ലൂയീസ് തണ്ണിക്കോട്ട്
ഭാരതം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിലേക്കു കടക്കുകയാണ്. ഈ 80-ാം സ്വാതന്ത്ര്യദിനം രാഷ്ട്രം നമുക്ക് ഏല്‍പ്പിക്കുന്നത് ഒരു ചരിത്രദൗത്യമാണ്. ഭരണകൂടത്തിന്റെ കരുണയും കാര്യക്ഷമതയും അന്വേഷിക്കുന്ന യുവതലമുറയെ പ്രചോദിപ്പിക്കാനും അവരെ വിശ്വാസത്തിലെടുക്കാനും ഭാരതത്തിലെ ഭരണകൂട നേതൃത്വങ്ങള്‍ക്കും പൊതുജീവിതത്തിനും കഴിയണം എന്നതാണ് ആ ദൗത്യത്തിന്റെ കാതല്‍.
കാരണം, ഇന്ത്യയുടെ രാഷ്ട്രീയഭൂമിക ഇപ്പോള്‍ അപ്രതീക്ഷിതമായൊരു ബിംബസൃഷ്ടിയില്‍ എത്തിനില്‍ക്കുകയാണ്. NEET പരീക്ഷാ നടത്തിപ്പിലെ അഴിമതിയും അന്തര്‍ധാരകളും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി, വകുപ്പ് മന്ത്രിയുടെ രാജിയിലേക്ക് വരെ എത്തിച്ച യുവജനങ്ങളുടെ ‘പാറ്റ’ (CJP) സമരം അതിന് ഉദാഹരണമാണ്. കേരളത്തിന്റെ സമരചരിത്രത്തില്‍ അയ്യങ്കാളി നടത്തിയ ആദ്യകാല വിദ്യാഭ്യാസ സമരങ്ങളുടെ വിജയത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍, പാറ്റകളുടെ സമരവും വിജയക്കൊടി നാട്ടിയിരിക്കുന്നു.
പാറ്റകളുടെ മുഖംമൂടിയണിഞ്ഞ യുവപ്രക്ഷോഭകര്‍ ആക്ഷേപഹാസ്യത്തെ ഭരണഘടനാപരമായ ഭാഷയാക്കി പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ സമരത്തിന്റെ കാതലും കരുത്തും. രാജ്യത്തെ യുവതലമുറ രാഷ്ട്രീയഭാഷണത്തേക്കാള് ആക്ഷേപഹാസ്യത്തെ കൂടുതല്‍ ഫലപ്രദമായ പ്രതിഷേധഭാഷയായി കാണുന്നത് എന്തുകൊണ്ടാണ്?
ഈ ചോദ്യം ആഴത്തില്‍ ചിന്തിക്കുമ്പോഴാണ് നമ്മുടെ രാജ്യത്ത് പൗരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ ക്രമേണ ചുരുങ്ങിവരുന്നതും, തൊഴിലും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള യുവതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അസ്തമിച്ചുകൊണ്ടിരിക്കുന്നതുമായ യാഥാര്‍ഥ്യം തിരിച്ചറിയുന്നത്. അതോടൊപ്പം ഭരണകൂടങ്ങളുടെ തിരിഞ്ഞുനില്പ്പിന്റെ ഭാഷയും നമുക്ക് വായിച്ചെടുക്കാം. അവിടെയാണ് രാഷ്ട്രീയഭാഷണത്തേക്കാള് ആക്ഷേപഹാസ്യസംവേദനത്തിന്റെ പ്രസക്തി.
ഇന്ത്യന്‍ യുവതയില്‍ 35 വയസ്സില്‍ താഴെയുള്ളവര്‍ ഏതാണ്ട് 60 ശതമാനത്തോളം വരുന്നു. ഇന്നത്തെ യുവത അനുഭവിക്കുന്നതും കാണുന്നതുമായ ഇന്ത്യ, സ്വാതന്ത്ര്യസമരത്തിലൂടെ നേടിയെടുത്ത ജനാധിപത്യാദര്ശങ്ങള് അസ്തമിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമായിട്ടാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്.
മത്സരങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അവസരങ്ങള്‍ കുറയുകയും അസമത്വങ്ങള്‍ വളരുകയും ചെയ്യുന്നതാണ് യുവതയുടെ കാഴ്ചാനുഭവം. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ പാകത്തിലാണ് അവരുടെ മുന്നിലെ ഭാവി. അതുകൊണ്ടുതന്നെ ഭരണകൂടത്തെ ആശ്രയിക്കാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതയുടെ എണ്ണം കൂടിവരുന്നു. അന്യരാജ്യങ്ങളിലെ പഠനവും സ്ഥിരതാമസവും തേടി എങ്ങനെയെങ്കിലും പോയി രക്ഷപ്പെടണമെന്ന ആഗ്രഹവും ഇതിന്റെ പ്രതിഫലനമാണ്.
