കൊച്ചി: കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആഗസ്റ്റ് 3-ന് നടന്ന കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) സമ്മേളനത്തിൽ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും മെത്രാന്മാർ പങ്കെടുത്തു. സംസ്ഥാനത്തെയും സഭയെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്തു.
പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ജൂലൈ 27-ന് ഏഴാം തവണയും കരട് വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ, കേരളത്തിലെ ജനവാസമേഖലകളും കൃഷിഭൂമിയും പൂർണമായും ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.നിലവിലെ മാപ്പിൽ 123 റവന്യൂ വില്ലേജുകളിലായി ലക്ഷക്കണക്കിന് ഏക്കർ ജനവാസമേഖലകളും കൃഷിഭൂമിയും ഉൾപ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നതായി കെസിബിസി ചൂണ്ടിക്കാട്ടി. റവന്യൂ വില്ലേജുകളും ഇഎസ്എ അതിർത്തികളും കൃത്യമായി വേർതിരിച്ച് ഫീൽഡ് സർവേ നടത്തുന്നതിൽ വർഷങ്ങളായി ഉണ്ടായ അലംഭാവമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അഭിപ്രായപ്പെട്ടു.
തമിഴ്നാടും ഗോവയും പോലുള്ള സംസ്ഥാനങ്ങൾ ഉപഗ്രഹ-ഫീൽഡ് സർവേകളിലൂടെ അതിർത്തികൾ കൃത്യമായി നിർണയിച്ച് ജനവാസകേന്ദ്രങ്ങളെ ഇഎസ്എ പരിധിയിൽനിന്ന് സംരക്ഷിച്ചപ്പോൾ, കേരളത്തിൽ ഇതുവരെ വ്യക്തമായ അതിർത്തി നിർണയം സാധിച്ചിട്ടില്ലെന്നത് ഖേദകരമാണെന്നും കെസിബിസി വ്യക്തമാക്കി.ജനവാസമേഖലകളും കൃഷിഭൂമിയും പൂർണമായും ഒഴിവാക്കി റവന്യൂ വില്ലേജുകളെ കൃത്യമായി തരംതിരിക്കുന്നതിനും കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തുന്നതിനുമായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏകോപിച്ച് പ്രവർത്തിച്ച് കേരളത്തിലെ കർഷകർക്ക് ആശ്വാസം നൽകുന്ന ശാശ്വത പരിഹാരം എത്രയും വേഗം കണ്ടെത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടമായവർക്ക് സമ്മേളനം ആദരാഞ്ജലികൾ അർപ്പിക്കുകയും ദുരിതബാധിതർക്കൊപ്പം സഭയുടെ പ്രാർഥനയും ഐക്യദാർഢ്യവും അറിയിക്കുകയും ചെയ്തു.

