കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 42-ാമത് ജനറല്‍ കൗണ്‍സില്‍ യോഗം എറണാകുളത്ത് ആശീര്‍ഭവനില്‍ ജനുവരി 13, 14 തീയതികളില്‍ നടക്കുമെന്ന് കെആര്‍എല്‍സിസി വക്താവ് ജോസഫ് ജൂഡ് അറിയിച്ചു. ജനുവരി 13ന് ശനിയാഴ്ച രാവിലെ 10:30 ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും.
കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് സമ്മേളനത്തില്‍ ആശംസകള്‍ നേരും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറി പുഷ്പ ക്രിസ്റ്റി എന്നിവര്‍ പ്രസംഗിക്കും.
‘സിനഡാത്മക നവീകരണം, കേരള ലത്തീന്‍ സഭയില്‍’ എന്ന വിഷയത്തില്‍ കണ്ണൂര്‍ രൂപത മെത്രാനും കെസിബിസി സെക്രട്ടറി ജനറലുമായ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗ്രിഗറി പോള്‍, ഡോ. ജോബ് വാഴക്കൂട്ടത്തില്‍, ഡോ. ഷാജി ജര്‍മന്‍ എന്നിവര്‍ അനുബന്ധ പ്രഭാഷണങ്ങള്‍ നടത്തും. വിജയപുരം രൂപതയുടെ വികാരി ജനറല്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പില്‍ മോഡറേറ്റര്‍ ആയിരിക്കും.
തുടര്‍ന്ന് കെആര്‍എല്‍സിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ജനുവരി 14ന് ഞായറാഴ്ച നടക്കുന്ന സമ്മേളനത്തില്‍ കെആര്‍എല്‍സിസിയുടെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും രാഷ്ട്രീയപ്രമേയം അവതരിപ്പിച്ച് അംഗീകരിക്കുകയും ചെയ്യും.
കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, രാഷ്ട്രീയകാര്യ സമിതിയുടെ ജോയിന്റ് കണ്‍വീനര്‍ അഡ്വ. ഷെറി ജെ തോമസ്, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, അല്മായ കമ്മീഷന് സെക്രട്ടറി ഫാ. ഷാജ്കുമാര്‍ എന്നിവര്‍ സംസാരിക്കും.
കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍ നിന്നും മെത്രാന്മാരും വൈദിക, അല്മായ, സന്ന്യസ്ത പ്രതിനിധികളും അല്മായ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.