഭവമാണ്. ലോകനിലവാരത്തില്‍ അന്താരാഷ്ട്ര പുസ്തക പ്രസാധകരെ ഉള്‍പ്പെടുത്തി സാഹിത്യകാരന്മാരും സാംസ്കാരിക നായകരും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ഒരുക്കിയ 10 ദിവസത്തെ കൃതി പുസ്തകോത്സവം കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില്എന്നും തിളങ്ങുന്ന ഓര്‍മ്മയായി നിലനില്ക്കും
സൗഹൃദത്തിന്റെ കരുത്ത്
വ്യക്തിബന്ധങ്ങളിലെ ആഴമാര്‍ന്ന സുഹൃദത്തില്‍ ഉറപ്പിച്ച നേതൃത്വം മിനി ആന്റണിയുടെ പ്രത്യേകതയാണ്. മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയ്ക്കും പിണറായി വിജയനും ഒരുപോലെ പ്രിയങ്കരി ആയിരുന്നു മിനി ആന്റണി ഐഎഎസ്. ഏല്‍പ്പിച്ച ജോലികള്‍ കൃത്യനിഷ്ഠയോടെ കൂടി ചെയ്യുക മാത്രമല്ല സത്യസന്ധതയോടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അവയൊന്നും സൗഹൃദത്തിന് ഉലച്ചില്‍ ഉണ്ടാക്കിയിട്ടില്ല. കെഎം മാണി, കെ. സുധാകരന്, ടി.എം ജേക്കബ്, തോമസ് ഐസക് തുടങ്ങിയ എല്ല മന്ത്രിമാരും നല്കിയ സൗഹൃദം ഊഷ്മളമായി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഉദ്യോഗസ്ഥരോടും കീഴ്ജീവനക്കാരോടും സൗഹൃദത്തിന്റെ കുടക്കീഴില് സഞ്ചരിക്കാന്‍ കഴിഞ്ഞ സര്‍വീസ് ലോകപാതയാണ് മിനി ആന്റണി ഐഎഎസിനുള്ളത്. ഇവരുടെ കഴിവുകള്‍ കേരളം ഇനിയും പ്രയോജനപ്പെടുത്തട്ടെ..

സര്‍വ്വീസ് ലോകത്തെ നക്ഷത്രം
(ഇന്ത്യയിലെ ആദ്യ മീഡിയ യൂത്ത് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ (AYCOOPS) പ്രസിഡന്റ് മുഹമ്മദ് ഷാഫി.പി. മിനി ആന്റണിയെ ഇങ്ങനെ ഓര്‍ക്കുന്നു.)
ശ്രീമതി മിനി ആന്റണി ജനിച്ചതും വളര്‍ന്നതും ആലപ്പുഴയിലാണ്. ഭാഷാ അധ്യാപകനും പൊതുപ്രവര്‍ത്തകനുമായിരുന്ന ഷെവലിയര്‍ വി.സി ആന്റണിയുടെയും ലൈസാമ്മയുടെയും മൂന്നു മക്കളില്‍ ഒരാളാണ്. പുരാതന കത്തോലിക്ക വിശ്വാസിയാണ്. ആലപ്പുഴ സെന്റ് മേരീസ് സ്കൂളില്‍ എസ്എസ്എല്‍സി പഠനം. ലിറ്ററേച്ചര്‍, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കാനായിരുന്നു താത്പര്യം. പിതാവിന്റെ താത്പര്യത്തിന് പ്രിഡിഗ്രിക്ക് വലിയ താത്പര്യമില്ലാത്ത ഫസ്റ്റ് ഗ്രൂപ്പ് പഠിച്ചു. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലായിരുന്നു പ്രീഡിഗ്രി. ആലപ്പുഴ സെന്റ് ജോസഫ് വിമന്‍സ് കോളജില്‍ നിന്നും ലിറ്ററേച്ചറില്‍ ബിരുദം നേടി. ചങ്ങനാശേരി സെന്റ് ബര്‍ക്കുമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കോട്ടയം മൗണ്ട് കാര്‍മ്മല്‍ ട്രെയിനിംഗ് കോളജില്‍ നിന്നും ബിഎഡും നേടി. എസ്എസ്എല്‍സിക്കും ഡിഗ്രിക്കും ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു. ആലപ്പുഴ ജില്ലാ യുവജനോത്സവത്തില്‍ പ്രസംഗത്തിന് മൂന്നു വര്‍ഷം തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടി.
