കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ച കണക്ക് അശാസ്ത്രീയവും അപൂർണവും തെറ്റിദ്ധാരണ ജനകവും ആണെന്ന് സംവരണ സമുദായ മുന്നണി സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമേ സംസ്ഥാനത്ത് സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലെയും ജീവനക്കാരുടെ കണക്കാണ് സഭയിൽ അവതരിപ്പിച്ചത്.
ഇത്തരം സ്ഥാപനങ്ങളിലെ ശിപായിമാർ മുതൽ കമ്പനികളിലെ ലോഡിങ് അൺലോഡിങ് ജീവനക്കാർ, പായ്ക്കർമാർ ,പെയിന്റർമാർ വെൽഡർമാർ തുടങ്ങി ഏറ്റവും താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ അടക്ക മുള്ളവരുടേതാണ്. ഏതെങ്കിലും ഒരു വകുപ്പിലെയോ സ്ഥാപനത്തിലെയോ ജീവനക്കാരുടെ പദവികൾ തിരിച്ചുള്ള സാമുദായിക കണക്ക് ലഭ്യമല്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് സമാഹരിച്ച വിവരങ്ങൾ ആറു വർഷം എടുത്തിട്ടും മൂന്നിലൊന്നു മാത്രമാണ് ലഭ്യമായിട്ടുള്ളത്.
അതുകൊണ്ടുതന്നെ വാർത്ത മാധ്യമങ്ങൾ പിന്നോക്ക വിഭാഗങ്ങൾക്കും സംവരണ സമുദായങ്ങൾക്കും സർക്കാർ സർവീസിൽ അനർഹമായ പ്രാതിനിധ്യം ലഭ്യമായി എന്ന രീതിയിലാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.
അതുകൊണ്ട് സർക്കാർ ജീവനക്കാരുടെ വകുപ്പും പദവികളുടെ ക്ലാസും തിരിച്ച് പട്ടിക അടിയന്തരമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാവണം. എങ്കിൽ മാത്രമേ ഓരോ സമുദായത്തിനും ഉയർന്ന തസ്തികളിലും എ ബി സി ഡി കാറ്റഗറികളിലും എത്ര സ്ഥാനം ലഭിച്ചു എന്ന് അറിയാൻ കഴിയു.
സംസ്ഥാന ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ പിന്നൊക്ക വിഭാഗ വികസന വകുപ്പിന് മതിയായ തുക വകയിരുത്തുന്നതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകണം. പ്ലാനിങ് ബോർഡിൽ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിനായി പിന്നോക്ക വിഭാഗങ്ങളുടെ താൽക്കാലിക കമ്മറ്റി ഉണ്ടാക്കണം.
കേന്ദ്രസർക്കാർ ജാതി തിരിച്ച് സെൻസസ് എടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അവരുടേതായ ആവശ്യങ്ങൾക്ക് സെൻസസ് എടുക്കാമെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയും സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് അടിയന്തരമായി സമയബന്ധിതമായി സോഷ്യോ എക്കണോമിക് ആൻഡ് എജുക്കേഷണൽ കാസ്റ്റ് സെൻസസ് നടത്തണം.
ഉദ്യോഗ മേഖലയിലെ പ്രാതിനിധ്യ കണക്കെടുപ്പിനും സംവരണം പ്രമോഷൻ തുടങ്ങിയ ആവശ്യങ്ങൾക്കും കോടതികൾക്കും പിന്നോക്ക വിഭാഗ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കും ഈ സെൻസസ് അനിവാര്യമാണ്.
സംസ്ഥാന സർക്കാർ സർവീസിൽ ഒരു സ്ഥാനം പോലും ലഭിച്ചിട്ടില്ലാത്ത നിരവധി സമുദായങ്ങൾ ഇപ്പോഴുമുണ്ട്.
അത്തരം സമുദായങ്ങൾക്ക് സ്പെഷ്യൽ റിക്രൂട്ട്മെൻറ് വഴി നിയമനം നടത്താൻ സർക്കാർ തയ്യാറാവണം. എല്ലാ സമുദായങ്ങൾക്കും മതിയായ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇപ്പോൾ നിലവിലുള്ള ഉന്നത അധികാര കമ്മറ്റി നിർജീവമാണ്. അടിയന്തരമായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഈ പ്രശ്നങ്ങൾ ക്ക് പരിഹാരം ഉണ്ടാക്കണം.
ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവേശനത്തിൽ പബ്ലിക് സർവീസ് കമ്മീഷൻ അനുവർത്തിക്കുന്ന സംവരണരീതിയിൽ നിയമനം നടത്തുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞു. ബോർഡുകൾ അതിനെതിരായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. അതുകൊണ്ട് സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിന് അടിയന്തരമായ നടപടി ഉണ്ടാവണം.
ഇത്തരം ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ആവശ്യമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും നിയമ പോരാട്ടങ്ങളും നടത്താൻ എറണാകുളത്ത് പണ്ഡിറ്റ് കറുപ്പൻ ഹാളിൽ ചേർന്ന സംവരണ സമുദായ മുന്നണിയുടെ നേതൃയോഗം തീരുമാനിച്ചു. സംവരണ മുന്നണി പ്രസിഡൻറ് എസ് കുട്ടപ്പ ചെട്ടിയാർ അധ്യക്ഷത വഹിച്ചു.
വി ദിനകരൻ, വി ആർ ജോഷി, എൻ കെ അലി, ഡോ. ചാൾസ് ഡയസ്, ബി സുഭാഷ് ബോസ്, കെ കെ തമ്പി, ബിജു ജോസി, എൻ ഡി പ്രേമചന്ദ്രൻ, ബേസിൽ മുക്കത്ത്, പി എം സുഗതൻ, ഷെറി ജെ തോമസ്, രേണുക മണി, സി ജെ പരീത്, പി പി രാജൻ, ലക്ഷ്മി നാരായണൻ, സിബി ജോയ്, ആഷ്ലിൻ പോൾ, ടി കെ സോമനാഥൻ, എ കെ ഷിജു, മുഹമ്മദ് ഹാജി, വി എൻ ജവഹരി സാബു തുടങ്ങിയവർ പ്രസംഗിച്ചു.

