ന്യൂഡൽഹി • പൊതുതിരടുപ്പു ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ “വോട്ടുകൊള്ള’ നടത്തിയെന്ന ആരോപണത്തിന് തെളിവും കണക്കും പുറത്തുവിട്ട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരേ വോട്ടർമാരെ പല ബൂത്തുകളിലെത്തിച്ചും കള്ള മേൽവിലാസം ഉപയോഗിച്ചും കന്നി വോട്ടർമാരെ ചേർക്കുന്ന നടപടിയിൽ ക്രമക്കേടു നടത്തിയുമാണ് അട്ടിമറിയെന്നാണ് ആരോപണം. “വോട്ടുകൊള്ളയിലൂടെ’ 33,000 വോട്ടു കൾക്ക് താഴെ ഭൂരിപക്ഷത്തിനു ബിജെപി വിജയിച്ച 25 മണ്ഡലങ്ങളുണ്ടെന്നും ഇതില്ലായിരുന്നെങ്കിൽ മോദിക്കു ഭരണം നഷ്ടപ്പെടുമായിരുന്നുവെന്നും രാഹുൽപറഞ്ഞു.
കഴിഞ്ഞ ലോക്സഭ തിര ഞെഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയ പ്രതീക്ഷ പുലർത്തിയ ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ കണക്കുകൾ ഉദാഹരണമാക്കിയായിരുന്നു രാഹുലിന്റെ ആരോപണം. എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള ഇവിടെ ഏഴിടത്തുമായി കോൺഗസിന് 82,000 വോട്ടാണ് ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ മഹാദേവപുര എന്ന മണ്ഡലത്തിൽ മാത്രമായി ബിജെപിക്കു 1.14ലക്ഷം ഭൂരിപക്ഷം ലഭിച്ചു. തുടർന്നാണ് “ഓപ്പറേഷൻ മഹാദേവപുര എന്ന പേരിൽ കോൺഗ്രസ് അന്വേഷണം ആരംഭിച്ചത്.
30 അംഗ സംഘത്തെ നിയോഗിച്ചു തിരഞ്ഞെടുപ്പു കമ്മിഷന്റെ തന്നെ രേഖകളിലും മണ്ഡലത്തിൽ നേരിട്ടും 6 മാസത്തോളം നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്ന് രാഹുൽ അവകാശപ്പെട്ടു. മഹാരാഷ്ട്രയിലും ഹരിയാനയിലും പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമാന പ്രതിസന്ധിയുണ്ടായെന്നു വ്യക്തമാക്കിയാണ് രാഹുൽ ഗാന്ധി ഇന്നലെ ആരോപണമുനയിച്ചത്.

