ഡോ. ജസ്റ്റിന് ജോര്‍ജ്
തീരദേശത്തിന്റെ തിരയടികളിലും അസംഘടിത മേഖലയിലെ അധ്വാനച്ചൂടിലും വേരുകളുള്ള ഒരു ജനവിഭാഗം; സ്വന്തം അധ്വാനവും സംസ്കാരവും കൊണ്ട് കേരളത്തിന്റെ വികസന ഭൂമികയ്ക്ക് അടിത്തറയിട്ടവര്‍. എങ്കിലും, അന്താരാഷ്ട്ര തലത്തില്‍ വരെ പ്രശംസിക്കപ്പെട്ട ‘കേരള വികസന മാതൃക’യുടെ തിളക്കമുള്ള വെളിച്ചം പലപ്പോഴും എത്തിനോക്കാത്ത ഒരു അദൃശ്യ തീരമുണ്ട്. അത് ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റേതാണ്. അടിസ്ഥാന ജീവിതസൗകര്യങ്ങളിലെ അപൂര്‍ണ്ണത, തൊഴില്‍-വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥ, നയരൂപീകരണങ്ങളെപ്പോലും തെറ്റായിനയിക്കുന്ന കണക്കുകളിലെ അദൃശ്യത എന്നിവ ഈ സമൂഹത്തെ വികസന ഭൂമികയുടെ അതിരുകളിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഇടവക കേന്ദ്രീകൃതമായ, ഒത്തൊരുമയുടെയും ആഘോഷങ്ങളുടെയും പങ്കുവെക്കല്‍ സംസ്കാരം ഒരുവശത്ത് കുടുംബങ്ങളെ സാമ്പത്തിക ബാധ്യതകളിലേക്ക് നയിക്കുമ്പോള്‍, മറുഭാഗത്ത് അതേ കൂട്ടായ്മ തന്നെയാണ് ഇവരുടെ ഏറ്റവും വലിയ സാമ്പത്തിക-സാമൂഹിക മൂലധനവും.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക നീതി എന്നീ മേഖലകളില്‍ ലോകശ്രദ്ധ നേടിയ ‘കേരള വികസന മാതൃക’യുടെ തിളക്കത്തിനിടയിലും, ആ വെളിച്ചം എത്താത്ത ചില സമൂഹങ്ങള്‍ സംസ്ഥാനത്തുണ്ട്. തീരദേശ മത്സ്യത്തൊഴിലാളികളും ആദിവാസികളും ഇക്കൂട്ടത്തില്‍ പതിവായി പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും, ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പലപ്പോഴും പൊതുചര്‍ച്ചകളില്‍ ഇടംപിടിക്കാറില്ല.
ഡോ. മാര്ട്ടിന് പാട്രിക്, ശ്രീ. ജൂഡ് ജോസഫ് അറക്കല്‍, ഡോ. ജോയ് ഗോതുരുത് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ലത്തീന്‍ കത്തോലിക്കര്‍, ഒരു സാമൂഹിക സാമ്പത്തിക വിശകലനം’ എന്ന പുസ്തകത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ ഇപ്പോഴുള്ള സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ചു കൃത്യമായി വിലയിരുത്തുന്നുണ്ട്. ഈ പുസ്തകത്തെ അടിസ്ഥാനപെടുത്തിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. കേരള വികസന മാതൃകയുടെ നേട്ടങ്ങള്‍ ലത്തീന്‍ കാതോലിക്കാ സമൂഹത്തിലേക്ക് കാര്യമായി എത്താത്തത് എന്തുകൊണ്ടാണെന്ന് വീണ്ടും നമ്മള് വിശകലനം ചെയ്യേണ്ടതുണ്ട് . അതുപോലെ, സര്‍ക്കാര്‍ നയങ്ങള്‍ ഈ ജനവിഭാഗത്തിന്റെ ജീവിതത്തില്‍ കാര്യമായ മാറ്റം സൃഷ്ടിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും പ്രസക്തമാണ്. ലത്തീന്‍ സമൂഹത്തെക്കുറിച്ചുള്ള കണക്കുകളിലെ അവ്യക്തത, അടിസ്ഥാന ജീവിതസൗകര്യങ്ങളിലെ പിന്നാക്കാവസ്ഥ, തൊഴില്‍-വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികള്‍ എന്നിവ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. ലത്തീന്‍ കത്തോലിക്കരുടെ പങ്കുവെക്കുന്ന ജീവിതരീതിയാണ് ഈ സമൂഹത്തിന്റെ പ്രത്യേകത. എന്നാല്‍, ഈ ജീവിതരീതിതന്നെയാണോ അവരുടെ പിന്നാക്കാവസ്ഥയ്ക്ക് ഒരു കാരണമെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. അതേസമയം, ഈ ജീവിതരീതിയും സംസ്കാരവും ഉള്‍ക്കൊള്ളുന്ന വികസന മാതൃകയിലൂടെ മാത്രമേ ഈ ജനവിഭാഗത്തെ യഥാര്‍ഥ അര്‍ഥത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ.
