ഇറ്റാനഗർ: തുടർച്ചയായ കനത്ത മൺസൂൺ മഴയെ തുടർന്ന് അരുണാചൽ പ്രദേശിലെ കുറുങ് കുമെയ് ജില്ലയിലെ അതിർത്തി പട്ടണമായ പാർസി പാർലോയിൽ ഉണ്ടായ അതിവേഗ പ്രളയം വ്യാപക നാശനഷ്ടങ്ങൾ വിതച്ചു. കുമെയ് നദി അപകടനിരപ്പ് പിന്നിട്ടതിനെ തുടർന്ന് ദേവാലയം ഒലിച്ചുപോകുകയും സ്കൂളുകളും സർക്കാർ കെട്ടിടങ്ങളും തകരാറിലാകുകയും റോഡ് ഗതാഗതം പൂർണമായും വിച്ഛേദിക്കപ്പെടുകയും ചെയ്തു.
തുടർച്ചയായ മഴയെ തുടർന്ന് പാർസി പാർലോ നദിയിലെ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ പുലർച്ചെയോടെയാണ് പ്രളയം ഉണ്ടായത്. പ്രളയജലം പാർപ്പിട മേഖലകളിലേക്കും പൊതുമേഖലാ അടിസ്ഥാന സൗകര്യങ്ങളിലേക്കും ഇരച്ചുകയറി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കെട്ടിടങ്ങളിൽ ഒന്നായ സെന്റ് തോമസ് ദേവാലയം പ്രളയജലത്തിന്റെ ശക്തമായ ഒഴുക്കിൽ പൂർണമായും ഒലിച്ചുപോയി.
അതേസമയം, അപകടകരമായ വിധത്തിൽ ജലനിരപ്പ് ഉയരുന്നതിനിടെ ജീവൻ പണയം വെച്ചും പള്ളിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അരുളിക്കയും അസിസ്റ്റന്റ് വികാരി ഫാ. കൃപ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പൗരോഹിത്യ ശുശ്രൂഷയുടെയും നിസ്വാർത്ഥ അജപാലനത്തിന്റെയും നേർചിത്രങ്ങളായി മാറിയിരിക്കുകയാണ്
കൂടാതെ,ഒന്നിനെക്കുറിച്ചും ആകുലതയില്ലെന്ന് പ്രതികരിച്ച ഫാ കൃപ, ഈ ലോകത്തിലേക്ക് ഒന്നും നാം കൊണ്ടുവന്നിട്ടില്ലെന്നും ഒന്നും കൊണ്ടുപോകുകയില്ലെന്നും കൂട്ടിച്ചേർത്തു . അപ്രതീക്ഷിതമായി കടന്നുവന്ന വിപത്തിലും പതറാത്ത ദൈവാശ്രയത്വത്തിന്റെ പ്രതിഫലനമായി മാറുകയാണ് ഫാ കൃപയുടെ വാക്കുകൾ
പ്രളയം ഇടവകയുടെ വിദ്യാഭ്യാസ-താമസ സൗകര്യങ്ങളെയും ഗുരുതരമായി ബാധിച്ചു. ഇടവക സ്കൂൾ പൂർണമായും വെള്ളത്തിനടിയിലായപ്പോൾ വൈദികഭവനത്തിനും സന്യാസിനി മഠത്തിനും വ്യാപകമായ നാശനഷ്ടമുണ്ടായി. ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്നതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമായി.
പ്രാദേശിക ഭരണകൂടം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ടെങ്കിലും റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള പ്രവേശനം അതീവ ദുഷ്കരമാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, സുരക്ഷിത പ്രദേശങ്ങളിലേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

