പുസ്തകം / ബി എസ്
ഇത് യാത്രകളെപറ്റിയുള്ള പുസ്തകമാണോ എന്ന് ചോദിച്ചാല്‍ അതെ എന്നാണ് ഉത്തരം. എന്നാല്‍ വായിച്ച പുസ്തകങ്ങളിലൂടെയുള്ള യാത്രകളാണോ എന്നാണെങ്കില്‍ ആ വിശേഷണവും ഈ പുസ്തകത്തിനു യോജിക്കും. മറ്റൊന്ന് പ്രതിഭാശാലികളായ മനുഷ്യരുടെ ജീവിതത്തിലൂടെയുള്ള യാത്രകളും ഈ പുസ്തകത്തിലുണ്ട്. അതായത് സഞ്ചാര സാഹിത്യവും പുസ്തക നിരൂപണവും ആത്മകഥനങ്ങളും അഭിമുഖങ്ങളും ഒക്കെ കോര്‍ത്തിണക്കിയ ഒരു ഗ്രന്ഥരചനയാണ് ശ്രീകാന്ത് കോട്ടക്കലിന്റെ ‘അത്രമേല്‍ അപൂര്‍ണ്ണം’ എന്ന ഈ പുസ്തകം. പൂര്‍ണ്ണത തേടിയുള്ള ഒരു യാത്രയാണിത്.
സല്മാന് റുഷ്ദിയുടെ ‘ദി നൈഫ്’ എന്ന പുസ്തകത്തിന്റെ വായനാക്കുറിപ്പ് ആ പുസ്തകം വായിപ്പിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. 2022 ഓഗസ്റ്റ് 12 സല്മാന് റുഷ്ദിയുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവമുണ്ടായി. ലോകത്തെ മാധ്യമങ്ങള്‍ അത് ഏറെ പ്രധാന്യത്തോടെ റിപ്പോട്ടുചെയ്തു. അന്നാണ് പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റിയൂഷന്റെ ഓഡിറ്റോറിയത്തില്‍ റുഷ്ദി പ്രഭാഷണത്തിനായി എത്തിയത്. എഴുത്തുകാര്‍ നേരിടുന്ന ഭീഷണി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹത്തിന് സംസാരിക്കേണ്ടിയിരുന്നത്. ആ പ്രഭാഷണം നടത്താന്‍ അദ്ദേഹം പോഡിയത്തിനരികിലേക്ക് നടന്നടുക്കുമ്പോഴാണ് ഹാദി മേത്തര്‍ എന്ന ഒരു ചെറുപ്പക്കാരന് സദസ്സില്‍ നിന്ന് പാഞ്ഞടുത്ത് റുഷ്ദിയെ കത്തികൊണ്ട് തലങ്ങും വിലങ്ങും കുത്തിയത്.
ആന്തരികാവയവങ്ങള്‍ വരെ പുറത്തേക്കു വന്ന് ചോരയില്‍ കുളിച്ച റുഷ്ദി നീണ്ട നാള് ആശുപത്രിയില്‍ കിടന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപെട്ടിരുന്നു. വലതുകണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ റുഷ്ദി ആകെ തകര്‍ന്നു പോയി. ഈ യഥാര്‍ഥ്യവുമായി പെരുത്തപ്പെടാന്‍ അദ്ദേഹത്തിന് ദിവസങ്ങള്‍ വേണ്ടി വന്നു. തനിക്കിനി എഴുതാനാവുമോ എന്നോര്‍ത്ത് അദ്ദേഹം സങ്കടപ്പെട്ടു. ആ കിടപ്പില്‍ അദ്ദേഹം മനസ്സില്‍ ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചിരുന്നു. തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചായിരിക്കും അടുത്ത പുസ്തകം. അദ്ദേഹം പറയുന്നു.’ ഭാഷയാണ് എന്റെ കത്തി. അപ്രതീക്ഷിതമായി ഞാനൊരു കത്തിക്കുത്തില്‍ അകപ്പെട്ടു. എനിക്ക് പ്രതിരോധിക്കാനുള്ള ആയുധം ഭാഷയുടെ കത്തിയാണ്. എന്റെ ലോകത്തെ ഞാന്‍ പുനര്‍നിര്‍മ്മിക്കുന്നതും തിരിച്ചുപിടിക്കുന്നതും അതുപയോഗിച്ചാണ്…’
അങ്ങനെയാണ് ‘ദി നൈഫ്’ എന്ന കൃതി പുറത്തുവരുന്നത്. അസാധാരണമായ ഇച്ഛാശക്തി കൊണ്ട് റുഷ്ദി നമ്മെ അതിശയിപ്പിക്കുന്നു.