സ്കൂള്‍, കോളജ് തലങ്ങളില്‍ നിരവധി പ്രഭാഷണ മത്സരങ്ങളില്‍ വിജയിയായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് വിമന്‍സ് കോളജിലും കോട്ടയം മൗണ്ട് കാര്‍മ്മല്‍ ട്രെയിനിംഗ് കോളജിലും യൂണിയന് ചെയര്‍പേഴ്സണായിരുന്നു.
ഒരു ചെറിയ കാലയളവിലെ യൂണിവേഴ്സിറ്റി ജോലിക്ക് ശേഷം 1993-ലെ സിവില്‍ സര്‍വീസ് (എക്സിക്യുട്ടീവ്) പരീക്ഷയിലൂടെ സര്‍ക്കാര്‍ സര്‍വ്വീസിലെത്തി. എറണാകുളം ജില്ലയിലായിരുന്നു ആദ്യ പരിശീലനം. മിനി ആന്റണി ആദ്യം ആലപ്പുഴ ആര്‍ഡിഒ ആയി .അതേ സമയം രാഷ്ട്രീയ സാഹചര്യം മൂലം അതേ പദവിയില്‍ മലപ്പുറത്തും സേവനമനുഷ്ഠിച്ചു. മലപ്പുറത്തേക്കുള്ള മാറ്റം വലിയ ഗുണമായി. വിവിധ സമുദായങ്ങളുടെ സംസ്കാരത്തെ അടുത്ത് പഠിക്കാന്‍ കഴിഞ്ഞു. നാലു വര്‍ഷം ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയും സബ് കളക്ടറായും(അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്; എഡിഎം)ജോലി ചെയ്തു.
2002 ല്‍ ഐഎഎസ് ഓഫീസറായി. രണ്ടര വര്‍ഷം കൊച്ചി നഗരസഭ കമ്മീഷണറായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്റെ (ജെഎന്‍എന്‍യുആര്‍എം)പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം ജില്ലയില്‍ ആലപ്പുഴയില്‍ – കളക്ടറായി ചുമതലയേറ്റു. 2008-2009 ല്‍ ആലപ്പുഴ ജില്ലാകളക്ടറും 2009 മുതല്‍ 2013 വരെ കോട്ടയം ജില്ലാ കളക്ടറുമായിരുന്നു. തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ മികച്ച ജില്ലയ്ക്കും കളക്ടര്ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടി.
ദൈവവിശ്വസിയായ മിനി ആന്റണി കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തിയിരുന്നു. അതിന് അവര്‍ പ്രത്യേകം സ്ട്രാറ്റജി തന്നെ രൂപപ്പെടുത്തിയിരുന്നു. മെക്കാനിക്കല്‍ എന്‍ജീനിയറായ എഡ്വേര്‍ഡ് ജോര്‍ജാണ് ഭര്‍ത്താവ്. വീട്ടുകാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കി അനുസരണയുള്ള കുടുംബസ്ഥയാണ്. വലിയ പാചകക്കാരിയല്ലെങ്കിലും ജീവിക്കാന്‍ വേണ്ടിയുള്ള എല്ലാ പാചകങ്ങളും അറിയാവുന്ന ഐഎഎസുകാരി.
ഫിഷറീസ്, പബ്ലിക് റിലേഷന്‍സ്, ലോട്ടറി, സാമൂഹ്യനീതി വകുപ്പുകളുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. കാരുണ്യ പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായിരുന്നു. ഭക്ഷ്യം, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, കയര്‍ തൊഴില്‍, ലീഗല്‍ മെട്രോളജി, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു. ഭക്ഷ്യഭദ്രതാ പദ്ധതി നടപ്പാക്കുന്നതിനും പൊതുവിതരണ സമ്പ്രദായം പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും മുന്നില്‍ നിന്നും നയിച്ചു. പ്രളയത്തിനും കൊവിഡ് കാലത്തും ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനും പങ്കുവഹിച്ചു.
2018 ഓഗസ്റ്റ് മുതല്‍ സഹകരണ വകുപ്പ് സെക്രട്ടറി. കേരള ബാങ്കിന്റെ രൂപീകരണ ശ്രമങ്ങള്‍ക്ക് ശേഷം 2019 നവംബര്‍ 19 മുതല്‍ 2020 നവംബര്‍ വരെ ഇന്ററിം ബോര്‍ഡിന്റെ ചെയര്‍പേഴ്സണായിരുന്നു. സഹകരണത്തിന് പുറമേ സാംസ്കാരിക കാര്യം, പബ്ലിക് റിലേഷന്‍സ,് ന്യൂനപക്ഷക്ഷേമം, മ്യൂസിയം ആര്‍ക്കിയോളജി ആര്‍ക്കൈവ്സ് വകുപ്പുകളുടെയും സെക്രട്ടറിയായിരുന്നു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി ആയിരുന്ന കാലത്ത് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി പട്ടികയിലുണ്ടായിരുന്നു.
