കൊച്ചി: ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കണമെന്ന് കേരള മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ ആവശ്യപ്പെട്ടു. ക്വിറ്റ് ലിക്കർ ഡേ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച സംസ്ഥാനതല ഉപവാസ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് വേട്ടകൊണ്ടുമാത്രം സമൂഹത്തിലെ ലഹരി വ്യാപനം തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ ചികിത്സയ്ക്കും പുനരധിവാസത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ചികിത്സാ-പുനരധിവാസ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അഡ്വ. ചാർളി പോൾ ആവശ്യപ്പെട്ടു.ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറമ്പേൽ, ഷൈബി പാപ്പച്ചൻ, ഹിൽട്ടൺ ചാൾസ്, കെ.കെ. വാമലോചനൻ, എം.എൽ. ജോസഫ്, മർക്കോസ് എബ്രാഹം എന്നിവർ പ്രസംഗിച്ചു.

