കൊച്ചി: കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലിക്ക് ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ ആഘോഷപൂർവം തുടക്കമായി. കോഴിക്കോട് അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പതാക ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

സ്നേഹത്തിന്റെ കൂട്ടായ്മയും സ്നേഹത്തിന്റെ സംസ്കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെആർഎൽസിസി പ്രവർത്തിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാനും കൂട്ടായ്മയുടെ സംസ്കാരം ശക്തിപ്പെടുത്താനും സംഘടന പ്രതിബദ്ധമാണെന്നും അധ്യക്ഷപ്രസംഗത്തിൽ ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.ഫിഷറീസ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
തീരദേശ-മത്സ്യത്തൊഴിലാളി മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് നിലവിലെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി നിരവധി ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും, ലത്തീൻ സഭ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് പരിഹരിക്കാൻ സർക്കാർ തുടർന്നും മുൻകൈ എടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.കൊച്ചി രൂപത മെത്രാൻ ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സന്ദേശം നൽകി.
ദീപക് ജോയ് എം.എൽ.എ., കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി മെറ്റിൽഡ മൈക്കിൾ എന്നിവർ ആശംസകൾ നേർന്നു.’ജൂബിലി നിറവിൽ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തിൽ പ്രൊഫ. ഡോ. ബിജു ടെറൻസ് മുഖ്യപ്രഭാഷണം നടത്തി.അസംബ്ലിയുടെ ഭാഗമായി ദശവത്സര അജപാലനരേഖ രൂപീകരണം, ലത്തീൻ കത്തോലിക്കരുടെ നിലവിലെ സാഹചര്യവും ഭാവി വികസന സാധ്യതകളും സംബന്ധിച്ച ചർച്ചകൾ നടക്കും. രാത്രിയിൽ മദർ ഏലീശ്വായുടെ ജീവിതം ആസ്പദമാക്കിയുള്ള ചവിട്ടുനാടകവും അവതരിപ്പിക്കും.

