ജെക്കോബി
ലോകത്തിലെ പരമശക്തനായ ഭരണാധികാരിയുടെ സ്ഥാനാരോഹണ മഹോത്സവത്തിനിടെ, സുവിശേഷത്തിന്റെ ഹൃദയത്തില്‍ നിന്ന് പ്രവാചക ധീരതയോടെ, എന്നാല്‍ തീയും ഗന്ധകവുമില്ലാതെ സൗമ്യമായി, ആര്‍ദ്രതയോടെയും ആര്‍ജവത്തോടെയും അധികാരത്തോട് സത്യം തുറന്നുപറയുന്നതെങ്ങനെയെന്ന് വാഷിങ്ടണിലെ എപ്പിസ്കോപ്പല്‍ സഭയുടെ മേരിആന്‍ എഡ്ഗര്‍ ബഡി എന്ന വനിതാ മെത്രാന് കാണിച്ചുതന്നത് സമഗ്രാധിപത്യ ശക്തികള്‍ക്കെതിരെ പോരാടുന്ന മനുഷ്യസ്നേഹികളെയെല്ലാം ആവേശഭരിതരാക്കുന്ന അനുപമ മാതൃകയാണ്. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും നാമധേയത്തിലുള്ള വാഷിങ്ടണിലെ നാഷണല്‍ കത്തീഡ്രലില്‍, പുതിയ യുഎസ് പ്രസിഡന്റിന്റെ വാഴ് വിനായി ദേശീയ പ്രാര്‍ഥനാ ശുശ്രൂഷ നയിച്ച ബിഷപ് മേരിആന്‍, ‘രാജ്യത്ത് പേടിച്ചരണ്ടുകഴിയുന്ന മനുഷ്യരോട് കരുണ കാണിക്കണമെന്ന് ദൈവനാമത്തില്‍’ പ്രസിഡന്റ് ട്രംപിനോട് യാചിച്ചത് അദ്ദേഹത്തെ എത്രത്തോളം പ്രകോപിപ്പിച്ചു എന്നതുതന്നെ ആ ക്രൈസ്തവ സന്ദേശത്തിന്റെ തീക്ഷ്ണത വെളിവാക്കുന്നു.
നിയമപരമായ രേഖകളില്ലാത്ത ലക്ഷകണക്കിനു കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനും രാജ്യത്ത് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തലാക്കാനും, അമേരിക്കയില്‍ ജനിക്കുന്ന ആര്‍ക്കും – പൗരന്മാരല്ലാത്തവരുടെ മക്കള്‍ക്കും – സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന ഭരണഘടനാ അവകാശം റദ്ദാക്കാനുമുള്ള ട്രംപിന്റെ എക്സിക്യുട്ടീവ് ഉത്തരവുകളും, രാജ്യത്ത് ആണും പെണ്ണുമല്ലാതെ മറ്റൊരു ജെന്ഡറുമില്ലെന്ന നയപ്രഖ്യാപനവും സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധിയുടെയും ദുരന്ത പ്രത്യാഘാതങ്ങളുടെയും ആഴത്തെക്കുറിച്ചുള്ള വേവലാതിയാണ് ബിഷപ് മേരിആന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.
വചനസന്ദേശത്തിനൊടുവിലായി, ഏതാണ്ട് രണ്ടു മിനിറ്റ് നീണ്ട ‘അപേക്ഷ’ കത്തീഡ്രലില്‍ മുന്‍നിരയിലുണ്ടായിരുന്ന പ്രസിഡന്റ് ട്രംപിനെയും പ്രഥമ വനിത മെലാനിയയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും അദ്ദേഹത്തിന്റെ ഭാര്യ ഉഷാ വാന്‍സിനെയും മാത്രമല്ല, അമേരിക്കയുടെ മഹത്വം വീണ്ടെടുക്കാനായുള്ള ട്രംപിന്റെ ദൈവികനിയോഗത്തില്‍ വിശ്വസിക്കുന്ന ‘മാഗാ’ മുന്നേറ്റക്കാരെയും ഏറെ അസ്വസ്ഥരാക്കി.
