ജെയിംസ് അഗസ്റ്റിന്
അമേരിക്കന്‍ ഗായികയായ ഡോളി പാര്ട്ടന് വ്യത്യസ്തമായൊരു സാമൂഹികസേവനത്തിലൂടെ ലോക സംഗീതരംഗത്തെ വിസ്മയിപ്പിക്കുകയാണ്. പാട്ടിലൂടെ കിട്ടിയ വരുമാനം ഉപയോഗിച്ച് 30 കോടിയിലധികം പുസ്തകങ്ങളാണ് ഡോളി പാര്ട്ടന് കുട്ടികള്‍ക്ക് സമ്മാനമായി ഇതുവരെ നല്‍കിയിട്ടുള്ളത്. 1995-ല്‍ ആരംഭിച്ച ഈ പദ്ധതി ഇപ്പോഴും തുടരുന്നു.ചെറുപ്രായത്തില്‍ത്തന്നെ വായനാശീലം വളര്‍ത്തുന്നതിനായാണ് ‘ഡോളി പാര്ട്ടന്സ് ഇമാജിനേഷന് ലൈബ്രറി’ ആരംഭിച്ചത്. കുട്ടികള്‍ ജനിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ പേര് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. കുഞ്ഞിന് അഞ്ചു വയസ്സാകുന്നതുവരെ എല്ലാ മാസവും ഓരോ പുസ്തകം തപാലില്‍ ലഭിക്കും. അഞ്ചു വയസ്സാകുമ്പോഴേക്കും അറുപത് പുസ്തകങ്ങളുള്ള കൊച്ചു ലൈബ്രറി കുഞ്ഞിന് സ്വന്തമായി ലഭിക്കുന്ന പദ്ധതിയാണിത്. കുഞ്ഞുങ്ങള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി നല്കാന് പ്രാപ്തിയില്ലാത്ത മാതാപിതാക്കളെ സഹായിക്കുന്ന ഈ പദ്ധതി യു.എസ്.എ.യിലെ ടെന്നസി എന്ന കൊച്ചുപ്രദേശത്തു നിന്നാണ് ആരംഭിച്ചത്. ഇപ്പോള്‍ അഞ്ചു രാജ്യങ്ങളിലേക്ക് മുപ്പത് ലക്ഷത്തോളം പുസ്തകങ്ങള്‍ ഓരോ മാസവും അയക്കുന്നുണ്ട്.ഓരോ കുട്ടിയുടെയും പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത് വിദ്യാഭ്യാസ-ബാലസാഹിത്യ വിദഗ്ധര്‍ അടങ്ങിയ ഒരു സമിതിയാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് പുസ്തകങ്ങള്‍ പരിശോധിച്ച് ഏറ്റവും മികച്ചവയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ‘പെന്ഗ്വിന് റാന്‍ഡം ഹൗസ്’ എന്ന പ്രശസ്ത പ്രസാധകരാണ് ഈ പുസ്തകങ്ങള്‍ അച്ചടിച്ച് നല്‍കുന്നത്.ഒരു കുഞ്ഞിന് ആദ്യമായി ലഭിക്കുന്നത് ‘The Little Engine That Could’ എന്ന പുസ്തകമാണ്. അഞ്ചു വയസ്സായി പദ്ധതിയോട് വിടപറയുമ്പോള്‍ സ്കൂളിലേക്ക് പോകാനുള്ള പ്രായോഗിക പരിശീലനം നല്കുന്ന പുസ്തകവും ലഭിക്കും.ഡോളിയുടെ പിതാവായ റോബര്‍ട്ട് ലീ പാര്‍ട്ടന്റെ ഓര്‍മയ്ക്കായാണ് ഈ പദ്ധതി ആരംഭിച്ചത്. അതിദരിദ്രമായ സാഹചര്യത്തില്‍ വളര്‍ന്ന അദ്ദേഹത്തിന് എഴുത്തും വായനയും അറിയില്ലായിരുന്നു. അക്ഷരങ്ങളെ തിരിച്ചറിയാന്‍ കഴിയാതെപോയ പിതാവിന്റെ ഓര്‍മയ്ക്കായി ഒരു മകള്‍ കോടിക്കണക്കിന് അക്ഷരക്കൂട്ടങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കുന്ന അനിതരസാധാരണമായൊരു കര്മചക്രമാണിത്. പുസ്തകങ്ങള്‍ സമ്മാനമായി നല്കുന്ന ഗായികയ്ക്ക് ‘ദി ബുക്ക് ലേഡി’ എന്ന പേരും ലഭിച്ചു.’