കൊച്ചി :ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിലെ 54 ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം കൊടുക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതിയ്ക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
54 ഡയാലിസിസ് യൂണിറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി ഇതോടെ മാറി.3 നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും മുകളിൽ റൂഫ് ചെയ്ത് ആർ ഒ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 54 ഐ സി യു ഡയാലിസിസ് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.54 ഡയാലിസിസ് മെഷീനുകൾ ഉണ്ട്.
രോഗങ്ങൾ ഉണ്ടാക്കി വക്കാതിരിക്കാനുള്ള പരിശ്രമങ്ങൾ നടത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങിൽ മുഖ്യാഥിതി ആയിരുന്ന നടൻ പത്മശ്രീ മമ്മൂട്ടി പറഞ്ഞു. ഹൈബി ഈഡൻ എം പി , മേയർ എം അനിൽകുമാർ , ടി ജെ വിനോദ് എം എൽ എ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. എം എൽ എ ഫണ്ട് , ആശുപതി വികസന സമിതി ഫണ്ട്, കൊച്ചിൻ ഷിപ്പിയാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവരുടെ സി എസ് ആർ ഫണ്ട്, റോട്ടറി ക്ലബ് , ഇന്‍കെൽ എന്നിവരുടെല്ലാം പിന്തുണയോടെയാണ് പദ്ധതി പൂർത്തീകരിച്ചത്..