സിംഗപ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ,സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗുമായി കൂടിക്കാഴ്ച നടത്തി. രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുവാൻ ചർച്ചയിൽ ധാരണയായി.
വോംഗിൻ്റെ ക്ഷണപ്രകാരമാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് സിംഗപ്പൂരിലെത്തിയത്. വോംഗുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി സിംഗപ്പൂർ പാർലമെൻ്റ് ഹൗസിൽ മോദിക്ക് സ്വീകരണം നൽകി. അവിടെയുള്ള സന്ദർശക പുസ്തകത്തിലും പ്രധാനമന്ത്രി ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം എഴുതപ്പെട്ടുവെന്നും നരേന്ദ്ര മോദി – വോംഗ് കൂടിക്കാഴ്ചയിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം സ്ഥാപിക്കപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിൽ കുറിച്ചു.
നൂതന ഉൽപ്പാദനം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷൻ, ഹെൽത്ത് കെയർ & മെഡിസിൻ, നൈപുണ്യ വികസനം, സുസ്ഥിരത എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന ഉഭയകക്ഷി ബന്ധത്തിൻ്റെ വിവിധ വശങ്ങൾ അവർ വിപുലമായി അവലോകനം ചെയ്തതായും അദ്ദേഹം പറഞ്ഞു.