ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെ ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഗുസ്തി താരം സാക്ഷി മാലിക്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
ഗുസ്തിയെ രക്ഷിക്കണമെന്ന് താരം വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടു. ഈ രാജ്യത്ത് എങ്ങനെ നീതി ലഭിക്കും എന്നറിയില്ല. സമരം സംഘടിപ്പിക്കുന്നതിന് ഒപ്പം പ്രശ്നങ്ങള്‍ എല്ലാവരിലേക്കും ഞങ്ങള്‍ എത്തിച്ചതാണ്. പുതിയ നേതൃത്വത്തിന് കീഴിലും ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നും വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ്ങ് തിരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിംഗിന്റെ ജയം. 47 വോട്ടുകളില്‍ 40 വോട്ടുകളും നേടിയാണ് സഞ്ജയ് സിങ് വിജയിച്ചത്. ഡബ്ല്യുഎഫ്ഐ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണമുന്നയിച്ച് രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങളുടെ പിന്തുണയോടെയാണ് അനിത മത്സരിച്ചിരുന്നത്.