”അവസാനമായി, മിസ്റ്റര്‍ പ്രസിഡന്റ്, ദശലക്ഷകണക്കിന് ജനങ്ങള്‍ അങ്ങില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. അങ്ങ് കഴിഞ്ഞ ദിവസം രാഷ് ട്രത്തോടു പറഞ്ഞതുപോലെ, സ്നേഹവാനായ ദൈവത്തിന്റെ കരുതലിന്റെ അദ്ഭുതസ്പര്ശം അനുഭവിച്ചവനാണ് അങ്ങ്. നമ്മുടെ ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഇന്ന് നമ്മുടെ രാജ്യത്ത് ഭയന്നുകഴിയുന്ന ജനങ്ങളുടെമേല്‍ കരുണ കാണിക്കണം. സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളും ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍, സ്വതന്ത്ര പാര്ട്ടിക്കാരായവരുടെയെല്ലാം കുടുംബങ്ങളിലുണ്ട്. പലരും ജീവനു ഭീഷണി നേരിടുന്നവരാണ്,” ബിഷപ് മേരിആന്‍ ട്രംപിന്റെ മുഖത്തു നോക്കി പറഞ്ഞു. ”നമ്മുടെ വിളകള്‍ കൊയ്തെടുക്കുന്നവര്‍, നമ്മുടെ കോഴിഫാമുകളിലും മാംസം പാക്കുചെയ്യുന്ന പ്ലാന്റുകളിലും പണിയെടുക്കുന്നവര്‍, നമ്മുടെ ഓഫിസ് സമുച്ചയങ്ങള്‍ വൃത്തിയാക്കുന്നവര്‍, ഭക്ഷണശാലകളില്‍ നിന്ന് നമ്മള് ഇറങ്ങുമ്പോള്‍ നമ്മുടെ പാത്രങ്ങള്‍ കഴുകുന്നവര്‍, ആശുപത്രികളില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ – അവര്‍ക്ക് പൗരത്വമില്ലായിരിക്കാം, ആവശ്യമായ രേഖകളില്ലായിരിക്കാം, എന്നാല്‍ മഹാഭൂരിപക്ഷം കുടിയേറ്റക്കാരും ക്രിമിനലുകളല്ല. അവര്‍ നികുതി അടയ്ക്കുന്നവരാണ്, നല്ല അയല്‍ക്കാരാണ്, അവര്‍ നമ്മുടെ പള്ളികളിലും മോസ്കുകളിലും സിനഗോഗുകളിലും ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും പോകുന്ന വിശ്വാസികളായ അംഗങ്ങളാണ്. തങ്ങളുടെ മാതാപിതാക്കളെ പിടിച്ചുകൊണ്ടുപോകും എന്ന് ഭയന്നുവിറയ്ക്കുന്ന നമ്മുടെ സമൂഹത്തിലുള്ള കുട്ടികളോട് കരുണ കാണിക്കണം, മിസ്റ്റര്‍ പ്രസിഡന്റ് എന്ന് ഞാന്‍ അപേക്ഷിക്കുന്നു. തങ്ങളുടെ രാജ്യത്തെ യുദ്ധക്കെടുതികളിലും പീഡനങ്ങളിലും നിന്ന് സമാശ്വാസവും കാരുണ്യവും തേടി ഇവിടെ വന്നവരോട് കരുണ കാണിക്കണം. നമ്മുടെ ദൈവം നമ്മെ പഠിപ്പിക്കുന്നത് അപരിചിതരോടു കാരുണ്യം കാണിക്കാനാണ്, കാരണം ഈ രാജ്യത്ത് നാമെല്ലാം ഒരിക്കല്‍ അപരിചിതരായിരുന്നു.”