കഴിഞ്ഞ ആറു വര്‍ഷം കേരളത്തിലെ സഹകരണമേഖലയുടെ നവീകരണത്തിനായി പ്രയത്നിച്ച വ്യക്തിത്വം. കേരളാ ബാങ്ക് സഹകരണ നിയമ പരിഷ്കരണം, യുവസംഘങ്ങളുടെ രൂപീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കേരളത്തില്‍ മാറി വരുന്ന എല്ലാ സര്‍ക്കാരുകള്‍ക്കും ഒരു പോലെ പ്രിയപ്പെട്ട വ്യക്തിത്വം. സര്‍ക്കാര്‍ നയങ്ങള്‍ക്ക് മേല്‍ പറക്കാന്‍ ആഗ്രഹിക്കാത്ത നയരൂപീകരണത്തിനൊപ്പം നിന്ന ഐഎഎസ് ഉദ്യോഗസ്ഥ. വാര്‍ത്തകളില്‍ പോലും അധികം ഇടം പിടിച്ചിട്ടില്ല.
‘Co-operative journey through Kerala’ എന്ന ഡോക്യുമെന്ററി നിര്‍മ്മാണം, യുവ സഹകരണ സംഘങ്ങളുടെ ഫിനാന്‍സ് ഫയല്‍ നീങ്ങാനുള്ള തടസം നീക്കല്‍, സഹകരണ എക്സ്പോ, കെഎസ് ഡബ്ല്യുഡിഎഫിന്റെ എറണാകുളത്ത് നടന്ന പരിപാടി തുടങ്ങിയവയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

മിനി ആന്റണിയുടെ അനുഭവ മൊഴികള്‍
ഞാന്‍ ശരിയാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തോന്നിപ്പിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. തെറ്റായ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. പഠനം കഴിഞ്ഞ് കരിയര്‍ എങ്ങനെയെന്ന് എല്ലാവര്ക്കും ഉള്ളത് പോലെയുള്ള ആശങ്ക ഉണ്ടായിരുന്നു. എല്ലാ വേദനിപ്പിക്കലിന്റെ പിന്നിലും ഈശ്വരന് ഒരു ലക്ഷ്യമുണ്ടാകും.
എന്റെ ജോലി നിര്‍ബന്ധിക്കുന്ന അളവ് കഴിഞ്ഞാല്‍ കുടുംബത്തിലേക്ക് തിരിച്ച് വരുന്ന ആളാണ് ഞാന്‍.
കളക്ടര്‍ ജോലി തരുന്ന ഫീല്‍ഡ് ലെവല്‍ അനുഭവങ്ങള്‍ മറ്റൊരു ജോലിക്കുമില്ല.
നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കുമൊപ്പം സഹകരിച്ചാണ് ജോലി ചെയ്ത് പോന്നിരുന്നത്. അവരുടെ എല്ലാം താത്പര്യങ്ങളും ഓഫീസര്‍ എന്ന നിലയ്ക്ക് നമുക്ക് നടത്തി കൊടുക്കാന്‍ കഴിയില്ല. പക്ഷേ,അവരെ കൂടി ഉള്‍ക്കൊള്ളാന്‍ നമ്മള് തയ്യാറാവണം. തെറ്റായ തീരുമാനങ്ങള്‍ എടുക്ക് എന്ന് പറഞ്ഞ് ആരും നിര്‍ബന്ധിച്ചിട്ടില്ല. ഹിപ്പോക്രസി പാടില്ല. ജനങ്ങളെ വഞ്ചിക്കരുത്. ഹോണസ്റ്റ് ഈസ്ദ ബെസ്റ്റ് പോളിസി നമുക്ക് ഒരു തീരുമാനം എടുക്കുവാനേ കഴിയുള്ളൂ. നിയമപരമായ ഒരു ശരി അതിലുണ്ടാകും. അതിന് ശേഷം വരുന്ന പരിണിത ഫലങ്ങള്‍ അന്തസ്സോടെ നേരിടുക.