വളരുന്ന അസമത്വം, അധികാരമില്ലാത്തവന്റെ നിസ്സഹായത, ഇനിയും നിലനില്‍ക്കുന്ന സാമൂഹിക അസമത്വങ്ങള്‍, ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കുന്ന പുതിയ നിയമങ്ങള്‍, വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങള്ക്കുപോലും രാജ്യദ്രോഹത്തിന്റെയും വംശീയതയുടെയും മുദ്രകുത്തുന്ന അപകടകരമായ അവസ്ഥ, സാമൂഹികനീതി മരീചികയായി അകലുന്നു എന്ന ആശങ്ക-ഇതെല്ലാം ഇന്നത്തെ യുവതയുടെ നെടുവീര്‍പ്പുകളാണ്.
രാജ്യത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളായ പട്ടിണിയും തൊഴിലില്ലായ്മയും, ഗ്രാമ-മലയോര മേഖലകളിലെ അസ്വസ്ഥതകളും, തീരദേശങ്ങളിലെ നെടുവീര്‍പ്പുകളും, സാമൂഹിക അകലങ്ങളും, വ്യാപകമായ അഴിമതിയും യുവജനങ്ങളെ ഭരണകൂടങ്ങളോട് നിസ്സംഗരാക്കുന്നു. തങ്ങളുടെ കഴിവിനൊത്ത് വളരാനും വികസിക്കാനും സഹായിക്കുന്ന, അനുതാപവും കരുണയും നിറഞ്ഞ, പൗരന്മാരോട് ഉത്തരവാദിത്വമുള്ള ഭരണകൂടം എവിടെയെന്ന ചോദ്യം അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊള്ളുന്നു.
പൗരനും ഭരണകൂടവും ഇഴചേര്‍ന്നുള്ള ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ജനാധിപത്യത്തിന് അനിവാര്യമെന്ന ഓര്‍മയും നമുക്ക് നഷ്ടപ്പെടുന്നുവെന്ന തോന്നലുണ്ട്.
ജനാധിപത്യത്തിന്റെ കാവലാള്‍
ജനാധിപത്യം കേവലം ഭൂരിപക്ഷത്തിന്റെ ഭരണമല്ല. ന്യൂനപക്ഷത്തിന്റെ ശബ്ദത്തിനും വിയോജിപ്പുകള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുനല്‍കുന്ന സംവിധാനമാണത്. വിയോജിക്കാനുള്ള അവകാശത്തെ കുറ്റകൃത്യമായി കാണുന്ന ഭരണസംവിധാനം ആത്യന്തികമായി ഭയപ്പെടുന്നത് പൗരന്റെ ചിന്താശേഷിയെയാണ്.
ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് അവയുടെ ആത്മാവ് നഷ്ടപ്പെടുകയും ജുഡീഷ്യറി പോലും അധികാരകേന്ദ്രങ്ങളുടെ നിഴലിലാവുകയും ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്റെ കാവലാളാകേണ്ടത് ഉണര്‍ന്നിരിക്കുന്ന പൗരസമൂഹമാണ്. നിയമപുസ്തകങ്ങളിലെ അച്ചടിച്ച വാക്കുകളില്‍ മാത്രമല്ല, അധികാരികളോട് സത്യം വിളിച്ചുപറയാന്‍ പൗരന്മാര് കാണിക്കുന്ന ഭയരഹിതമായ നിലപാടുകളിലാണ് ജനാധിപത്യം ജീവസ്സുറ്റതായി നിലനില്‍ക്കുന്നത്.
നാം ആഘോഷിക്കുന്ന ഓരോ സ്വാതന്ത്ര്യദിനവും ഭാരതീയരായ നമ്മെ ഓര്‍മിപ്പിക്കേണ്ട സന്ദേശവും ഇതുതന്നെയാണ്.
ഈ സന്ദേശത്തിന്റെ ജീവസ്പന്ദനമുള്ള ജനാധിപത്യപ്രതിഷേധത്തിന്റെ തിരയാണ് നാം ജന്തര്‍ മന്ദിറില്‍ കണ്ട യുവജനമുന്നേറ്റം.