തത്സമയം ക്ഷോഭം പ്രകടിപ്പിച്ചില്ലെങ്കിലും പ്രസിഡന്റ് ട്രംപ് പാതിരാത്രി തന്റെ ട്രൂത്ത് സോഷ്യല്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമില്‍ ബിഷപ് മേരിആനെ ‘ബിഷപ്പെന്നു പറയുന്ന, ട്രംപ് വിരോധിയായ ഇടതുപക്ഷ പുരോഗമനവാദി’ എന്ന മുദ്രചാര്‍ത്തി ആക്ഷേപിച്ചു:
”കൊള്ളരുതാത്ത ധ്വനിയായിരുന്നു അവരുടെ സംസാരത്തിന്, അത് ഒട്ടും ആകര്‍ഷകമോ ഉണര്വുണ്ടാക്കുന്നതോ ആയിരുന്നില്ല. അവര്‍ തന്റെ സഭയെ നെറികെട്ട രീതിയില്‍ രാഷ് ട്രീയത്തിലേക്കു വലിച്ചിട്ടു. അനുചിതമായ പ്രസ്താവനകള്‍ക്കു പുറമെ, അവരുടെ ശുശ്രൂഷതന്നെ വല്ലാതെ മടുപ്പുളവാക്കുന്നതായിരുന്നു. തന്റെ പണി നന്നായി ചെയ്യാന്‍ അവര്‍ക്കറിയില്ല. അവരും അവരുടെ സഭയും പൊതുജനങ്ങളോട് മാപ്പുപറയണം.”
പ്രെസ്ബിറ്റേറിയന്‍ സഭയില്‍ നിന്ന് ‘പ്രത്യേക സഭാംഗത്വമൊന്നുമില്ലാത്ത ക്രൈസ്തവനായി’ മാറിയെന്ന് അവകാശപ്പെട്ടിരുന്ന ട്രംപ് ക്രൈസ്തവ ദേശീയതയിലൂടെ അമേരിക്കന്‍ സമൂഹത്തില്‍ അടുത്തകാലത്തെങ്ങും ഉണ്ടാകാത്തവിധം വലിയ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. 2005-ല്‍ ട്രംപ് മെലാനിയയെ വിവാഹം ചെയ്തത് പാം ബീച്ചിലെ എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ വച്ചാണ്. ട്രംപിന്റെ ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ടേമില്‍ മകന് ബാരണ്‍ സ്വകാര്യ എപ്പിസ്കോപ്പല്‍ സ്കൂളിലാണ് പഠിച്ചത്.
ട്രംപിന്റെ ‘മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ന്’ (മാഗാ) പ്രസ്ഥാനക്കാരുടെ കൂട്ടത്തില്‍ നിന്ന് യുഎസ് ജനപ്രതിനിധിസഭയിലെ ജോര്‍ജിയ റിപ്പബ്ലിക്കന്‍ അംഗം മൈക്ക് കോളിന്‍സ് എക്സ് പ്ലാറ്റ്ഫോമില്‍ ബിഷപ്പിന്റെ പ്രസംഗം പങ്കുവച്ചുകൊണ്ടു കുറിച്ചു: ”ഈ പ്രസംഗം നടത്തുന്നയാളെ നാടുകടത്തേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം.”
പതിനെട്ടു വര്‍ഷം മിനെയാപൊളിസിലെ സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ റെക്ടറായിരുന്ന മേരിആന്‍ എഡ്ഗര്‍ ബഡി 2011-ലാണ് വാഷിങ്ടണ്‍ എപ്പിസ്കോപ്പല്‍ രൂപതയുടെ ഒന്‍പതാമത്തെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടത്. 2020-ല്‍, മിനെയപൊളിസില് നാല്പത്താറുകാരനായ കറുത്തവര്ഗക്കാരന് ജോര്‍ജ് ഫ്ളോയ്ഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രക്ഷോഭം ആളിപ്പടര്‍ന്നപ്പോള്‍, വാഷിങ്ടണ്‍ ഡിസിയില്‍ വൈറ്റ്ഹൗസിനടുത്തുള്ള ലാഫായറ്റ് സ്ക്വയറില്‍ സാമൂഹിക നീതിക്കുവേണ്ടി മുറവിളികൂട്ടിയ പ്രതിഷേധക്കാരെ കണ്ണീര്‍വാതകം പ്രയോഗിച്ച് അടിച്ചോടിക്കാന്‍ ഉത്തരവിട്ട ട്രംപ് റോസ് ഗാര്‍ഡനില്‍ നിന്ന് സുരക്ഷാസൈനികരുടെ അകമ്പടിയോടെ അടുത്തുള്ള സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ദേവാലയ അങ്കണത്തിലേക്കു നടന്ന് ബൈബിള്‍ തലതിരിച്ചുപിടിച്ച് മാധ്യമങ്ങള്‍ക്കു മുന്പില് പോസ് ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസില്‍ ബിഷപ് മേരിആന്‍ ലേഖനം എഴുതിയിരുന്നു. തന്റെ രൂപതയുടെ കീഴിലുള്ള പള്ളിയുടെ പശ്ചാത്തലത്തില്‍ വിശുദ്ധഗ്രന്ഥം ഉയര്‍ത്തിക്കാട്ടി ട്രംപ് ക്രൈസ്തവ വിശ്വാസത്തിനു നിരക്കാത്ത അനീതിയുടെ അളിഞ്ഞ രാഷ് ട്രീയം കളിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.