ദി ഡോളിവുഡ് ഫൗണ്ടേഷന്’ എന്ന സംഘടനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രസാധകരില്‍ നിന്നും നേരിട്ട് വാങ്ങുന്നതിലൂടെ വിപണിവിലയേക്കാള്‍ പകുതിവിലയ്ക്ക് ഫൗണ്ടേഷന് പുസ്തകങ്ങള്‍ ലഭിക്കും. കുട്ടികളെ തിരഞ്ഞെടുക്കുന്നതിനും പദ്ധതി വിലയിരുത്തുന്നതിനും സ്കൂള്‍ അധികാരികളും പ്രാദേശിക സന്നദ്ധസംഘടനകളും സഹായിക്കുന്നുണ്ട്.ഡോളി പാര്ട്ടന്1946 ജനുവരി 19-ന് അമേരിക്കയിലെ ടെന്നസിയിലാണ് ജനിച്ചത്. അതിദരിദ്രമായ കുടുംബത്തില്‍ ജനിച്ച ഡോളി ജീവിച്ചത് വൈദ്യുതിയും കുടിവെള്ളവും ഇല്ലാതിരുന്ന, മരപ്പലകകള്‍ കൊണ്ടു നിര്‍മിച്ച ഒറ്റമുറി വീട്ടിലായിരുന്നു. റോബര്‍ട്ട് ലീ പാര്ട്ടന് – ഏവി ലീ ദമ്പതികളുടെ പന്ത്രണ്ടു മക്കളില്‍ നാലാമത്തെ കുട്ടിയായിരുന്നു ഡോളി. പതിനാലു പേര് ഒരൊറ്റ മുറിയില്‍ ജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളും അനുഭവിച്ചു മുന്നോട്ടു പോയപ്പോഴും തൊട്ടടുത്ത പള്ളിയില്‍ ഡോളി പതിവായി പാടുമായിരുന്നു. ഡോളിയുടെ മുത്തച്ഛന് പള്ളിയിലെ പാസ്റ്റര്‍ ആയിരുന്നു. ഏഴാം വയസ്സില്‍ ലഭിച്ച ഒരു ടോയ് ഗിറ്റാറിലായിരുന്നു ഡോളി സംഗീതപരിശീലനം നടത്തിയിരുന്നത്. കുട്ടിക്കാലത്ത് എന്നും പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് ബൈബിള്‍ വായിക്കുകയും പ്രാര്‍ഥനാഗീതികള്‍ ആലപിക്കുകയും ചെയ്തിരുന്ന ശീലം ഇന്നും ഡോളി തുടരുന്നുണ്ട്.1964-ല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡോളി, അമേരിക്കന്‍ സംഗീതകേന്ദ്രങ്ങളില്‍ ഒന്നായ നാഷ്വില്ലിലേക്ക് താമസം മാറി. ഈ മാറ്റം ഡോളിയുടെ സംഗീതജീവിതത്തില്‍ വലിയ അവസരങ്ങള്‍ തുറന്നു നല്കി. 1967-ല്‍ പ്രശസ്ത സംഗീതജ്ഞന് പോര്‍ട്ടര്‍ വാഗണറുടെ ടെലിവിഷന്‍ ഷോയിലൂടെ ഡോളി അമേരിക്കയില്‍ ശ്രദ്ധേയയായി. 1970 മുതല്‍ ഡോളിയുടെ ആല്‍ബങ്ങള്‍ വിപണിയിലെത്തി. സംഗീതലോകത്തെ പരമോന്നത ബഹുമതിയായ ഗ്രാമി അവാര്‍ഡിന് അന്‍പതു തവണ നോമിനേഷന് ലഭിച്ച ഡോളി 11 അവാര്‍ഡുകള്‍ നേടി.’ജോലീന്’, ‘ഐ വില്‍ ഓള്‍വേസ് ലവ് യൂ’, ‘കോട്ട് ഓഫ് മെനി കളേഴ്സ്’, ‘ഹിയര്‍ യു കം എഗെയ്ന്’ എന്നിവ ഡോളിയുടെ പ്രശസ്ത ഗാനങ്ങളാണ്.’