പുത്തൻവേലിക്കര : കിഡ്സ് കോട്ടപ്പുറം, കെ.സി.വൈ.എം. കോട്ടപ്പുറം രൂപത എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജിൽ “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് ” ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ക്യാമ്പെയ്ന്റെ ഭാഗമായി റാലി, ഫ്ലാഷ് മോബ്, ബോധവൽക്കരണ ക്ലാസ്, പൊതുസമ്മേളനം എന്നിവ നടന്നു. പരിപാടിക്കിടെ സാമൂഹ്യ സേവന രംഗത്ത് മികവ് തെളിയിച്ചവർക്കുള്ള ആദരവും സമർപ്പിച്ചു.

മാനാഞ്ചേരിക്കുന്ന് അസീസി ഭവൻ ഡയറക്ടർ ബ്ര. ജോയ് പുതിയവീട്ടിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സമൂഹത്തിലെ വലിയ വിപത്തായ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് ബോധവൽക്കരണ ക്ലാസ് നയിച്ച എറണാകുളം ജില്ലാ ആന്റി ഡ്രഗ്സ് മൂവ്മെന്റ് സെക്രട്ടറി ജോബി തോമസ് പറഞ്ഞു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കിഡ്സ് കോട്ടപ്പുറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാടാശ്ശേരി അധ്യക്ഷത വഹിച്ചു. പുത്തൻവേലിക്കര പോലീസ് സബ് ഇൻസ്പെക്ടർ വിക്കി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ശില്പ-ചിത്ര കലാകാരൻ ഡാവിഞ്ചി സുരേഷ്, കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ. നീൽ ജോർജ് ചടയംമുറി, പ്രസന്റേഷൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് പ്രിൻസിപ്പാൾ ഡോ. രശ്മി പി.എ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ.സി.വൈ.എം രൂപത പ്രസിഡന്റ് റെയ്ചെൽ ക്ലീറ്റസ്, പ്രസന്റേഷൻ കോളേജ് ഓഫ് അല്യ്ഡ് സയൻസസ് പ്രിൻസിപ്പാൾ പ്രവീണ ടി.ബി, കിഡ്സ് കോട്ടപ്പുറം അസോസിയേറ്റഡ് ഡയറക്ടർ ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, സെന്റ് പോൾസ് മാനാഞ്ചേരിക്കുന്ന് സഹവികാരി ഫാ. നിവിൻ കളരിതറ എന്നിവർ സന്നിഹിതരായിരുന്നു.