ഇനി ശ്രീകാന്ത് കോട്ടക്കലിന്റെ വാക്കുകള്‍ കടമെടുക്കട്ടെ, ”ഇനി സര് അഹമ്മദ് സല്മാന് റുഷ്ദി ഒറ്റക്കണ്ണുകൊണ്ട് ലോകത്തെ നോക്കി മന്ദഹസിക്കും. അതിജീവനത്തിന്റെ അര്‍ത്ഥഗര്‍ഭമായ ആ മന്ദഹാസത്തില്‍ അസഹിഷ്ണതയുടെ ഒരുപാട് മിനാരങ്ങള്‍ എരിഞ്ഞു വീഴും…,.’
‘ദി നൈഫ്’ എന്ന പുസ്തകം വായിക്കാനുള്ള അസാധാരണ േ്രപരണയാവുന്നുണ്ട് ശ്രീകാന്തിന്റെ ഈ കുറിപ്പ്.
പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരിയെക്കുറിച്ച് ഒരു കുറിപ്പുണ്ട് ഈ പുസ്തകത്തില്‍. 2017 ജൂണ്‍ 18 ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ അരുണ്‍ ഷൂരിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി ശ്രീകാന്ത് കോട്ടക്കല്‍ ഒരു ഫീച്ചര്‍ എഴുതിയിരുന്നു. ‘ആദിത്യന്റെ അച്ഛന്’.
അത് കണ്ട് അരുണ്‍ ഷൂരി ശ്രീകാന്തിനെ വിളിച്ചിരുന്നു.
പിന്നീട് നേരിട്ടു കാണുകയും ചെയ്തു. ആദിത്യ, അരുണ്‍ ഷൂരിയുടെ മകനാണ്. നാല്പത്തി അഞ്ച് വയസ് കഴിഞ്ഞ അയാള്‍ക്ക് സംസാരിക്കാനോ സ്വയം എഴുന്നേറ്റു നടക്കാനോ സാധിക്കില്ല. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ജനനസമയത്ത് കുഞ്ഞിന് പൂര്‍ണ്ണ വളര്‍ച്ച എത്തിയിരുന്നില്ല. തൂക്കവും കുറവായിരുന്നു. ഒടുവില്‍ ആദിത്യയ്ക്ക് സെറിബ്രല്‍ പാള്‍സിയാണ് എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതിനിടയിലാണ് ഭാര്യ അനിത വാഹനാപകടത്തില്‍പ്പെടുന്നത്. മരണത്തെ തരണം ചെയ്തെങ്കിലും കടുത്ത പാര്‍ക്കിന്‍സണ്‍സ് അവരെ ബാധിച്ചു. അവരും വീല്‍ ചെയറിലായി. ഭാര്യയും മകനും വീല്‍ ചെയറില്‍. അവരോടൊപ്പമാണ് അരുണ്‍ ഷൂരി ജീവിക്കുന്നത്.
പരിചാരകര്‍ പോയി കഴിഞ്ഞാല്‍ രാത്രി മുഴുവന്‍ ഭാര്യയേയും മകനെയും പരിചരിക്കേണ്ടത് അദ്ദേഹമാണ്. അതിനിടയിലാണ് അദ്ദേഹത്തിന്റെ സാഹസീകമായ പത്രപ്രവര്‍ത്തനവും രാഷ്ട്രീയ നേതൃത്വത്തിനെതിരായുള്ള എഴുത്തുകളും. അദ്ദേഹം അതുകൊണ്ടായിരിക്കും പ്രിപ്പയറിങ് ഫോര്‍ ഡെത്ത് എന്ന ഒരു പുസ്തകം എഴുതിയത്. മരണത്തിനുള്ള തയാറെടുപ്പ് . കൗതുകം ജനിപ്പിക്കുന്ന ശീര്‍ഷകം.
പ്രസിദ്ധ തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ ആത്മകഥയായ ‘ടോക്കിങ് ലൈഫ്’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ ജീവിതം വായിച്ചെടുക്കാനുള്ള ഒരു ശ്രമവും ഈ പുസ്തകത്തിലുണ്ട്. എല്ലാം മറകളില്ലാതെ പറയുന്നു എന്നതുതന്നെയാണ് ഈ ആത്മകഥയെ വേറിട്ടതാക്കുന്നതെന്ന് ശ്രീകാന്ത് പറയുന്നു.
