കൊച്ചി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര സർക്കാർ ജൂലൈ 27-ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ ജനവാസമേഖലകളും കൃഷിഭൂമിയും പൂർണമായും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) ആവശ്യപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന കെസിബിസി സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ഇഎസ്എ വിഷയത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഏഴാം തവണയാണ് കരട് വിജ്ഞാപനം പുതുക്കി പ്രസിദ്ധീകരിക്കുന്നത്. നിലവിലെ കരട് പ്രകാരം കേരളത്തിലെ 123 റവന്യു വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയായി രേഖപ്പെടുത്തിയിട്ടുള്ളത്.
ലക്ഷക്കണക്കിന് ഏക്കർ ജനവാസമേഖലകളും കൃഷിഭൂമിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. റവന്യു വില്ലേജുകളുടെയും അതിർത്തികളുടെയും കൃത്യമായ തരംതിരിവും ഫീൽഡ് സർവേയും വർഷങ്ങളായി നടത്തുന്നതിൽ ഉണ്ടായ അലംഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് കെസിബിസി വിലയിരുത്തി. തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ ഉപഗ്രഹ-ഫീൽഡ് സർവേകളിലൂടെ അതിർത്തികൾ കൃത്യമായി നിർണയിച്ച് ജനവാസമേഖലകളെ ഇഎസ്എ പരിധിയിൽനിന്ന് സംരക്ഷിച്ചപ്പോൾ, കേരളത്തിൽ ഇതുവരെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന വിധത്തിൽ അതിർത്തി നിർണയം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രവർത്തിച്ച് പശ്ചിമഘട്ട വിഷയത്തിൽ കേരളത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടമായവർക്ക് സമ്മേളനം ആദരാഞ്ജലി അർപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാന സർക്കാരിന് കേരള കത്തോലിക്കാ സഭയുടെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു.അടിക്കടി ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി, പുഴകളുടെയും ഡാമുകളുടെയും ആഴം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള ദീർഘകാല പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കെസിബിസി സമ്മേളനത്തിൽ കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളിലെയും മെത്രാന്മാർ പങ്കെടുത്തു. വിവിധ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു. സമ്മേളനത്തെ തുടർന്നാരംഭിച്ച മെത്രാന്മാരുടെ വാർഷിക ധ്യാനം ഓഗസ്റ്റ് 7-ന് സമാപിക്കും.

