കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലാണ് പ്രതിഷേധം . കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന് ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് സമരക്കാരുടെ ആവശ്യം.
കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.
കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആറ് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കരിപ്പൂരിൽ രാവിലെ എട്ടു മണി മുതൽ പുറപ്പെടേണ്ട ആറ് വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
അതേസമയം ,എയര്‍ ഇന്ത്യ ജീവനക്കാര്‍ നടത്തിയ അപ്രതീക്ഷിത സമരത്തില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് താത്ക്കാലികാശ്വാസം. റീ ഷെഡ്യൂള്‍ അല്ലെങ്കില്‍ റീ ഫണ്ട് എന്ന ഉറപ്പുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയതാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തി. യാത്ര പുന:ക്രമീകരിക്കേണ്ടവര്‍ക്ക് അത് ചെയ്തുനല്‍കിയെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. 10, 11, 12 തീയതികളിലേക്കാണ് യാത്ര പുന:ക്രമീകരിച്ച് നല്‍കിയത്. റീഫണ്ട് വേണ്ടവര്‍ക്ക് അത് നല്‍കിയെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.
നെടുമ്പാശേരിയില്‍ യാത്രക്കാര്‍ക്ക് നാളത്തേക്ക് ടിക്കറ്റ് റീ ഷെഡ്യൂള്‍ ചെയ്തു നല്കി. ജീവനക്കാരുടെ സമരം അവസാനിപ്പിച്ചാല്‍ റീ ഷെഡ്യൂള്‍ ചെയ്ത ടിക്കറ്റില്‍ നാളെ യാത്ര ചെയ്യാം.