വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി, കന്യാസ്ത്രീയെ നിയമിച്ച് ലെയോ പാപ്പ. ഡോറ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലിയ്ക്കാണ് നിര്‍ണ്ണായക ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.ഇതുവരെ സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (DPIHD) സെക്രട്ടറിയായിരുന്ന സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ അതേ ഡിക്കാസ്റ്ററിയുടെ പ്രിഫക്ടായാണ് നിയമിചിരിക്കുന്നത്.

സഭയുടെ സാമ്പത്തിക സുതാര്യതയ്ക്കും സ്ത്രീകളുടെ നേതൃത്വപരമായ പങ്കിനും ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സിസ്റ്റർ അലസ്സാൻഡ്ര. ദരിദ്രർ, കുടിയേറ്റക്കാർ, സാമൂഹ്യനീതി, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം എന്നിവയാണ് ഈ ഡിക്കാസ്റ്ററിയുടെ പ്രധാന പ്രവർത്തന മേഖലകൾ. “ഈ നിയമനത്തിലൂടെ എന്നിൽ വിശ്വാസം അർപ്പിച്ച പരിശുദ്ധ പിതാവിനോട് ഞാൻ ആഴമായ നന്ദി രേഖപ്പെടുത്തുന്നു. സന്തോഷത്തോടെയും സന്നദ്ധതയോടെയും ഈ സേവനം ഞാൻ ഏറ്റെടുക്കുന്നു. കേൾവി, സംവാദം, സഹകരണം എന്നിവയിലൂടെ സഭയുടെ സുവിശേഷ ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ ഡിക്കാസ്റ്ററിക്ക് അടിസ്ഥാനപരമായ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഡിക്കാസ്റ്ററിയെ നയിച്ച കാർഡിനാൾ മൈക്കൽ ചെർണിയുടെ വിലമതിക്കാനാവാത്ത സേവനത്തിനും അദ്ദേഹത്തിന്റെ സാക്ഷ്യജീവിതത്തിനും ഞാൻ നന്ദി പറയുന്നു. ഈ പുതിയ ദൗത്യം പരിശുദ്ധ കന്യകാമറിയത്തിന്റെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു.” സിസ്റ്റർ അലസാന്ദ്ര പറഞ്ഞു:

