കൊച്ചി: പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരായ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാനുള്ളതേയുള്ളു പിണറായിയുടെ ഭരണമെന്നും ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ലെന്നും വി ഡി സതീശന് പറഞ്ഞു.
‘പൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ല. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരായ ആക്രമണം അപലപനീയവും കാടത്തവുമാണ്. എംഎല്‍എ ഉള്‍പ്പെടെയുളളവരെ പിണറായി വിജയന്റെ ഗുണ്ടകളാണ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുന്ന സിപിഐഎം ക്രിമിനലുകളാണ് വഴിയരികില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്നത്.