അന്ന മെഡോസ്സിയുടെ കണ്ണുകളിൽ ചടുലതയും ദൃഢനിശ്ചയവും പ്രകടമാണ്. ശബ്ദത്തിലും ചലനങ്ങളിലും സൗമ്യത നിറഞ്ഞുനിൽക്കുമ്പോൾ, വിനയവും ആഴമേറിയ ജ്ഞാനവും സമന്വയിക്കുന്ന വ്യക്തിത്വമാണ് അവരുടേത്.
ഇറ്റലിയിലെ ഗൊറിസിയ സ്വദേശിയായ ആർക്കിടെക്റ്റായ അന്ന മെഡോസ്സി, ഏകദേശം ഒരു വർഷം മുമ്പ് ജീവിതം തനിക്കായി കരുതിവച്ചിരുന്ന ദൗത്യം ഒരിക്കലും സങ്കൽപ്പിച്ചിരിക്കില്ല. ലോകത്ത് ഒരു തീർത്ഥാടനകേന്ദ്രത്തിന്റെ റെക്ടറായി സേവനം ചെയ്യുന്ന ആദ്യ വനിതയായി അവർ മാറുകയായിരുന്നു.അവരുടെ നിയമനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലമാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ അൾജീരിയയിലെ ഒറാനിലുള്ള നോത്ര്-ദാം ദെ സാന്താ ക്രൂസ് തീർത്ഥാടനകേന്ദ്രത്തിന്റെ റെക്ടറായാണ് അന്ന മെഡോസ്സി സേവനം ചെയ്യുന്നത്.അൾജീരിയൻ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിനോടനുബന്ധിച്ച് അവർ നേതൃത്വം നൽകുന്ന തീർത്ഥാടനകേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു.ശ്രദ്ധയോടെ മറ്റുള്ളവരെ കേൾക്കുന്നതിലൂടെയും അവരുടെ അനുഭവങ്ങളെ ഹൃദയപൂർവം സ്വീകരിക്കുന്നതിലൂടെയും സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയാണ് തന്റെ ദൗത്യമെന്ന് അന്ന മെഡോസ്സി വ്യക്തമാക്കുന്നു.
