കൊച്ചി: ദൗത്യനിർവഹണത്തിലെ പോരായ്മകളിലും കുറവുകളിലും ഖേദം പ്രകടിപ്പിച്ച് മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാ തലവൻ എന്ന സ്ഥാനത്തുനിന്നുള്ള വിടപറയലിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് എഴുതിയ കത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റുപറച്ചിൽ.
മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയെന്ന നിലയിലും പ്രവർത്തനങ്ങളിൽ പോരായ്മകളായെന്ന് അദ്ദേഹം കത്തിൽ സമ്മതിക്കുന്നു. സഭാ നേതൃത്വത്തിൽ നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖകളിലും സാക്ഷ്യം വഹിക്കാനാവുമെന്ന് പ്രത്യാശിക്കുന്നതായും സഭാംഗങ്ങൾക്കുള്ള വിടവാങ്ങൽ കത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറയുന്നു.സഭയുടെ നേതൃത്വത്തിൽ നിന്ന് മാറുമ്പോഴും സഭയുടെ എല്ലാ ദൗത്യമേഖലകളിലും കൂട്ടായ്മ സംഘടനാത്മകത, സഹകരണം എന്നിവയോടെ സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രത്യാശ തനിക്കുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.