കണക്കുകളിലെ അദൃശ്യത
ലത്തീന്‍ കത്തോലിക്കാ സമൂഹത്തെക്കുറിച്ചുള്ള വികസന ചര്‍ച്ചകള്‍ ആദ്യം എത്തിച്ചേരുന്നത് ഒരു ‘ഡാറ്റാ പ്രശ്ന’ത്തിലേക്കാണ്. ഔദ്യോഗിക കണക്കുകളില്‍ ഈ സമൂഹത്തിന് വേണ്ടത്ര പ്രതിനിധാനം ലഭിക്കുന്നില്ല. കത്തോലിക്കാ സഭയുടെ ഔദ്യോഗിക ഡയറക്ടറിയായ Annuario Pontificio കണക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഡോ. മാര്ട്ടിന് പാട്രിക് പ്രോജെക്റ്റുചെയ്ത ഡാറ്റയില്‍ കേരളത്തില്‍ ഇപ്പോള്‍ ഏകദേശം 20 ലക്ഷം ലത്തീന്‍ കത്തോലിക്കരുണ്ട്. അതായത്, കേരളത്തിലെ ക്രൈസ്തവ ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം വരും.
എന്നാല്‍ പല ഔദ്യോഗിക പഠനങ്ങളിലും ലത്തീന്‍ കത്തോലിക്കരുടെ എണ്ണം വളരെ കുറവായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന്, 2011-ലെ കേരള മൈഗ്രേഷന്‍ സര്‍വേയില്‍ കേരളത്തില്‍ വെറും 9.33 ലക്ഷം ലത്തീന്‍ കത്തോലിക്കര്‍ മാത്രമാണുള്ളതെന്ന് പറയുന്നു. ഈ വൈരുദ്ധ്യം നയരൂപീകരണത്തിന് അടിസ്ഥാനമാകേണ്ട ജനസംഖ്യാ വിവരങ്ങളില്‍ തന്നെ ആശയക്കുഴപ്പമുണ്ടെന്ന് വ്യക്തമാക്കുന്നു.
പൊതുധാരണയില്‍ ലത്തീന്‍ കത്തോലിക്കരില്‍ 60 ശതമാനവും മത്സ്യത്തൊഴിലാളികളാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ ഭൂരിഭാഗവും നിര്‍മാണത്തൊഴിലാളികളാണ്. ഈ തെറ്റിദ്ധാരണ സമൂഹത്തിനുവേണ്ടിയുള്ള നയങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ രൂപപ്പെടാത്തതിന്റെ ഒരു പ്രധാന കാരണമാണ്. അതേസമയം, മത്സ്യബന്ധനവും നിര്‍മാണമേഖലയും കേരളത്തില്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സമൂഹങ്ങളിലൊന്നാണ് ലത്തീന്‍ കത്തോലിക്കര്‍. ലത്തീന്‍ കാതോലിക്കാ സമൂഹത്തിന്റെ പല വിഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളി വിഭാഗം അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക പ്രതിസന്ധികള്‍ സമാനതകള്‍ ഇല്ലാത്തതാണ്.
അടിസ്ഥാന ജീവിതസൗകര്യങ്ങളിലെ പിന്നാക്കാവസ്ഥ
ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത പരിശോധിക്കുമ്പോള്‍ ഈ സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹിക അവസ്ഥ വ്യക്തമായി മനസ്സിലാക്കാം. 15.16 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ല. ലൈഫ് മിഷന് പദ്ധതിയിലൂടെ ഭൂമിയും വീടും ഇല്ലാത്തത് വെറും 4.35 ശതമാനം കുടുംബാംഗങ്ങള്‍ക്ക് മാത്രമാണെന്ന് ഓര്‍ക്കേണ്ടതാണ്. തീരദേശ മേഖലയിലെ ചരിത്രപരമായ ഭൂരഹിതാവസ്ഥ ഇന്നും തുടരുകയാണ്. കടബാധ്യതയും ഗുരുതരമായ പ്രശ്നമാണ്. സമ്പാദ്യം പോലും കടം വീട്ടാന്‍ ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥയുണ്ട്. പലപ്പോഴും വീടുനിര്‍മാണത്തിനും വിവാഹച്ചെലവുകള്ക്കുമായി ഉല്പാദനക്ഷമമല്ലാത്ത ആവശ്യങ്ങള്‍ക്കാണ് കടം വാങ്ങേണ്ടിവരുന്നത്. ഇത് കുടുംബങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു.
