പൂഞ്ച് : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം വ്യോമസേന വാഹനത്തിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ഇന്ന് പുലര്‍ച്ചെ പ്രദേശത്ത് സുരക്ഷ സേന തെരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടിരുന്നു. ഭീകരര്‍ക്കായാണ് ഇന്ന് രാവിലെ പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ കൂടുതല്‍ സംഘങ്ങള്‍ പൂഞ്ചിലെ ജാരാ വാലി ഗലിയില്‍ എത്തിയിരുന്നു. സനയ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റവരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തെ തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ് പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. സൈന്യത്തിന്റെയും പ്രാദേശിക പൊലീസിന്റെയും സഹായത്തോടെ ആയിരുന്നു തെരച്ചില്‍.
വ്യോമസേന ഉദ്യോഗസ്ഥന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പൂഞ്ചില്‍ വ്യോമസേന വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അത്യധികമായ വേദന ഉളവാക്കുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരതയ്ക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

