ജെയിംസ് അഗസ്റ്റിൻ
ഇന്ത്യൻ സിനിമയിലെ 1992-ലെ മികച്ച ഗായികയ്ക്കുള്ള അവാർഡ് പ്രഖ്യാപനം വന്നയുടനെ മികച്ച ഗായികയ്ക്കുള്ള അവാർഡ് നേടിയ എസ്. ജാനകിയോട് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞു. അവാർഡ് നേട്ടത്തിൽ വലിയ സന്തോഷം പ്രകടിപ്പിക്കാതെ ജാനകിയമ്മ പറഞ്ഞു. ‘റോജ എന്ന സിനിമയിൽ ചിന്ന ചിന്ന ആശൈ എന്ന പാട്ടു പാടിയ മിൻമിനി എന്ന കുട്ടിക്കായിരുന്നു ഈ അവാർഡ് ലഭിക്കേണ്ടത്.മിൻമിനിക്ക് കിട്ടിയിരുന്നെങ്കിൽ എനിക്ക് കൂടുതൽ സന്തോഷമാകുമായിരുന്നു.’
സംഗീതരംഗത്തേക്ക് കടന്നുവന്ന ഒരു പുതുഗായികയെ പ്രശംസിക്കാനും തന്നെക്കാളും നന്നായി അവർ ഈ വർഷം പാടി എന്ന് ലോകത്തോട് തുറന്നു പറയാനുമുള്ള നന്മയും ഹൃദയവിശാലതയും ജാനകിയമ്മയ്ക്ക് ഉണ്ടായിരുന്നു. കിടമത്സരത്തിന്റെയും കാലുവാരലുകളുടെയും ഗ്രൂപ്പുകളികളുടെയും അപവാദകഥകൾ ഉയരുന്ന സിനിമാ മേഖലയിൽ വിശുദ്ധിയുടേയും എളിമയുടേയും അംബാസഡർ ആയിരുന്ന ജാനകിയമ്മ വിട പറഞ്ഞത് പാട്ടുകളോടൊപ്പം നന്മ നിറഞ്ഞ ജീവിതസാക്ഷ്യവും നല്കിയാണ്.
എസ്.ജാനകിയുടെ സിനിമാഗാനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ മാധ്യമങ്ങളിലും വിപുലമായ വാർത്തകളും ഗവേഷണക്കുറിപ്പുകളും വന്നിരുന്നു.ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് റെക്കോർഡിങ് ആരംഭിച്ച കാലം മുതൽ ഭക്തിരസം നിറഞ്ഞ ഗാനങ്ങൾ ജാനകിയമ്മ നമുക്കായി പാടിയിട്ടുണ്ട്.സിനിമയിൽത്തന്നെ ജാനകിയമ്മ പാടിയ ഭക്തിഗാനങ്ങൾ നമ്മുടെ ആരാധനയുടെയും നിത്യപ്രാർത്ഥനയുടെയും ഭാഗമായിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു.സന്ധ്യപ്രാർത്ഥനയ്ക്കു ശേഷം നമ്മുടെ വീടുകളിൽ പാടിയിരുന്ന ‘ഞാനുറങ്ങാൻ പോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്’എന്ന ഗാനം മലയാളികൾ കേട്ടത് ജാനകിയമ്മയുടെ ശബ്ദത്തിലൂടെയാണ്.1964-ൽ വരാപ്പുഴ അതിരൂപതയുടെ മതബോധനവിഭാഗം തയ്യാറാക്കിയ പാട്ടു പുസ്തകത്തിലെ ഈ ഗാനം എഴുതിയത് വർഗീസ് മാളിയേക്കൽ ആണ്.