ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) രാജ്യവ്യാപകമായി ആഹ്വാനം ചെയ്തു. ദുരിതബാധിതർക്ക് ഉദാരമായ പിന്തുണ നൽകണമെന്ന് രാജ്യത്തെ എല്ലാ രൂപതകൾ, സന്യാസസമൂഹങ്ങൾ, ഇടവകകൾ, കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സുമനസുകൾ എന്നിവരോടാണ് സിബിസിഐ അഭ്യർഥിച്ചത്. കത്തോലിക്ക സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ജൂലൈ 19 മുതൽ തുടരുന്ന ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും അസമിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 85-ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരാകുകയും ചെയ്തു. വീടുകൾ, കൃഷിയിടങ്ങൾ, കന്നുകാലികൾ, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായി. ഏകദേശം രണ്ടര ലക്ഷം പേരെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകൾ.
ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും 75,583 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. 437 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതോടെ 17,198 ഹെക്ടർ കൃഷിഭൂമിയും നശിച്ചു. ശുദ്ധജലം, ഭക്ഷണം, ശുചിത്വ സാമഗ്രികൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ദുരിതബാധിതർക്ക് അടിയന്തരമായി ലഭ്യമാക്കേണ്ട സാഹചര്യമാണെന്ന് സിബിസിഐ വ്യക്തമാക്കി.
ദിബ്രുഗഢ് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സേവാകേന്ദ്രയുമായി സഹകരിച്ച് കാരിത്താസ് ഇന്ത്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സിബിസിഐ പ്രസിഡന്റ് കർദിനാൾ ആന്റണി പൂളയും കാരിത്താസ് ഇന്ത്യ ചെയർമാൻ ആർച്ച് ബിഷപ്പ് ലിനസ് നെലിയും പ്രളയബാധിതർക്കായി പ്രാർത്ഥനയിലും സഹായപ്രവർത്തനങ്ങളിലും പങ്കുചേരാൻ വിശ്വാസിസമൂഹത്തോട് അഭ്യർഥിച്ചു. ദുരന്തമുഖത്ത് കാരുണ്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും സാക്ഷികളാകണമെന്നും അവർ ആഹ്വാനം ചെയ്തു.

