സാവോ പോളോ: ദിവ്യകാരുണ്യം മാത്രം സ്വീകരിച്ച് അരനൂറ്റാണ്ടിലേറെ കാലം ജീവിച്ചുവെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തിയ ബ്രസീലിയൻ വനിത ഫ്ലോറിപ്പസ് ഡോർനെല്ലസ് ഡി ജീസസിന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു.
‘ലോല’ എന്നറിയപ്പെട്ടിരുന്ന അവരുടെ ജീവിതവും വിശ്വാസസാക്ഷ്യവുമാണ് പോർച്ചുഗീസ് ഭാഷയിലുള്ള ലോല ഓഫ് ജീസസ്: മിസ്റ്ററി ആൻഡ് ഡിവോഷൻ എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റോഡ്രിഗോ അൽവാരസാണ് ചിത്രം ഒരുക്കുന്നത്. സാവോ പോളോയിൽ ഡോക്യുമെന്ററിയുടെ സ്ക്രീനിംഗ് നടന്നു.ബ്രസീലിലെ മെർസെസ് ഗ്രാമത്തിൽ ജനിച്ച ലോലയുടെ ജീവിതം പതിനാറാം വയസ്സിലുണ്ടായ അപകടത്തോടെയാണ് മാറിമറിഞ്ഞത്. മരത്തിൽനിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതോടെ അവൾക്ക് ജീവിതകാലം മുഴുവൻ കിടപ്പിലാകേണ്ടിവന്നു.
1943-ലെ ദുഃഖവെള്ളിയാഴ്ച മുതൽ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ദിവ്യകാരുണ്യം മാത്രം സ്വീകരിച്ച് ജീവിക്കാൻ ലോല തീരുമാനിച്ചുവെന്നാണ് ജീവചരിത്രത്തിൽ പറയുന്നത്. തുടർന്ന് അൻപതിലേറെ വർഷം ഈ ജീവിതരീതി തുടർന്നതായാണ് വിശ്വാസികളുടെ സാക്ഷ്യം.ബിഷപ്പിന്റെ പ്രത്യേക അനുമതിയോടെ മുറിയിൽ ദിവ്യകാരുണ്യം സൂക്ഷിച്ചിരുന്ന ലോല, തന്റെ ജീവിതം പ്രാർത്ഥനയ്ക്കും ദൈവസ്നേഹത്തിനുമായി സമർപ്പിച്ചു. ആത്മീയ ആശ്വാസം തേടി നിരവധി ആളുകൾ അവരുടെ മുറിയിലെത്തിയിരുന്നതായും പറയപ്പെടുന്നു.മനുഷ്യശരീരത്തിന്റെ സ്വാഭാവിക പരിധികളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്ന ലോലയുടെ ജീവിതം വിശ്വാസത്തിന്റെയും ആത്മീയ സമർപ്പണത്തിന്റെയും അപൂർവ സാക്ഷ്യമായാണ് അനുയായികൾ കാണുന്നത്. അവരുടെ ജീവിതത്തെക്കുറിച്ചുള്ള രേഖകളും സാക്ഷ്യങ്ങളും ദൃശ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് പുതിയ ഡോക്യുമെന്ററി.