ജോബ് & ജോർജ് ഈണം നൽകിയ ഈ ഗാനം പിന്നീട് തൊമ്മന്റെ മക്കള് എന്ന സിനിമയിൽ ചേർക്കുകയായിരുന്നു.കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ ലോകമെങ്ങുമുള്ള മലയാളികൾ പലരാജ്യങ്ങളിലിരുന്നു പാടി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തൊരു പാട്ടുണ്ട്.’ലോകം മുഴുവൻ സുഖം പകരാനായ്സ്നേഹദീപമേ മിഴിതുറക്കൂ’ പി. ഭാസ്കരൻ എഴുതി പുകഴേന്തി സംഗീതം നൽകിയ ഈ ഗാനം സ്നേഹദീപമേ മിഴി തുറക്കൂ (1972) എന്ന സിനിമയിലേതാണ്.1993-ൽ റിലീസ് ചെയ്ത സമാഗമം എന്ന സിനിമയ്ക്കായി പ്രൊഫ.ഒ.എൻ.വി.കുറുപ്പ് എഴുതി ജോൺസൺ സംഗീതം നൽകിയ ‘വാഴ്ത്തിടുന്നിതാ സ്വർഗനായകാ കാത്തുകൊൾക നീ സർവദായകാ’ എന്ന ഗാനവും എസ്. ജാനകിയുടെ ആലാപനമാധുര്യത്താൽ ശ്രദ്ധേയമായതാണ്.1960-കളിൽ മലയാളത്തിൽ ഭക്തിഗാനങ്ങൾ വിപണിയിൽ ലഭിച്ചിരുന്നത് ഗ്രാമഫോൺ,എൽ.പി.റെക്കോർഡുകളിലൂടെയായിരുന്നു. എസ് .ജാനകി പാടിയ പാട്ടുകൾ എൽ.പി.റെക്കോർഡുകളിൽ നിന്നും കേട്ടു പഠിച്ചു നമ്മുടെ പള്ളികളിൽ ഗായകസംഘങ്ങൾ പാടുന്നത് പതിവായിരുന്നു.അങ്ങനെ നമ്മുടെ തിരുക്കർമങ്ങളിൽ പാടുന്ന ഒരു മരിയകീർത്തനമുണ്ട്.’അംബികേ നാഥേ കന്യകേ ത്രീലോക രാജ്ഞിയായ് മേവുന്നോളെ പാടുന്നു ഞങ്ങൾ തൻ മാനസവീണകൾ നിൻസ്തുതിഗീതകങ്ങൾ’മാർക്കോസ് ഓലിക്കൽ എഴുതിയ ഈ ഗാനത്തിന് സംഗീതം നൽകിയത് ജോയ് തോട്ടാനാണ്.എ.ജോർജ് എഴുതി എം.ജെ.ആന്റണി സംഗീതം നൽകിയ ‘കണ്ണിനു കർപ്പൂരധാര ചൊരിയുന്ന കമനീയരൂപനേ കരളിൽ പീയൂഷമാരി പൊഴിയുന്ന യേശു മഹേശനേ’എന്ന ഗാനവും ആദ്യകാലഭക്തിഗാനങ്ങളിൽ പ്രചാരം നേടിയ പാട്ടുകളിൽ ഒന്നാണ്’.’അൾത്താരയിൽ വാഴും ആത്മനാഥാ മുഴങ്കാൽ മടക്കി ഞാൻ തിരുസന്നിധിയിൽ അഞ്ജലി കൂപ്പി ഉയർത്തിടുന്നു എന്നന്തരാത്മാവിൻ നെടുവീർപ്പുകൾ’ എന്ന വരികളുടെ അർഥം പൂർണമായി ഹൃദയത്തിലുൾക്കൊണ്ട് ജാനകിയമ്മ പാടിയിട്ടുള്ളത് ഇപ്പോഴത്തെ പാട്ടുകാർക്ക് ഒരു പാഠപുസ്തകം പോലെ സ്വീകരിക്കാവുന്നതാണ്.