പാറ്റ പാര്‍ട്ടി (CJP) പെട്ടെന്നുണ്ടായതാണെങ്കിലും ഇന്ത്യയുടെ സമരചരിത്രം പരിശോധിച്ചാല്‍ ഭൂരിപക്ഷം സമരങ്ങളും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടവയല്ലെന്ന് കാണാം. വര്‍ഷങ്ങളായി ജനമനസ്സുകളില്‍ അടിഞ്ഞുകൂടുന്ന അനീതിയും അവഗണനയും നിരാശയും ഒടുവില്‍ തെരുവിലേക്ക് ഒഴുകിയെത്തുമ്പോഴാണ് ഒരു ബഹുജനപ്രക്ഷോഭം രൂപപ്പെടുന്നത്.
പാറ്റ പാര്‍ട്ടിയെയും ഇതില്‍നിന്ന് വിഭിന്നമായി കാണേണ്ടതില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ അനീതിയും അധാര്‍മികതയും പലതും അരങ്ങേറിയിട്ടും വലിയ കലാപങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ സമരങ്ങളുണ്ടായി, പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പലപ്പോഴും അവ ഭരണകൂടത്തിന്റെ മതിലുകള്‍ തുളച്ചുകയറുന്നതില്‍ പരാജയപ്പെട്ടു.
അവിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും ഭാരതത്തിന്റെ തെരുവിലിറങ്ങിയത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പാറ്റകളായി ഡല്‍ഹിയുടെ തെരുവുകളില്‍ പറന്നുനടന്നു. വര്‍ഷങ്ങളായി പുകഞ്ഞുനിന്ന കനല്, പരീക്ഷാപേപ്പര്‍ ചോര്‍ച്ച എന്ന അഗ്നിയില്‍ പാറ്റകളിലൂടെ ആളിക്കത്തി.
അപ്പോള്‍ ഡല്‍ഹിയുടെ തെരുവുകളില്‍ മറ്റൊരു മുദ്രാവാക്യമുയര്‍ന്നു:
”എപ്പോഴൊക്കെ യുവത തെരുവില്‍ നിറഞ്ഞുവോ, അപ്പോഴൊക്കെ മാറിയതാണ് ചരിത്രം.”
ആ ചരിത്രമാറ്റത്തിന്റെ പ്രതീകമായാണ് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെ ഈ പ്രക്ഷോഭം അവതരിപ്പിക്കുന്നത്.
മോദി സര്‍ക്കാരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുവജനപ്രക്ഷോഭത്തെ തുടര്‍ന്ന് ഒരു മന്ത്രി രാജിവയ്ക്കുന്നതെന്ന വാദം ശരിയാണെങ്കില്‍, അതിനെ ഒരു മന്ത്രിയുടെ രാജി എന്നതിനപ്പുറം വായിക്കേണ്ടതുണ്ട്. ഒരുമാസത്തോളം തെരുവില്‍ കഴിഞ്ഞ യുവതയുടെ ശബ്ദത്തെ അവഗണിച്ച ഭരണകൂടത്തിന്റെ പരാജയവും, സ്വന്തം ഭാവി തിരിച്ചുപിടിക്കാന്‍ തെരുവിലിറങ്ങിയ ഒരു തലമുറയുടെ വിജയഗാഥയും അതിലുണ്ട്.
യുവതലമുറയെ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യാമെന്ന ഭരണസംവിധാനങ്ങളുടെ മിഥ്യാധാരണയെ തിരുത്തിയെഴുതുന്ന മുന്നറിയിപ്പും അതിലുണ്ട്. ഗാന്ധിജിയുടെ അഹിംസാസമരത്തിന്റെ കാലികപ്രസക്തിയും ഈ സന്ദര്‍ഭം വീണ്ടും ഓര്‍മിപ്പിക്കുന്നു.
യുവജനദിനത്തിന്റെ സന്ദേശം
ഇത്തരം ഒരു മുന്നറിയിപ്പ് രാജ്യത്ത് ഉയര്‍ന്നുവരുന്ന നാളുകളില്‍ തന്നെയാണ് ആഗസ്റ്റ് 12 അന്താരാഷ്ട്ര യുവജനദിനമായി ആചരിക്കുന്നതും. കേരള കത്തോലിക്കാ സഭ ജൂലൈ അഞ്ചിന് യുവജനദിനം ആഘോഷിച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.
