ഡർബൻ: ഓപ്പണർ സഞ്ജു സാംസൺ മൂന്നുപന്തിൽ റണ്ണെടുക്കാതെ മടങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് തോറ്റത്. ആദ്യം ബാറ്റെടുത്ത ഇന്ത്യക്ക് നേടാനായത് ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺ. 45 പന്തിൽ 39 റണ്ണുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെനിന്നു. മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക ഒരോവർ ശേഷിക്കെ ജയം നേടി. അഞ്ച് വിക്കറ്റെടുത്ത സ്പിന്നർ വരുൺ ചക്രവർത്തി ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങി.
86 റണ്ണിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ട്രിസ്റ്റൻ സ്റ്റബ്സും (41 പന്തിൽ 47) ജെറാൾഡ് കോട്സീയും (9 പന്തിൽ 19) ചേർന്നാണ് ജയത്തിലേക്ക് നയിച്ചത്. പരമ്പര 1–-1 എന്ന നിലയിലായി. അടുത്ത കളി ബുധനാഴ്ചയാണ്.
നാല് ഓവറിൽ 15 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്ക് പിന്നീട് കരകയറാനായില്ല. തുടർച്ചയായി രണ്ട് സെഞ്ചുറി നേടിയ സഞ്ജു ആദ്യ ഓവറിൽ വീണു. രണ്ടാം ഓവറിൽ സഹഓപ്പണർ അഭിഷേക് ശർമയും (4) മടങ്ങി.