സിസ്റ്റർ ആൻ എഴുതിയ ഈ ഗാനത്തിന് ഈണം നൽകിയത് എം.ജെ.ആന്റണിയാണ്.സംഗീതസുവിശേഷം എന്ന പേരിൽ ഫാ.ആബേൽ എഴുതി കെ.കെ. ആന്റണി സംഗീതം നൽകിയ എൽ.പി.റെക്കോർഡിൽ ഒരു താരാട്ടുപാട്ടുണ്ട്. യേശുവിന്റെ ജനനം മുതൽ മരണം വരെ ഗാനരൂപത്തിൽ അവതരിപ്പിച്ച ഈ ആൽബത്തിൽ ഉണ്ണിയേശുവിനെ താരാട്ട് പാടിയുറക്കുന്ന മാതാവിന്റെ താരാട്ട് ജാനകിയമ്മയുടെ സ്വരത്തിലാണ് മലയാളികൾ കേട്ടത്.’രാരിരോ പൊന്നുണ്ണി രാരിരാരോ കുളിരുകോരും പാതിരാവിൽ തളിരിട്ട കിനാവല്ലേ കതിരിട്ട വാഗ്ദാനം ബെത്ലഹേമിൽ പൂത്തതല്ലേ’എം.ജെ.തോമസ് എഴുതി സംഗീതം നൽകിയ ‘മേരീമനോജ്ഞേ ദേവമാതാവേ പാപികൾക്കാശ്രയം നീയേ ഞങ്ങൾക്കഭയം നീയേ’എന്ന ഗാനവും ഇന്നും മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ പാടുന്നുണ്ട്.സന്തോഷ് കെ.ജോൺ എഴുതി വിൻസെന്റ് ഗോമസ് സംഗീതം നൽകിയ ‘ദേവ നിൻ സന്നിധിയിൽ എൻ വേദനയാതനകൾ സദയം ഞാൻ സമർപ്പിക്കുന്നു ആശ്വാസമാനന്ദം നൽകീടണെ’എന്ന ഗാനം ഗ്ലോറീസ് ഡിവൈൻ എന്ന എൽ.പി.റെക്കോർഡിൽ നിന്നും കേൾക്കാം.ഇപ്പോൾ ഈ പാട്ടുകളെല്ലാം യൂട്യൂബിൽ കേൾക്കാൻ സാധിക്കും.പുതുതലമുറയിലെ സംഗീതസംവിധായകരുടെ ഭക്തിഗാനങ്ങളും ജാനകിയമ്മ പാടിയിട്ടുണ്ട്.പ്രപഞ്ചം എന്ന കസ്സറ്റിൽ ബ്രദർ വർഗീസ് ഒലിപ്പുറം എഴുതി പീറ്റർ ചേരാനെല്ലൂർ സംഗീതം നൽകിയ ‘എഫ്രായീം നീയെന്റെ വത്സലപുത്രൻ പൊന്നോമനക്കുട്ടൻ നീ നിന്നോടുള്ളെൻ സ്നേഹം അവർണനീയം’ എന്ന ഗാനം പ്രശസ്തമാണ്.മോചനം എന്ന കസറ്റിൽ ചിറ്റൂർ ഗോപി എഴുതി ടോമിൻ തച്ചങ്കരി സംഗീതം നൽകിയ ‘നാഥാ ആത്മാവിനെ തന്നീടണേ നീയെൻ ആശ്വാസമായ് വന്നീടണേ’എന്ന ഗാനവും ജാനകിയമ്മയുടെ സ്വരമായി നമ്മളിലെത്തി.മലയാളികൾക്ക് ഭക്തിയുടെ സ്വരം കൂടിയായിരുന്നു ജാനകിയമ്മയുടേത്.വിട പറഞ്ഞാലും ഈ പാട്ടുകൾ നമ്മുടെ ആലയങ്ങളിൽ അലയടിച്ചുകൊണ്ടേയിരിക്കും.പ്രണാമം.