പ്രെഷ്യസ് മെമ്മറീസ്’, ‘ഗോള്‍ഡന്‍ സ്ട്രീറ്റ്സ് ഓഫ് ഗ്ലോറി’ എന്നിവയാണ് ഡോളിയുടെ പ്രശസ്തമായ ക്രിസ്തീയ ഭക്തിഗാനങ്ങള്‍. കെന്നി റോജേഴ്സ് എന്ന പ്രശസ്ത ഗായകനുമായി ചേര്‍ന്നു പുറത്തിറക്കിയ ക്രിസ്മസ് ഗാനസമാഹാരം വലിയ പ്രചാരം നേടി. ഈ ആല്‍ബത്തിലെ ‘ഐ ബിലീവ് ഇന്‍ സാന്റാക്ലോസ്’ എന്ന ഗാനം എക്കാലത്തെയും മികച്ച ക്രിസ്മസ് ഗാനങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെട്ടു. ഭക്തിഗാന ശാഖയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ചു ക്രിസ്തീയ സംഗീതലോകത്തെ വലിയ ബഹുമതിയായ ‘ഡോവ് അവാര്‍ഡ്’ ഡോളിക്ക് ലഭിച്ചിട്ടുണ്ട്.അഭിനയരംഗത്തും ഡോളി തന്റെ പ്രതിഭ തെളിയിച്ചു. ‘9 ടു 5’, ‘സ്റ്റീല്‍ മഗ്നോളിയാസ്’ എന്നിവ ഡോളി അഭിനയിച്ചവയില്‍ പ്രശസ്തമായ സിനിമകളാണ്.1966-ല്‍ കാള്‍ തോമസ് ഡീന്‍ എന്ന വ്യക്തിയെ ഡോളി വിവാഹം കഴിച്ചു. അന്‍പതിലധികം വര്‍ഷങ്ങളായി മാതൃകാജീവിതം നയിക്കുന്ന ഈ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലെങ്കിലും, സഹോദരങ്ങളുടെ കുട്ടികളെയും ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ദരിദ്രകുട്ടികളെയും സ്വന്തം കുഞ്ഞുങ്ങളായി സ്വീകരിച്ച് പരിപാലിക്കുന്നു.സംഗീതത്തില്‍ നിന്നും ലഭിച്ച വരുമാനത്തില്‍ നിന്നും മെഡിക്കല്‍ റിസര്‍ച്ചുകള്‍ക്ക് വലിയ തുക ഡോളി നല്‍കിയിട്ടുണ്ട്. കൊവിഡ് വാക്സിന് നിര്‍മിക്കുന്നതിനായി പത്തു ലക്ഷം ഡോളര്‍ നല്‍കിയും ഡോളി മാതൃകയായി.അമേരിക്കയിലെ ടെന്നസിയില്‍ ഡോളി ആരംഭിച്ച ‘ഡോളിവുഡ്’ എന്ന തീം പാര്‍ക്ക് ലക്ഷക്കണക്കിന് ആളുകളാണ് സന്ദര്‍ശിക്കുന്നത്. ഈ പാര്‍ക്കില്‍ നിന്നുള്ള വരുമാനവും ഡോളി സാമൂഹികപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു.പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും തന്റെ സംഗീതജീവിതത്തിലും ബിസിനസ്സിലും ജീവകാരുണ്യപ്രവര്‍ത്തന മേഖലയിലും ഓരോ തീരുമാനങ്ങള്‍ എടുക്കുംമുന്‍പും ദൈവത്തിന്റെ അനുവാദം താന്‍ യാചിക്കുമെന്ന് ഡോളി പറയുന്നു. സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് വെളിച്ചം പകര്‍ന്ന് ഡോളി പാടുകയാണ്; ക്രിസ്തുവിന്റെ മുഖം ലോകത്തിനു മുന്നില്‍ പ്രകാശിപ്പിക്കുന്ന യഥാര്‍ഥ ക്രിസ്ത്യാനിയായി ഡോളി തിളങ്ങുന്നു.
k