വര്‍ഗ സമത്വം, തോക്കുകളുടെ വ്യാപനം മൂലമുള്ള അക്രമം തടയല്‍, കുടിയേറ്റ നിയമ പരിഷ്കാരം, ഭിന്നലിംഗക്കാരായ എല്‍ജിബിടിക്യു പ്ലസ് വിഭാഗക്കാരെ ഉള്‍ക്കൊള്ളല്‍, സൃഷ്ടിയുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ ബിഷപ് മേരിആന്‍ നീതിക്കുവേണ്ടി നിലകൊള്ളുന്നുവെന്നാണ് എപ്പിസ്കോപ്പല്‍ സഭയുടെ വെബ്സൈറ്റില്‍ വിശേഷിപ്പിക്കുന്നത്. അറുപത്തഞ്ചുകാരിയായ ബിഷപ് മേരിആന്‍ ബഡി കൊളംബിയ ഡിസ്ട്രിക്റ്റിലും മെരിലന്‍ഡ് കൗണ്ടികളിലുമായി 86 വിശ്വാസിസമൂഹങ്ങളും 10 സ്കൂളുകളുമുള്ള രൂപതയെ നയിക്കുന്നു. ജീവിതത്തിലും വിശ്വാസത്തിലും ധീരത കാണിക്കേണ്ട നിര്‍ണായക നിമിഷങ്ങളെക്കുറിച്ച് കഴിഞ്ഞ കൊല്ലം ബിഷപ് മേരിആന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു: ‘ഹൗ വി ലേണ്‍ ടു ബി ബ്രേവ്: ഡിസൈസീവ് മോമന്റ്സ് ഇന്‍ ലൈഫ് ആന്‍ഡ് ഫെയ്ത്ത്.’ ”ധീരതയെന്നാല്‍ കൃപയും നിശ്ചയദാര്‍ഢ്യവുമാണ്, കുറെയൊക്കെ ആശങ്കയും വിനയവും കൂടിയാണത്. ഏറ്റവും ആവശ്യമായ നേരത്ത് ധീരത കാണിക്കാനുള്ള തന്റേടം ജീവിതത്തിലുടനീളം ചെറിയ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നാണുണ്ടാകുന്നത് – സ്വയംബോധത്തില്‍ നിന്നും, കൂടുതല്‍ ശ്രദ്ധിക്കുന്നതില്‍ നിന്നും, തോല്‍ക്കുമെന്ന് അറിയാമെങ്കിലും നമ്മള് ശരിയെന്നു വിശ്വസിക്കുന്നത് ചെയ്യാനുറച്ചുനില്ക്കുന്നതില് നിന്നുമൊക്കെ. അഗാധമായൊരു ആധ്യാത്മിക അനുഭവം കൂടിയാണത്. നമ്മളെക്കാള്‍ വലുതായ എന്തിന്റെയൊ ഭാഗമാകുന്നതുപോലെ, വലിയൊരു അരൂപിയാല്‍ നയിക്കപ്പെടുന്നതുപോലെ. സാധാരണക്കാരെ വിശ്വാസികളാക്കുന്നതാണ് ചില നിര്‍ണായക നിമിഷങ്ങള്‍,” ബിഷപ് മേരിആന്‍ കുറിക്കുന്നു.
