വത്തിക്കാൻ സിറ്റി: വത്തിക്കാനും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ ബാമെങ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ബിഷപ്പ് ഫ്രാൻസിസ് സേവ്യർ ദുവാൻ യോങ്കുൻ ജൂലൈ 29-ന് അഭിഷിക്തനായി.
ജൂൺ 15-ന് ലിയോ പാപ്പായാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.1980 ഡിസംബർ 6-ന് ഇന്നർ മംഗോളിയയിലെ ഹാങ്ജിൻ ഹൗചിയിൽ ജനിച്ച ബിഷപ്പ് ദുവാൻ യോങ്കുൻ, ഹെബെയ് ദൈവശാസ്ത്ര സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം ബെയ്ജിംഗ് സർവകലാശാലയിലും ബെയ്ജിംഗ് ഫോറിൻ സ്റ്റഡീസ് സർവകലാശാലയിലും ഉന്നതപഠനം നടത്തി.2011 ജനുവരി 1-ന് ബാമെങ് രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് തായ്വാനിലെ ഫുജെൻ കത്തോലിക്ക സർവകലാശാലയിൽ പഠനം തുടർന്നു. 2016 മുതൽ പ്രാദേശിക പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായും തുടർന്ന് ബാമെങ് രൂപതയുടെ വികാരി ജനറലായും കത്തീഡ്രൽ ദേവാലയത്തിന്റെ വികാരിയായും സേവനമനുഷ്ഠിച്ചു.
അജപാലന, വിദ്യാഭ്യാസ, ഭരണ മേഖലകളിലെ സമ്പന്നമായ അനുഭവങ്ങളുമായാണ് അദ്ദേഹം പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. വത്തിക്കാനും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി നടന്ന ഈ മെത്രാഭിഷേകം, ചൈനയിലെ കത്തോലിക്ക സഭയുടെ വളർച്ചയിൽ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

