ജെന്സന് സി. ജോസ്
കാലാവസ്ഥാ പ്രതിസന്ധി സംസ്കാരത്തിന്റെ ഒരു പ്രതിസന്ധികൂടിയാണെന്ന് നോവല്‍ വെളിപ്പെടുത്തി തരുന്നു.
ഘോഷിന്റെ മറ്റ് നോവലുകള്‍ പോലെ ഈ നോവലിലും വ്യക്തികളും സംഭവങ്ങളും ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഭേദിച്ച് ലോകം മുഴുവന്‍ വ്യാപിക്കുന്നുണ്ട്.
പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് രചിച്ച്, 2019-ല്‍ പ്രസിദ്ധീകരിച്ച പ്രശസ്തമായ നോവലാണ് ‘ഗണ്‍ ഐലന്‍ഡ്’. ഈ നോവലിന്റെ മലയാളം പരിഭാഷയാണ് ‘തോക്ക് ദ്വീപ്’. കെ.ടി. രാധാകൃഷ്ണനാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

അപൂര്‍വ പുസ്തകങ്ങളുടെ ഇടപാടുകാരനാണ് ദീനാനാഥ് ദത്ത എന്ന ഡീന്‍. ന്യൂയോര്‍ക്കില്‍ ശാന്തമായ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയില്‍ പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സിലേക്ക് അസാധാരണമായ ഒരു യാത്ര പുറപ്പെടാന്‍ ഇടയാകുന്നു. ഒരു ബന്ധുവിന്റെ മകളുടെ കല്യാണത്തിനു പങ്കെടുക്കവേ അയാളുടെ അകന്ന ബന്ധത്തില്‍ പെട്ട കനായി ദത്ത് എന്നൊരാള്‍ ബന്ദൂക്കി ശൌദാഗോര് എന്ന വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന ചോദ്യം ദത്തയെ ആ യാത്ര പോകാന്‍ പ്രേരിപ്പിച്ചു. തോക്ക് വ്യാപാരി എന്നര്‍ത്ഥം വരുന്ന ആ പേര് അതിനു മുന്‍പ് അയാളോരിക്കലും കേട്ടിരുന്നില്ല.
1970 നവംബര്‍ 12 ന് ബംഗാള്‍ തീരത്തു കൂടെ പശ്ചിമ ബംഗാളിലൂടെയും, കിഴക്കന്‍ പാക്കിസ്ഥാനിലൂടെയും ചീറിയടിച്ച ഭോല എന്ന ചുഴലിക്കാറ്റ് അരലക്ഷത്തോളം ജനങ്ങളെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാക്കി. എന്നാല്‍ ആ കൊടുംകാറ്റില്‍ നിന്നും മാനസാ ദേവിയാല്‍ സംരക്ഷിക്കപ്പെട്ട, അതിജീവിച്ചവരുടെ ഒരു ചെറുകൂട്ടം താമസിച്ചിരുന്ന, പാമ്പുകളും, മറ്റു വിഷജീവികളും നിറഞ്ഞ ദ്വീപിനെ കുറിച്ചുള്ളതായിരുന്നു ഡീന്‍ കേട്ട ഒരു കഥ.
വെറുമൊരു നാടോടികഥയുടെ മട്ടിലുള്ളതാണെങ്കിലും സുന്ദര്ബന്സിലെ പാമ്പുകളുടെ ദേവതയായ മാനസാദേവിക്ക് പതിനേഴാം നൂറ്റാണ്ടില്‍ തോക്ക് വ്യാപാരി പണികഴിപ്പിച്ച ആരാധനാലയം കണ്ടെത്താന്‍ അദ്ദേഹം പാതിമനസ്സോടെ തന്റെ യാത്ര തുടരാന്‍ തീരുമാനിക്കുന്നു.
ആ പ്രദേശത്തെ ടിപ്പുവെന്ന ഒരു പയ്യനാണ് അയാളെ ബോട്ടില്‍ ആ ദ്വീപിനെ കുറിച്ചുള്ള അന്വേഷണത്തില്‍ അവിടേക്കു കൊണ്ടുപോകുന്നത്.