തന്റെ മദ്യപാനത്തെയും ഹണി ഇറാനിയുമായുള്ള വിവാഹമോചനത്തെപറ്റിയും കുറ്റബോധത്തോടെ ഈ കൃതിയില്‍ വെളിപ്പെടുത്തുന്നുണ്ടത്രെ!
എംടി വാസുദേവന്‍ നായര്‍ ജനിച്ചു വളര്‍ന്ന കൂടല്ലൂരിലേക്ക് നടത്തിയ യാത്രയെപറ്റിയും ശ്രീകാന്ത് എഴുതുന്നുണ്ട്.
മുഹമ്മദ് അബ്ബാസിന്റെ ‘ വിശപ്പ്, പ്രണയം, ഉന്മാദം എന്ന പുസ്തകത്തിന്റെ വായനാനുഭവവും മറ്റൊരു കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.
എന്നെ ഏറ്റവും ആകര്‍ഷിച്ച കുറിപ്പ് മറ്റൊന്നാണ്.
‘എന്റെയാണീ പുസ്തകങ്ങള്‍, എന്നാല്‍ എന്റെയല്ലെന്റെയല്ലീ ക്കൊമ്പനാനകള്‍ ‘ എന്നൊരു കുറിപ്പുണ്ട്. ജീവന്റെ നേരായി പുസ്തകങ്ങളെ കൊണ്ടു നടന്ന മനുഷ്യരെപറ്റിയാണീ കുറിപ്പ്. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ഒരു ഉദ്ധരണിയുണ്ട്.
‘ജീവിതത്തില്‍ മറ്റെന്തൊക്കെ ചെലവുകള്‍ നിയന്ത്രിച്ചാലും പുസ്തകം വാങ്ങുന്നതു നിയന്ത്രിക്കാനാവില്ല…’
തനിച്ചാവുന്ന മനുഷ്യന് കൂട്ടാവുന്ന രണ്ടു കാര്യങ്ങളുണ്ട്. പക്ഷിമൃഗാദികള്‍ അടങ്ങുന്ന പ്രകൃതിയും ചുറ്റിലുമുള്ള പുസ്തകങ്ങളുമാണ്. വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയിലും ഏറ്റവും നല്ല സുഹൃത്ത് പ്രിയപ്പെട്ട പുസ്തകങ്ങളായിരിക്കും. ജനലിനപ്പുറം തളിര്ത്തുനില്ക്കുന്ന ഒരു മരമുണ്ടെങ്കില്‍ , വായിക്കാതൊരു പുസ്തകമുണ്ടെങ്കില്‍ മഹാപ്രപഞ്ചത്തില്‍ തനിച്ചാണെന്ന തോന്നല്‍ തനിക്കൊരിക്കലുമുണ്ടാവാറില്ലെന്നും ശ്രീകാന്ത് പറയുന്നു. എല്ലാം നഷ്ടപ്പെട്ടാലും എനിക്കെന്റെ പുസ്തകങ്ങളുണ്ടെന്ന് എംടി പറഞ്ഞത് പുസ്തകാഭിനിവേശത്തിന്റെയും അമ്പരപ്പിച്ച വായനാനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ തന്നെയാണ്.
ശ്രീകാന്ത് എഴുതുന്നു, ‘എവിടെയൊക്കെയോ ചില പുസ്തകങ്ങള്‍ ഓരോ വായനക്കാരനെയും കാത്തിരിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏതു നഗരത്തില്‍ പോയാലും അവിടത്തെ പുസ്തകശാലകളിലും വഴിയോര പുസ്തകക്കടകളിലും കയറുക എന്ന ശീലം എനിക്കുണ്ട്. എല്ലായിടത്തും എപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക പുസ്തകം കാത്തിരിപ്പുണ്ടാവും. കോഴിക്കോട്ടെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടകളില്‍ ഈയടുത്തകാലം വരെ വന്നിരുന്ന എംടി യോട് ഒരിക്കല്‍ ചോദിച്ചു. ‘ഇത്രയും വായിച്ചിട്ടും എന്താണ് അങ്ങ് ഇപ്പോഴും ഈ വഴിയോര പുസ്തക്കടകളില് തേടുന്നത്.?’ അപ്പോള്‍ നിഷ്കളങ്കമായി അദ്ദേഹം പറഞ്ഞു. ‘അതെനിക്കൊരു സുഖമാണ്. ഏതെങ്കിലും ഒരു പുസ്തകം എന്നെത്തേടി അവിടെയുണ്ടാവും..’
നല്ല ഒരു വായനാനുഭവം തന്നെയായിരുന്നു ഈ പുസ്തകം.