കെ.സി.ബി.സി.യുടെ യുവജന സര്‍ക്കുലറിലെ സന്ദേശവും പ്രസക്തമാണ്. യുവജനസംഘടനകള്‍ ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, നാശത്തിലേക്ക് നയിക്കുന്ന ലൗകികലഹരികള്ക്കു പകരം ക്രിസ്തുവിനെ അനുഗമിക്കുന്ന ആനന്ദമാകണം യുവത്വത്തിന്റെ യഥാര്‍ഥ ലഹരിയെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു.
സ്നേഹത്തിലധിഷ്ഠിതമായി നന്മ ചെയ്യാനുള്ള ആവേശത്തോടൊപ്പം, സുവിശേഷത്തിലെ നല്ല സമരിയാക്കാരനെപ്പോലെ കരുതലും കാരുണ്യവും നിറഞ്ഞ പരസ്നേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുവജനജീവിതത്തില് ഉണ്ടാകണമെന്നും അത് ആഹ്വാനം ചെയ്യുന്നു. മുന്‍വിധികളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കി യുവതയെ അഭിസംബോധന ചെയ്യാനുള്ള ശ്രമവും അതിലുണ്ട്.
പറഞ്ഞുവരുന്നത് ഇത്രമാത്രം-ഡല്‍ഹിയിലെ പാറ്റാസമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇന്നത്തെ ക്രൈസ്തവ യുവതയെക്കുറിച്ച് ഒരു ചെറുചിന്ത.
പള്ളിമുറ്റത്തെ യുവതയ്ക്ക് എന്തു സംഭവിച്ചു?
നമ്മുടെ പള്ളിമുറ്റങ്ങളിലെ കത്തോലിക്കാ ചെറുപ്പക്കാര്‍ക്ക് കുറച്ചുകാലമായി എന്താണ് സംഭവിച്ചത്?
ക്രിസ്തുശിഷ്യത്വത്തിന്റെ മാമോദീസാവെള്ളം തലയില്‍ ഏറ്റുവാങ്ങിയ, ക്രിസ്തുവിന്റെ രക്തം സിരകളിലോടുന്ന കേരളത്തിലെ കത്തോലിക്കാ യുവാക്കള്‍ക്ക് നാട്ടില്‍ നടക്കുന്ന അന്യായങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ഇത്രയും ഉദാസീനരാകാന്‍ എങ്ങനെയാണ് കഴിയുന്നത്?
കേരളത്തിലെ യുവജനസംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ‘ജയ് വിളി പിള്ളേര്’ മാത്രമായി ആവേശം കൊള്ളുന്നത് എന്തുകൊണ്ടാണ്? യുവത്വത്തിന് സഹജമെന്ന് നാം കരുതിപ്പോരുന്ന സാഹസികമായ ആദര്ശഭ്രമവും, അനീതി കാണുമ്പോള്‍ ചോദ്യം ചെയ്യാനുള്ള പ്രവാചകമനസ്സും ഏതു വഴിത്താരയിലാണ് ഇന്നത്തെ യുവജനത്തിന് കൈമോശം വന്നത്?
കേരളത്തിലെ യുവതയുടെ, പ്രത്യേകിച്ച് ക്രൈസ്തവ യുവതയുടെ, ശൈലി എന്നും ഇതായിരുന്നോ?
അല്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് അതിനും രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. അത് കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടതാണെന്ന് വാദിക്കാം. ശരി, സമ്മതിക്കുന്നു.
എന്നാല്‍ ഏറ്റവും പുതിയതായി, പാറ്റ പാര്‍ട്ടി (CJP) എന്ന പേരില്‍ രണ്ടരക്കോടിയിലേറെ വരുന്ന Gen Z സമൂഹം പ്രത്യക്ഷമായും പരോക്ഷമായും ജന്തര്‍ മന്ദിറില്‍ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചില്ലേ? ആ സൂര്യജ്വാല പോലെയല്ലെങ്കിലും, അത്തരം ജ്വലനത്തിന്റെ ഒരു ചെറുകൈത്തിരി വെളിച്ചമെങ്കിലും ക്രൈസ്തവ യുവതയില്‍ കാണാത്തതെന്തുകൊണ്ട്?
കാരണങ്ങള്‍ പലതും നമുക്ക് പറയാം. സഭാതലത്തില്‍ പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും കുറവുണ്ട്സമ്മതിക്കുന്നു. എന്നാല്‍ അതിനപ്പുറം ചില ചോദ്യങ്ങള്‍ കൂടി ചോദിക്കേണ്ടതുണ്ട്.
