ന്യൂഡൽഹി: ബിഹാറിൽ ദലിത് വീടുകൾ കത്തിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദളിത് കുടുംബങ്ങളുടെ നിലവിളികൾക്ക് പോലും അഗാധ മയക്കത്തിലായ സർക്കാരിനെ എഴുന്നേൽപ്പിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
നിലവിലെ സംഭവം ബിഹാറിൽ അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അനീതിയാണ് വ്യക്തമാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി കുറിച്ചു.
ബിജെപി ദളിത് വിഭാഗങ്ങളെ ഭീഷണപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന വിഭാഗങ്ങൾക്കും സുരക്ഷയൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെയും രാഹുൽ ഗാന്ധി വിമർശിച്ചു. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.