വത്തിക്കാൻ സിറ്റി: പാവങ്ങൾക്കായുള്ള പത്താമത് ആഗോള ദിനാചരണത്തിന്റെ ഭാഗമായി വത്തിക്കാനിൽ 1,500 പേർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. ലെയോ പതിനാലാമൻ പാപ്പ പെറുവിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നതിനിടെ, അദ്ദേഹത്തിന്റെ പ്രത്യേക പ്രതിനിധിയായി ജീവകാരുണ്യ വിഭാഗം പ്രിഫെക്റ്റ് ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു.
ദരിദ്രരിൽ ക്രിസ്തുവിന്റെ മുഖം തിരിച്ചറിയാനും അവരുടെ ജീവിതസാഹചര്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആവശ്യമായ സഹായങ്ങൾ നൽകാനും ആർച്ച് ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ദിവ്യബലിക്കുശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി, ഇറ്റാലിയൻ റെഡ് ക്രോസ്, അത്ലറ്റിക്ക വത്തിക്കാന എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തത്. ലാറ്റിനമേരിക്കൻ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന ലെയോ പാപ്പ നവംബർ 22-ന് പോൾ ആറാമൻ ഹാളിൽ 1,300 പാവപ്പെട്ടവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്നും വത്തിക്കാൻ അറിയിച്ചു.
ദരിദ്രരോടുള്ള കരുതലും ഐക്യദാർഢ്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ 2016-ൽ ഫ്രാൻസിസ് പാപ്പയാണ് ആഗോള ദരിദ്ര ദിനാചരണത്തിന് തുടക്കമിട്ടത്. എല്ലാ വർഷവും ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് ഒരാഴ്ച മുമ്പാണ് ദിനാചരണം നടത്തുന്നത്. ദരിദ്രരെ വത്തിക്കാനിലേക്ക് ക്ഷണിച്ച് അവരോടൊപ്പം ഭക്ഷണം പങ്കിടുന്നതും ചികിത്സാ സഹായങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം ലെയോ പാപ്പയും പോൾ ആറാമൻ ഹാളിൽ 1,300-ലധികം ദരിദ്രർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ടിരുന്നു. ‘കർത്താവാണ് ദരിദ്രന്റെ സങ്കേതം’ എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.