ഇന്ധനവിലയും പാചകവാതകവിലക്കയറ്റവും, വര്‍ഗീയധ്രുവീകരണവും, കാര്‍ഷിക-തീരദേശ മേഖലകളുടെ തകര്‍ച്ചയും, തൊഴിലില്ലായ്മയും, NEET പരീക്ഷയിലെ ക്രമക്കേടുകളും, വിദ്യാഭ്യാസരംഗത്തെ അഴിമതിയാരോപണങ്ങളും ചര്‍ച്ചയായപ്പോള്‍, കേരളത്തിലെ യുവത, പ്രത്യേകിച്ച് ക്രിസ്തുവിന്റെ വേരിലും പേരിലും നില്ക്കുന്ന ക്രൈസ്തവ യുവജനകൂട്ടായ്മകള്‍, എന്തു ചെയ്തു?
കുറെ പ്രസ്താവനകള്‍ ഇറക്കി. സുരക്ഷിത അകലത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തി.
അതിനപ്പുറം?
തിരുത്തല്‍ശക്തിയായി യുവത
പന്ത്രണ്ട് വര്‍ഷം പിന്നിട്ട മോദിഭരണകാലത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പലപ്പോഴും മൗനം പാലിച്ചപ്പോള്‍, പാറ്റ പ്രതിഷേധക്കൂട്ടങ്ങള്‍ തെരുവിലിറങ്ങി തിരുത്തല്‍ശക്തിയായി എത്തിയില്ലേ?
ഇത്തരം ഇടപെടലുകളാണ് യുവതയില്‍നിന്ന് കാലം ആവശ്യപ്പെടുന്നത്.
മാറ്റം അനിവാര്യമാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സമാപനസന്ദേശം പ്രത്യേകമായി യുവജനങ്ങളോടാണ് സംസാരിച്ചത്: നാളത്തെ സമൂഹത്തെ രൂപപ്പെടുത്തേണ്ടവരും മുന്‍തലമുറ രൂപംകൊടുത്ത ലോകത്തേക്കാള്‍ മെച്ചപ്പെട്ട ഒരു ലോകം ഉത്സാഹപൂര്‍വം കെട്ടിപ്പടുക്കേണ്ടവരും യുവജനങ്ങളാണെന്ന ഓര്‍മപ്പെടുത്തല്‍.
ഈ ഉത്തരവാദിത്വം ക്രിസ്തുവിശ്വാസികളായ ക്രൈസ്തവ യുവജനങ്ങള്‍ക്കും ബാധകമാണ്.
”ഒരു പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന ലക്ഷ്യത്തില്‍ വ്യക്തികളുടെ സമഗ്രവികാസവും സമൂഹത്തിന്റെ സമ്പൂര്‍ണ വിമോചനവും രൂപപ്പെടുത്തുക എന്നതായിരിക്കണം ഈ പുതുസൃഷ്ടിയുടെ ലക്ഷ്യം.
ഈ രൂപീകരണത്തിന് സഭയുടെ ഭാഗത്തുനിന്നുള്ള ആവശ്യമായ പ്രോത്സാഹനവും പ്രചോദനവും അത്യന്താപേക്ഷിതമാണ്. പ്രോത്സാഹനമില്ല എന്നതല്ല ഇവിടെ പറയുന്നത്; മറിച്ച് കൂടുതല്‍ പ്രചോദനവും ആവശ്യമായിടത്ത് തിരുത്തലും അനിവാര്യമാണ്.
അതോടൊപ്പം യുവജന-പുരോഹിത ബന്ധത്തില്‍ കൂടുതല്‍ വിശാലമായ തുറവിയും ഉണ്ടാകണം.
പല്ലവിപോലെ കേള്‍ക്കുന്ന ഒരു വാചകമുണ്ട്:
”യുവജനങ്ങള്‍ക്ക് അനുസരണയില്ല.”
യുവജനങ്ങള്‍ക്ക് വേണ്ടത് വായ് പൊത്തി നില്ക്കുന്ന അടിമയുടെ അനുസരണമല്ല. മറിച്ച് മക്കളുടെ അനുസരണമാണ്ചോദ്യങ്ങള് ചോദിക്കുന്ന, എതിര്‍പ്പ് അറിയിക്കുന്ന, സ്നേഹത്തോടെ തുറന്നുപറയുന്ന മക്കളുടെ അനുസരണം.
