തിരുവനന്തപുരം: മഴക്കാലത്ത് വ്യാപകമാകുന്ന സാംക്രമിക രോഗങ്ങൾക്കെതിരായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി (ടി.എസ്.എസ്.എസ്.)യും തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയും ചേർന്ന് ‘ഓപ്പറേഷൻ മൺസൂൺ’ ക്യാമ്പയിന് തുടക്കമിട്ടു.
ലത്തീൻ അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കേരള ഗതാഗത മന്ത്രി സി. പി. ജോൺ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ആരോഗ്യ ബോധവത്കരണ ലഘുലേഖയും മന്ത്രി പ്രകാശനം ചെയ്തു.
ജൂബിലി മെമ്മോറിയൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഫാ. ലെനിൻ രാജ് ടി. ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ അംഗം ഡോ. ബെനറ്റ് സൈലം പി. മഴക്കാല രോഗങ്ങൾ, വ്യക്തിശുചിത്വം, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നയിച്ചു.
ടി.എസ്.എസ്.എസ്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡോണി ഡി. പോൾ, ജൂബിലി മെമ്മോറിയൽ ആശുപത്രി അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടർ ഫാ. ബാബുരാജ് എൽ., ടി.എസ്.എസ്.എസ്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. രാജീഷ് വി. രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആരോഗ്യ ബോധവത്കരണ പരിപാടികൾ, വീടുകളിലെത്തി നടത്തുന്ന സന്ദർശനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് മഴക്കാല സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ക്യാമ്പയിൻ വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

