തിരുവനന്തപുരം : കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയ രൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (KRLCC) വളർച്ചയുടെ മുന്നേറ്റത്തിന്റെ 25 മഹിത വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വർഷം രാജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണലുകളെ ഒരുമിച്ച് ചേർത്ത് പ്രൊഫഷണൽസ് കോണ്‍ക്ലേവ് 2026 സംഘടിപ്പിക്കുന്നു.
പ്രൊഫഷണലുകളെ ശാക്തീകരണവും സമൂഹത്തിന്റെ മുന്നേറ്റവും എന്ന ലക്ഷ്യത്തോടെ വിജയപുരം രൂപതയുടെ ആദിദേയത്വത്തിലാണ് ഈ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.ഗവേഷകർ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, ഭരണാധികാരികൾ, സംരംഭകർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള മുന്നൂറിലധികം ലത്തീൻ കത്തോലിക്കാ പ്രൊഫഷണലുകളുടെ ബുദ്ധിയും വൈദഗ്ധ്യവും നേതൃപാടവവും ഈ സുപ്രധാന സംഗമത്തിൽ ഒന്നിക്കുന്നു.
കെ.ആർ.എൽ.സി.സി പ്രൊഫഷണൽസ് കോണ്‍ക്ലേവ് 2026 ഓഗസ്റ്റ് 2, 2026-ന് കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ (വിജയപുരം രൂപത) വച്ച് നടക്കും.ഈ ചരിത്രസംഗമത്തിന്റെ ഉദ്ഘാടനം കേരള ജലസേചന-ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവ്വഹിക്കും.കെ.ആർ.എൽ.സി.ബി.സി, കെ.ആർ.എൽ.സി.സി, കെ.സി.ബി.സി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷപ്രസംഗം നടത്തുന്നതാണ്. കേരള സർക്കാർ മുൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥയുമായ ലിഡാ ജേക്കബ് ഐ.എ.എസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.7 വ്യത്യസ്ത മേഖലകളിൽ നിന്നായി 300 പ്രതിനിധികൾ ഈ കോണ്‍ക്ലേവിൽ പങ്കാളികളാകും:
മേഖല 1: അക്കാദമിക് വിദഗ്ധർ (Academicians)മേഖല 2: പൊതുസേവകർ (Public Servants)മേഖല 3: ആരോഗ്യ വിദഗ്ധർ (Health Professionals)മേഖല 4: നിയമ വിദഗ്ദ്ധർ (Legal Professionals) മേഖല 5: അധ്യാപകർ / വിദ്യാഭ്യാസ പ്രവർത്തകർ (Educators) മേഖല 6: എൻജിനീയർമാർ / സംരംഭകർ (Engineers / Entrepreneurs) മേഖല 7: സ്ഥാപന മേധാവികൾ (Institutional Heads)
കോൺക്ലേവിന്റെ പ്രധാന ലക്ഷ്യങ്ങൾ:ഏകോപനം: നമ്മുടെ പ്രൊഫഷണൽ സമൂഹത്തിന്റെ ശേഷിയും അറിവും ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കായി സംയോജിപ്പിക്കുക, ഒപ്പം യുവതലമുറയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക.സമൂഹ ശാക്തീകരണം: യുവജനങ്ങൾക്ക് വഴികാട്ടലും പ്രചോദനവും നൽകുന്നതോടൊപ്പം, ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയ്ക്കായി വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ കഴിവുകളും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുക. പ്രതിസന്ധികളും പരിഹാരങ്ങളും കണ്ടെത്തൽ: സമൂഹം നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾ മനസ്സിലാക്കുകയും വിദ്യാഭ്യാസം, ധനകാര്യം, സമൂഹം, തൊഴിൽ തുടങ്ങിയ മേഖലകളിലെ വികസന സാധ്യതകൾ വിശകലനം ചെയ്യുകയും ചെയ്യുക. സ്ട്രാറ്റജിക് കൂട്ടായ്മ: ഗവേഷണം, ശാക്തീകരണം, സംരംഭകത്വം, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്കായി പ്രൊഫഷണൽ നെറ്റ്വർക്ക് രൂപീകരിക്കുകയും, ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പ്രൊഫഷണൽ ഫോറം സ്ഥാപിക്കുകയും ചെയ്യുക. വിഷയാധിഷ്ഠിത നെറ്റ്വർക്കുകളും മാർഗ്ഗനിർദ്ദേശവും: വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി ഗൈഡൻസ് സെന്ററുകൾ ആരംഭിക്കുന്നതിനൊപ്പം, ഗവേഷണത്തിനും ദീർഘകാല പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുന്ന വിഷയാധിഷ്ഠിത വിദഗ്ദ്ധ ഗ്രൂപ്പുകൾ രൂപീകരിക്കുക. തുടർ പ്രവർത്തനങ്ങൾ:ഈ കോൺക്ലേവ് ഒരു ഒറ്റപ്പെട്ട പരിപാടിയല്ല, മറിച്ച് തുടർച്ചയായ ഒരു പ്രൊഫഷണൽ കൂട്ടായ്മയുടെ അടിത്തറയാണ്. പരിപാടിക്ക് ശേഷം വിഷയാധിഷ്ഠിത ഫോറങ്ങൾ, ഗവേഷണ ഗ്രൂപ്പുകൾ, സെന്റർ ഓഫ് എക്സലൻസുകൾ, തുടർച്ചയായ കരിയർ മാർഗ്ഗനിർദ്ദേശ ശൃംഖലകൾ എന്നിവ വഴി പ്രൊഫഷനലുകളുടെ സഹായത്തോടെ തുടർ പ്രവർത്തനങ്ങൾ ഉറപ്പാക്കും. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഘടന നേതാക്കൾ, അടിസ്ഥാന ക്രൈസ്തവ സമൂഹ (ബി സി സി) ഭാരവാഹികൾ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ എന്നിവർക്കായി അൽമായ കോൺക്ലവ് ഒക്ടോബർ മാസത്തിലും വൈദികർക്കും സന്യസ്തർക്കുമായി ക്ലെർജി ആൻഡ് റിലീജിയസ് കോൺക്ലവ് നവംബർ മാസത്തിലും സംഘടിപ്പിക്കുന്നുണ്ട്.