നോവലിന്റെ ബാക്കി ഭാഗങ്ങള്‍ ഒരു അന്വേഷണമാണ്. എന്നാല്‍ മേല്‍സൂചിപ്പിച്ച ആ നാടോടികഥയുടെ പിന്നാമ്പുറം മാത്രമല്ല നോവല്‍ പറഞ്ഞു വെയ്ക്കുന്നത്. മറിച്ച് അതിഗൗവരകരമായ മറ്റൊരു വിഷയമാണ്. സുന്ദര്‍ബന്‍സ് മുതല്‍ വെനീസ് വരെയുള്ള യാത്രകളുടെ ഇടയില്‍ വായനക്കാരോട് സംവദിക്കുന്നത് കാലാവസ്ഥാ വ്യതിയാനവും, മനുഷ്യകുടിയേറ്റവും പോലെയുള്ള വിഷയങ്ങളാണ്. കാലാവസ്ഥാ പ്രതിസന്ധി സംസ്കാരത്തിന്റെ ഒരു പ്രതിസന്ധികൂടിയാണെന്ന് നോവല്‍ വെളിപ്പെടുത്തി തരുന്നു.
ഘോഷിന്റെ മറ്റ് നോവലുകള്‍ പോലെ ഈ നോവലിലും വ്യക്തികളും സംഭവങ്ങളും ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഭേദിച്ച് ലോകം മുഴുവന്‍ വ്യാപിക്കുന്നുണ്ട്.
തോക്ക് വ്യാപാരിയെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ ഡീന്‍ വെനീസിലേക്ക് പോകുമ്പോള്‍, അനേകം ബംഗ്ലാദേശികള്‍ അനധികൃത കുടിയേറ്റ തൊഴിലാളികളായി അവിടങ്ങളില്‍ പണിയെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നുണ്ട്. ഇന്ത്യയും വെനീസും തമ്മിലുള്ള മധ്യകാല സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ വെനീസിലെ പങ്ക് സംബന്ധിച്ച ഗവേഷണം നടത്തുന്ന സിന്റ എന്ന സ്ത്രീ, പിയ റോയ്, ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ ബദാബോണ് ട്രസ്റ്റ് നടത്തുന്ന നിലീമ ബോസ്, അനധികൃത കുടിയേറ്റക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ബംഗ്ലാദേശ് കുടിയേറ്റക്കാനായ ലുബ്ന, ടിപ്പുവിനെ സഹായിക്കുന്ന റാഫി എന്നിവര്‍ ഈ നോവലിലെ മറ്റു മുഖ്യകഥാപാത്രങ്ങളാണ്.
വെനീസിലേക്ക് പോയ വ്യാപാരി എന്ന പേരില്‍ ബന്ദൂക്കി ശൌദാഗോറും, വെനീസിലെ ബ്ലാക്ക് മഡോണയും, പാമ്പുകളുടെ മാനസാദേവിയും തമ്മില്‍ കൂടിയോജിപ്പിക്കുന്ന ഒരു അദൃശ്യ ചരട് നമുക്കിതില്‍ കാണാം.
ഐതീഹ്യങ്ങളും, കെട്ടു കഥകളും, നാടോടിക്കഥകളും സമകാലിക ലോകത്തിലെ വിഷയങ്ങളുമായി സമന്വയിപ്പിക്കുന്നതില്‍ അമിതാവ് ഘോഷ് വിജയിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.
പാരിസ്ഥിതിക ദുരന്തത്തിന്റെ ആസന്നതയെയും അതിനോടുള്ള നമ്മുടെ അറിവില്ലായ്മയെയും കുറിച്ചു മുന്‍പും ഈ എഴുത്തുകാരന് വായനക്കാരോട് തന്റെ എഴുത്തുകളിലൂടെ സംവദിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയെ സംബന്ധിച്ച് പല എഴുത്തുകാരും പ്രബന്ധങ്ങളില്‍ മാത്രം തങ്ങളുടെ എഴുത്തുകള്‍ പരിമിതപ്പെടുത്തുമ്പോള്‍ അമിതാവ് ഘോഷ് അവരില്‍ നിന്നും വ്യത്യസ്തനാകുന്നു.
പ്രകൃതി, വെള്ളപ്പൊക്കം, ദുരന്തങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ നോവലുകളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകാണുന്നുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരനെന്ന് അമിതാവ് ഘോഷിനെ ധൈര്യമായി വിളിക്കാമെന്നു തോന്നുന്നു.
അമിതാവ് ഘോഷിന്റെ ഒന്‍പതാമത്തെ നോവലാണ് തോക്ക് ദ്വീപ്. 2018ലാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന ഒരാള്‍ക്ക് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

