ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ) ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റിക്ക് (ജെപിസി) വിട്ട സാഹചര്യത്തിൽ, ബില്ലിലെ കിരാതമായ വ്യവസ്ഥകൾ ഒഴിവാക്കുന്നതിനായി സർക്കാരുമായി ചർച്ച തുടരുമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) വ്യക്തമാക്കി.
എഫ്സിആർഎ ഭേദഗതി ബിൽ പൂർണമായും പിൻവലിക്കണമെന്നായിരുന്നു കത്തോലിക്കാ സഭയുടെയും വിവിധ എൻജിഒകളുടെയും ആവശ്യം. സർക്കാർ ബിൽ പിൻവലിക്കാൻ തയാറാകുമെന്ന പ്രതീക്ഷയിലായിരുന്നു സഭ. എന്നാൽ അവസാനഘട്ടത്തിൽ ബിൽ ജെപിസിക്ക് വിടണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു.ബിൽ ജെപിസിക്ക് അയച്ചത് ഭാഗികമായെങ്കിലും തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതായി കാണുന്നതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു. ബിൽ പൂർണമായും പിൻവലിക്കണമെന്ന ആവശ്യം പാർലമെൻ്റിൽ ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.ജെപിസിക്ക് ബിൽ കൈമാറിയതോടെ സർക്കാരുമായി തുടർന്നും സംവാദം നടത്താൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫാ. മാത്യു കോയിക്കൽ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട കക്ഷികളെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിക്കുമ്പോൾ സഭയുടെ ആശങ്കകൾ വ്യക്തമാക്കുകയും കഠിനമായ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
അതേസമയം, ജെപിസിയുടെ പരിഗണനയ്ക്കുശേഷം ബില്ലിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് ക്രൈസ്തവ സഭയ്ക്ക് ലഭിക്കുന്ന സംഭാവനകൾ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരം സേവനപ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സംഭാവനകൾ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