വിദ്യാഭ്യാസത്തിലെ പിന്നാക്കാവസ്ഥ
വിദ്യാഭ്യാസ രംഗത്താണ് ഈ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ ഏറ്റവും വ്യക്തമായി പ്രകടമാകുന്നത്. 2008 മുതല്‍ 2020 വരെയുള്ള കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍, അനുവദിച്ച സംവരണ സീറ്റുകളുടെ വെറും 39 ശതമാനം മാത്രമാണ് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞത്. സാക്ഷരതാ നിരക്കിലും ഇതേ പ്രവണതയാണ് കാണുന്നത്. കേരളത്തിലെ ശരാശരി സാക്ഷരത 96 ശതമാനമാണെങ്കില്‍, ലത്തീന്‍ കത്തോലിക്കരുടെ സാക്ഷരത 84.9 ശതമാനം മാത്രമാണ്. ഇത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാക്ഷരതാ നിരക്കായ 81.65 ശതമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതല്ല. തൊഴില്‍ പങ്കാളിത്ത നിരക്കിലും (Labour Force Participation Rate) ഇതേ അന്തരം പ്രകടമാണ്. കേരളത്തിലെ ശരാശരി 50 ശതമാനമാണെങ്കില്‍, ലത്തീന്‍ കത്തോലിക്കരുടേത് 33.4 ശതമാനം മാത്രമാണ്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഇതിലും കുറവാണ്.
തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍
നിര്മാണത്തൊഴിലും മത്സ്യബന്ധനവുമാണ് ഈ സമൂഹത്തിന്റെ പ്രധാന തൊഴില്‍ മേഖലകള്‍. എന്നാല്‍ ഈ രണ്ട് മേഖലകളും ഇന്ന് കേരളത്തില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. അസംഘടിത മേഖലയിലാണ് ഭൂരിഭാഗം പേരും തൊഴിലെടുക്കുന്നത്. അതിനാല്‍ തൊഴില്‍സുരക്ഷ, സാമൂഹിക സുരക്ഷ, നിയമപരിരക്ഷ എന്നിവ പരിമിതമാണ്. പൊതുമേഖലാ ജോലികളിലും ഈ സമൂഹത്തിന്റെ പ്രാതിനിധ്യം കുറവാണ്. നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരമുള്ള 4 ശതമാനം സംവരണം പോലും പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന തസ്തികകളിലെ പ്രാതിനിധ്യം വളരെ വിരളമാണ്. ദളിത് ക്രിസ്ത്യാനികള്‍, ആംഗ്ലോ-ഇന്ത്യക്കാര്‍, തോട്ടം തൊഴിലാളികള്‍, മടങ്ങിവരുന്ന പ്രവാസികള്‍ എന്നിവരും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഉപവിഭാഗങ്ങളാണ്.
ഇത്തരം സാഹചര്യത്തില്‍, ലത്തീന്‍ കത്തോലിക്കര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ എന്ന ചോദ്യവും ഉയരുന്നു. പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ താരതമ്യേന കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, സ്വകാര്യ മേഖലയിലെ ഉയര്‍ന്ന വരുമാനമുള്ള തൊഴിലുകള്‍ നേടാന്‍ ആവശ്യമായ നൈപുണ്യശേഷി ഈ സമൂഹം വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. അതേസമയം, നിലവിലുള്ള സംവരണ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി പ്രയോജനപ്പെടുത്താനും കൂടുതല്‍ ശ്രദ്ധ വേണം.
പങ്കിടുന്ന സംസ്കാരം: വികസനത്തിന് തടസ്സമോ?
ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ സവിശേഷത അതിന്റെ ഇഴയടുപ്പമുള്ള, ഇടവക കേന്ദ്രീകൃതമായ പങ്കിട്ട സാമൂഹിക-സാംസ്കാരിക ജീവിതമാണ്. ആഘോഷങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും മതപരവും സാമൂഹികവുമായ ചടങ്ങുകള്‍ക്കും വലിയ പ്രാധാന്യം നല്കുന്ന ഈ സംസ്കാരം പലപ്പോഴും കുടുംബങ്ങളെ അമിതച്ചെലവിലേക്കും കടക്കെണിയിലേക്കും നയിക്കുന്നു.
വിവാഹങ്ങള്‍ക്കും അനുബന്ധ ചടങ്ങുകള്‍ക്കും വീടുനിര്മാണത്തിനുമായി കടം വാങ്ങേണ്ടിവരുന്ന സാഹചര്യം വ്യാപകമാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നിക്ഷേപിക്കേണ്ട വിഭവങ്ങള്‍ ആഘോഷങ്ങളിലേക്കും ചടങ്ങുകളിലേക്കും വഴിതിരിയുന്നത് ദീര്‍ഘകാല മനുഷ്യശേഷി വികസനത്തിന് (Capability and Functioning) തടസ്സമാകുന്ന ഒരു വൈരുദ്ധ്യമാണ്. അമിതച്ചെലവുകളോടുള്ള ഈ സാംസ്കാരിക പ്രതിബദ്ധത സാമ്പത്തിക ആസൂത്രണത്തിനും സമ്പാദ്യശീലത്തിനും തിരിച്ചടിയാകുന്നുണ്ട്.
അതേ സംസ്കാരം തന്നെ വളര്‍ച്ചയുടെ മൂലധനവും
എന്നാല്‍ ഇതേ പങ്കിട്ട സംസ്കാരത്തെ ദൗര്‍ബല്യമായി മാത്രം കാണാതെ, ശക്തമായ സാമൂഹിക മൂലധനമായി (Social Capital) മാറ്റാനുള്ള സാധ്യതയാണ് ഈ സമൂഹത്തിന്റെ ഏറ്റവും വലിയ ശക്തി.
ഇടവക കേന്ദ്രീകൃതമായ സംഘടനാ സംവിധാനം, ശക്തമായ കൂട്ടായ്മാബോധം, പൊതുഇടങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള സമാഹരണശേഷി എന്നിവ വികസന ഇടപെടലുകള്‍ക്ക് മികച്ച ചട്ടക്കൂടാണ്. ഈ ശൃംഖല ഉപയോഗിച്ച് കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍, കോച്ചിംഗ് സെന്ററുകള്‍, പഠനവീടുകള്‍, ഫിനിഷിംഗ് സ്കൂളുകള്‍, പി.എസ്.സി. പരിശീലന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കാനാകും. KADAL, FACE (Focused Action Centered Empowerment) തുടങ്ങിയ സംഘടനകള്‍ കൂട്ടായ്മയുടെ ശക്തി ഉപയോഗിച്ച് സാമൂഹിക ശാക്തീകരണം സാധ്യമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. വ്യക്തിഗത സമ്പാദ്യത്തിനൊപ്പം കൂട്ടായ സാമൂഹിക സമ്പാദ്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും ആഘോഷച്ചെലവുകള്ക്ക് സാമൂഹിക നിയന്ത്രണങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്താല്‍, ഈ സാംസ്കാരിക ഊര്‍ജത്തെ സാമ്പത്തിക അച്ചടക്കത്തിലേക്ക് തിരിച്ചുവിടാന്‍ കഴിയും. സംഘടിത രാഷ്ട്രീയ ഇടപെടലുകള്‍ക്കും നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്താനും ഇതേ കൂട്ടായ്മാശക്തി പ്രയോജനപ്പെടുത്താവുന്നതാണ്.
മുന്നോട്ടുള്ള വഴി
ലത്തീന്‍ കത്തോലിക്കരുടെ പ്രശ്നം കേവലം സാമ്പത്തികമല്ല; അത് വിദ്യാഭ്യാസപരവും തൊഴില്‍പരവും ഭൂമിശാസ്ത്രപരവുമാണ്. അതിനാല്‍ ഹ്രസ്വ, മധ്യ, ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള ബഹുതല വികസന പദ്ധതിയാണ് ആവശ്യമായത്.