ഇത്തരം അനുസരണങ്ങളാണ് വിജയിച്ച കുടുംബങ്ങളുടെ അസ്ഥിവാരം എന്നതും മറക്കരുത്. കുടുംബങ്ങളുടെ കൂട്ടായ്മയാണല്ലോ സഭ.
കോവിഡാനന്തരം പള്ളിമുറ്റങ്ങളില്നിന്ന് യുവജനം അകലുന്നതും ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട വിഷയമാണ്.
യുവതയ്ക്ക് ഏതു ക്രിസ്തുവിനെ നല്‍കണം?
ഇതിനെക്കാളുമെല്ലാം അനിവാര്യമായത് യഥാര്‍ഥ ക്രിസ്തുവിനെ യുവജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നതാണ്.
അത്ഭുതങ്ങളുടെ സാക്ഷ്യം മാത്രം പറയുന്ന, ഭൗതികകാര്യസാധ്യങ്ങളുടെ ക്രിസ്തുവിനെയല്ല; വിമോചകനായ ക്രിസ്തുവിനെയാണ് യുവതയ്ക്ക് നല്‍കേണ്ടത്.
”ശബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന് ശബത്തിനുവേണ്ടിയല്ല” എന്നു പ്രഖ്യാപിച്ച ക്രിസ്തു.
ദേവാലയത്തിനകത്ത് കൂനിയായിരുന്ന സ്ത്രീയെ സുഖപ്പെടുത്തി അവള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ആകാശം കാണിച്ചുകൊടുത്ത ക്രിസ്തു.
വിധവയുടെ ചില്ലിക്കാശിന്റെ മൂല്യം തിരിച്ചറിഞ്ഞ ക്രിസ്തു.
സക്കേവൂസിന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയ ക്രിസ്തു.
കിണറ്റിന്കരയിലെ പാപിനിയുടെ വാക്കുകള്‍ കേട്ട ക്രിസ്തു.
വിശക്കുന്നവര്‍ക്ക് അപ്പം വിളമ്പിയ ക്രിസ്തു.
അതിലും കടന്ന്, ”എന്റെ പിതാവിന്റെ ആലയം കച്ചവടമാക്കിയവര്‍ക്ക്” നേരെ ചാട്ടവാര്‍ ഉയര്‍ത്തിയ ക്രിസ്തു.
ഈ ക്രിസ്തുവാകണം യുവതയുടെ ലഹരിയും ജീവിതസാക്ഷ്യവും.
ക്രിസ്തുവില്‍ അധിഷ്ഠിതമായ യുവത്വമാണ് ക്രിയാത്മകമായ യുവത്വം. യേശുവിന്റെ ജീവിതശൈലിയും ആദര്‍ശങ്ങളും പ്രവാചകമനസ്സും യുവജനങ്ങളുടെ ജീവിതത്തില്‍ സാക്ഷ്യമായി മാറുമ്പോഴാണ് യുവത്വം യഥാര്‍ഥത്തില്‍ ക്രിസ്തുകേന്ദ്രീകൃതമാകുന്നത്.
ആ യുവജനങ്ങളാണ് സഭയുടെ ശക്തി.
ആ ശക്തി സ്വാംശീകരിച്ചുകൊണ്ട് യേശുതമ്പുരാന്റെ പ്രവാചകദൗത്യത്തിന്റെ നേര്‍സാക്ഷികളാകാന്‍ ക്രൈസ്തവ യുവതയ്ക്ക് കഴിയണം.
യുവജനങ്ങളുടെ ഊര്‍ജവും നവീന ആശയങ്ങളും ക്രിസ്തുസാക്ഷ്യപ്രഘോഷണത്തില് പുതിയൊരു ദിശാബോധത്തിന്റെ അഗ്നിസ്തംഭമായിത്തീരണം.
കാലം അതാണ് കാത്തിരിക്കുന്നതും.
മറുമൊഴി
നമ്മുടെ സഭാസമൂഹത്തില്‍
വചനപ്രഘോഷകര്‍ക്കും,
അദ്ഭുതരോഗശാന്തിക്കാര്ക്കും,
തേന്‍ ഒലിപ്പിക്കുംപോലെ സംസാരിക്കുന്ന മോട്ടിവേഷന്‍ പ്രസംഗകര്‍ക്കും
ഉള്ള സ്വീകാര്യത,
സത്യം വിളിച്ചുപറയുകയും
ആത്മപരിശോധന നടത്തുകയും ചെയ്യുന്ന
സഭാംഗങ്ങള്‍ക്ക് ഉണ്ടോ?
- ജോണി ലൂക്കോസ്
സത്യദീപം വാരിക