അവജ്ഞയുടെയും അധിക്ഷേപത്തിന്റെയും സംസ്കാരത്തിന് ഒരു ബദല്‍ കാണിച്ചുകൊടുക്കാനാകണം. പൊതുസ്ഥലത്ത് പലവിധത്തിലുള്ള കാഴ്ചപ്പാടുകള്‍ പരസ്പര ആദരവോടെയും മാന്യമായും കൊണ്ടുവരാന്‍ നമുക്ക് കഴിയും. വിശ്വാസത്തിന് സൗഖ്യപ്പെടുത്താനും പരിവര്‍ത്തനം നടത്താനും ശക്തിയുണ്ട്. സുവിശേഷത്തിന്റെ പാത പിന്തുടര്ന്ന് ധൈര്യമായി സ്നേഹത്തിനും നീതിക്കുമായി നിലകൊള്ളാനും പാര്ശ്വവത്കരിക്കപ്പെട്ടവനൊപ്പം നില്‍ക്കാനും നമുക്കു കഴിയണം. ‘എല്ലാ മനുഷ്യരുടെയും അന്തസിനെ ആദരിക്കാനുള്ള ധൈര്യവും ശക്തിയും ഞങ്ങള്‍ക്കു നല്കണമേ,’ എന്ന പ്രാര്‍ഥനയോടെ സ്നേഹത്തോടെ പരസ്പരം സത്യം തുറന്നു പറയാനും വിനയത്തോടെ നമ്മുടെ ദൈവത്തോടൊപ്പം ഒരുമിച്ചു നടക്കാനും നമുക്കു കഴിയണം.
നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ – ക്രിസ്തുമതം റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി മാറിയ കാലഘട്ടത്തില്‍ – തന്റെ പ്രബോധനങ്ങളിലൂടെയും ദൈവശാസ്ത്രഗ്രന്ഥങ്ങളിലൂടെയും പ്രശസ്തനായ മിലാനിലെ അംബ്രോസ് മെത്രാന്, ഗ്രീക്ക് നഗരമായ തെസ്സലോനിക്കിയില്‍ സാമ്രാജ്യത്വ സൈന്യം നിരപരാധരായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതിന്റെ പേരില്‍ തിയോഡോഷ്യസ് ചക്രവര്‍ത്തിയെ ശാസിക്കുകയും അവരുടെ മരണത്തിന് പരസ്യമായി പ്രായശ്ചിത്തം ചെയ്യുന്നതുവരെ ആരാധനയ്ക്കായി പള്ളിയില്‍ പ്രവേശിക്കുന്നതു വിലക്കുകയും ചെയ്ത ചരിത്രമുണ്ട്. അധികാരത്തോട് സത്യം പറയാനുള്ള ധീരത സഭാചരിത്രത്തിലുടനീളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അസാധാരണമാംവിധം മൂര്‍ച്ചയുള്ള വിലയിരുത്തലില്‍ ഫ്രാന്‍സിസ് പാപ്പാ, ട്രംപിന്റെ കൂട്ടനാടുകടത്തല്‍ പദ്ധതികളെ ‘അപമാനം’ എന്ന് വിളിച്ചു. വിവേചനരഹിതമായ കൂട്ടനാടുകടത്തല്‍ പരിപാടി ‘കത്തോലിക്കാ വിശ്വാസപ്രമാണവുമായി പൊരുത്തപ്പെടുന്നതല്ല’ എന്ന് വാഷിംഗ്ടണില്‍ പുതുതായി നിയമിതനായ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ റോബര്‍ട്ട് മക്എല്‍റോയ് മുന്നറിയിപ്പ് നല്കി. കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ചികിത്സ, വിദേശ സഹായം, വധശിക്ഷയുടെ വിപുലീകരണം തുടങ്ങിയ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകളില്‍ പലതും ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും ഏറ്റവും ദുര്‍ബലരായവരെ ഏറെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് യുഎസ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് അധ്യക്ഷനും