പ്രാഥമിക വിദ്യാഭ്യാസ തലത്തില്‍, പ്രത്യേകിച്ച് തീരദേശ മേഖലകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. മലയാളം മീഡിയത്തില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. പഠനകൊഴിഞ്ഞുപോക്ക് തടയാന്‍ ഇടവകതല നിരീക്ഷണ സംവിധാനം, ഹോസ്റ്റല്‍-ഡേകെയര്‍ സൗകര്യങ്ങള്‍, ഡിജിറ്റല്‍ പഠനകേന്ദ്രങ്ങള്‍ എന്നിവ ആവശ്യമാണ്.
ഉന്നത വിദ്യാഭ്യാസ ഘട്ടത്തില്‍ പ്രൊഫഷണല്‍ കോഴ്സ് പ്രവേശന പരീക്ഷാ പരിശീലനം, രൂപതാതല ഏകജാലക സ്കോളര്‍ഷിപ്പ് സഹായകേന്ദ്രം, പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക സ്കോളര്‍ഷിപ്പ് പദ്ധതികള്‍ എന്നിവ ശക്തിപ്പെടുത്തണം.
തൊഴില്‍ മേഖലയില്‍ മത്സ്യബന്ധനത്തിനപ്പുറമുള്ള വൈവിധ്യവല്‍ക്കരണം അനിവാര്യമാണ്. മറൈന്‍ എന്‍ജിനീയറിംഗ്, കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്സ്, ഭക്ഷ്യ-മത്സ്യ സംസ്കരണം, ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കണം. മത്സ്യബന്ധന സമൂഹത്തെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്കും ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലേക്കും നയിക്കണം. അതിനായി പരിശീലന കേന്ദ്രങ്ങളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കേണ്ടതുണ്ട്.
സാങ്കേതികവിദ്യ, ഡാറ്റാ അനലിറ്റിക്സ്, ഭക്ഷ്യസംസ്കരണം, മത്സ്യസംസ്കരണം, ടൂറിസം തുടങ്ങിയ മേഖലകളില്‍ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക നൈപുണ്യ വികസന-സംരംഭകത്വ പദ്ധതികള്‍ ആവിഷ്കരിക്കണം. മികച്ച നൈപുണ്യ പരിശീലനത്തിലൂടെ സ്വകാര്യ മേഖലയിലെ മികച്ച തൊഴിലവസരങ്ങള്‍ ഈ സമൂഹത്തിന് നേടിക്കൊടുക്കാന്‍ കഴിയും.
അതോടൊപ്പം, ജെ.ബി. കോശി കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ സ്ഥാപനപരമായ സമ്മര്‍ദ്ദം തുടരണം. സര്‍ക്കാര്‍ സഹായങ്ങളെ മാത്രം ആശ്രയിക്കാതെ, സമൂഹത്തിന്റെ നേതൃത്വത്തില്‍ വികസന പദ്ധതികള്‍ രൂപപ്പെടുത്തുകയും അവയ്ക്കാവശ്യമായ ധനസമാഹരണം ഉറപ്പാക്കുകയും വേണം.
കേരള വികസന മാതൃകയുടെ വിജയഗാഥയ്ക്കിടയില് അദൃശ്യരായി തുടരുന്ന ഒരു സമൂഹമാണ് ലത്തീന്‍ കത്തോലിക്കര്‍. കൃത്യമായ ജനസംഖ്യാ വിവരങ്ങളുടെ അഭാവം മുതല്‍ വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ പിന്നാക്കാവസ്ഥ വരെ, ബഹുമുഖമായ വെല്ലുവിളികളാണ് ഈ സമൂഹം നേരിടുന്നത്. അതേസമയം, ഈ സമൂഹത്തിന്റെ ഏറ്റവും വലിയ ശക്തിയായ ഇടവക കേന്ദ്രീകൃത കൂട്ടായ്മാബോധവും പങ്കിട്ട സാംസ്കാരിക ജീവിതവും ശരിയായ രീതിയില്‍ പുനഃസംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍, അത് സാമൂഹിക മൂലധനമായി മാറുകയും വളര്‍ച്ചയുടെ ശക്തമായ അടിത്തറയാവുകയും ചെയ്യും. കുടുംബതലം മുതല്‍ ഇടവകതലം വരെ പങ്കാളിത്ത ആസൂത്രണം ശക്തിപ്പെടുത്തി വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നിക്ഷേപം വര്‍ധിപ്പിക്കുകയും, സാംസ്കാരിക ജീവിതത്തിന്റെ ഊര്‍ജ്ജം സാമ്പത്തിക അച്ചടക്കത്തിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുന്നതാണ് ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കുള്ള ഏറ്റവും യാഥാര്‍ഥ്യമായ വഴി.

