ബിഹാറിൽ പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും
ന്യൂഡൽഹി : സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ബിഹാറിൽ പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചു. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തത്കാലം എത്രയും വേഗം ഉദ്യോഗസ്ഥർക്ക് അപേക്ഷ പൂരിപ്പിച്ച് നൽകാനാണ് നിർദേശം. അതിനിടെ വോട്ടർപട്ടിക പരിഷ്കരണം ദേശീയ പൗരത്വ രജിസ്റ്ററിന് തുല്യമാണെന്ന് ആരോപിച്ച് കൂടുതൽ ഹർജികൾ സുപ്രീംകോടതിയിലെത്തുകയാണ് .
ബിഹാറിൽ 2003ന് ശേഷം വോട്ടർ പട്ടികയിൽ ഇടംപിടിച്ചവർ പൗരത്വം തെളിയിക്കാനുളള തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ച 11 രേഖകളിൽ ഏതെങ്കിലും ഹാജരാക്കണം എന്നായിരുന്നു നിർദേശം. ഈ 11 രേഖകളിൽ ആധാറോ ഐഡന്ററി കാർഡോ റേഷൻ കാർഡോ ഉൾപ്പെടുന്നില്ല . പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ബിഹാറിൽ വാൻ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇളവ് നിർദേശിച്ച് പത്രപ്പരസ്യം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴങ്ങിയത്.
മതിയായ രേഖകൾ ഇല്ലാത്തവരുടെ കാര്യത്തിൽ ഇലക്ട്രൽ രജിസ്ട്രാർ ഓഫീസർ പ്രാദേശികതലത്തിൽ വിശദമായി അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അറിയിച്ചു. ഈ മാസം 26നാണ് രേഖകൾ ഉൾപ്പെടെ അപേക്ഷ സമർപ്പിക്കാനുളള അവസാന തിയതി.

