വൈപ്പിൻ: വൈപ്പിൻകരയുടെ സമഗ്ര വികസനത്തിനാവശ്യമായ കർമപദ്ധതികൾ വേഗത്തിലാക്കുമെന്ന് ടോണി ചമ്മണി എംഎൽഎ. ദീർഘകാലമായി വൈപ്പിൻകര നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി ആവിഷ്കരിക്കുന്ന പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെഎൽസിഎ വൈപ്പിൻ മേഖലാ സമിതിയുടെ നേതൃത്വത്തിൽ കുരിശിങ്കൽ ക്രൂസ് മിലാഗ്രിസ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈപ്പിൻ തീരദേശ ഹൈവേ നിർമാണം ത്വരിതപ്പെടുത്തുമെന്നും കായൽതീര റോഡിന്റെ ആവശ്യകത ഗൗരവമായി പരിഗണിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.ജിഡ കൗൺസിൽ ഉടൻ പുനഃസംഘടിപ്പിക്കുകയും ജിഡ ഫണ്ട് ദ്വീപ് മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യും. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കുന്നതിനായി ജനപ്രതിനിധി എന്ന നിലയിൽ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.വൈപ്പിൻ മേഖലാ പ്രസിഡന്റ് ബെന്നറ്റ് സേവ്യർ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് റോയ് ഡി കൂഞ്ഞ മുഖ്യപ്രഭാഷണം നടത്തി.
ടോണി ചമ്മണി എംഎൽഎയെ കുരിശിങ്കൽ പള്ളി സഹവികാരി ഫാ. സിബിൻ ജോസി നെല്ലിശ്ശേരി ആദരിച്ചു. കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സ് താളൂപാടത്തും അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ക്ലാസുകൾ നയിച്ചു.അതിരൂപത സെക്രട്ടറി റോസ് മാർട്ടിൻ, മേഖലാ സെക്രട്ടറി ഡെക്ലിൻ റോഡ്രിക്സ്, മേഖലാ ട്രഷറർ വർഗീസ് പി.പി., ജെസ്റ്റിൻ മാളിയേക്കൽ, തോമസ് കളത്തിവീട്ടിൽ, ഫിലോമിന ലിങ്കൺ, ഹൈസിന്ത് റിബേര, മാത്യു എക്സൽ, ജെയിംസ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. വൈപ്പിൻ മേഖലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു.