യുഎസ് സൈനികസേവനങ്ങള്ക്കായുള്ള അതിരൂപതയുടെ തലവനുമായ ആര്‍ച്ച്ബിഷപ് തിമത്തി ബ്രോലിയോ വിലയിരുത്തുന്നു. സ്കൂളുകളിലും പള്ളികളിലും ഇമിഗ്രേഷന്‍ റെയ്ഡുകള്‍ അനുവദിക്കാനുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം സമൂഹത്തിന്റെ ഹൃദയത്തില്‍ ഭയം ഉളവാക്കുന്നതും കുടുംബങ്ങള്‍ ദൈവത്തെ ആരാധിക്കുമ്പോഴും ആരോഗ്യപരിരക്ഷ തേടുമ്പോഴും കുട്ടികളെ സ്കൂളില്‍ വിടുമ്പോഴും കൂട്ടിക്കൊണ്ടുപോകുമ്പോഴും അവരുടെമേല്‍ ഉത്കണ്ഠയുടെ പുതപ്പ് പരത്തുന്നതുമാണെന്ന് മെക്സിക്കോ അതിര്‍ത്തിയിലെ ടെക്സസില്‍ എല്‍ പാസോയിലെ ബിഷപ് മാര്‍ക്ക് സെയ്റ്റ്സ് പറയുന്നു. ”കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും അവകാശങ്ങള്‍ക്കായി സംസാരിക്കുന്നതില്‍ കത്തോലിക്കാ സമൂഹം ഷിക്കാഗോയിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നു” എന്നാണ് മെക്സിക്കോ സിറ്റിയിലെ ഔവര്‍ ലേഡി ഓഫ് ഗ്വാദലൂപ്പെ ബസിലിക്കയില്‍ ഷിക്കാഗോയിലെ കര്‍ദിനാള്‍ ബ്ലേസ് സൂപിച്ച് പറഞ്ഞത്.
2025-ലെ ജൂബിലി വര്‍ഷത്തില്‍ ഇന്ത്യയിലെ സഭ, രാജ്യത്തിനു മുഴുവന്‍ പ്രത്യാശയുടെ അടയാളമായി മാറി ദരിദ്രരെയും ഏറ്റവും ദുര്‍ബലരെയും സ്വാഗതം ചെയ്യുന്നതിനായി അതിന്റെ വാതിലുകള്‍ വിശാലമായി തുറക്കണമെന്നാണ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ദേശീയ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സായ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയായ സിസിബിഐയുടെ സമ്പൂര്‍ണ സമ്മേളനം ഒഡീഷയിലെ ഭുവനേശ്വറില്‍ ചേരുമ്പോള്‍, സത്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള സഭയുടെ പോരാട്ടത്തിലെ പ്രവാചക ധീരത രാജ്യത്തെ ഇന്നത്തെ രാഷ് ട്രീയ അന്തരീക്ഷത്തില്‍ പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യാ റിപ്പബ്ലിക്ക് എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോഴും, സാമൂഹിക അസമത്വത്തിനും വിവേചനങ്ങള്‍ക്കും അനീതിക്കുമെതിരായി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള സംഘര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ ഒറ്റപ്പെട്ടുപോകുന്ന രാഷ് ട്രീയ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്, മുഴുവന്‍ മനുഷ്യകുടുംബത്തെയും അനുകമ്പയോടെ നോക്കാനും നമ്മെ വേര്‍തിരിക്കുന്ന മതിലുകള്‍ തകര്‍ക്കാനും സ്നേഹബന്ധങ്ങളില്‍ ഒന്നിക്കാനുമുള്ള കൃപയ്ക്കായി യാചിക്കുകയും അധികാരത്തോട് സത്യം പറയാനുള്ള ധൈര്യം നമുക്ക് വീണ്ടെടുക്കുകയും ചെയ്യാം.