കോട്ടപ്പുറം : സ്തനാർബുദത്തെ മുൻകൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനുമായി കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്), കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ, മാനാഞ്ചേരിക്കുന്ന് സാമൂഹിക ശുശ്രൂഷ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മാമോഗ്രാം ക്യാൻസർ നിർണയ ക്യാമ്പ് നടത്തി.
വെള്ളിയാഴ്ച മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയ മതബോധന ഹാളിൽ വെച്ചാ ണ് സംഘടിപ്പിച്ചത്.
സെന്റ് പോൾസ് ദൈവാലയ വികാരി ഫാദർ ഷാജു കുരിശിങ്കൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യരംഗത്ത് കൃത്യമായ പരിശോധനകളും ബോധവൽക്കരണങ്ങളും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സെന്റ് പോൾസ് സഹവികാരി ഫാദർ നിവിൻ കളരിത്തറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗസാധ്യതകളെയും അതിനെ പ്രതിരോധിക്കേണ്ട രീതികളെയും കുറിച്ച് കിഡ്സ് (KIDS) എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ നിമേഷ് കാട്ടാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ മഞ്ജു ജെയ്ബി ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ കിഡ്സ് കോർഡിനേറ്റർ ഗ്രേസി ജോയ്, സാമൂഹിക ശുശ്രൂഷ സമിതി ജോയിന്റ് കൺവീനർ മോളി ജോസഫ് എന്നിവർ നേതൃത്വം നൽകി. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ നാല്പതോളം പേർ പങ്കെടുത്തു.
ശ്രദ്ധേയമായി ‘ഹോപ്പ് ഓൺ വീൽസ്’
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന കിഡ്സിന്റെ ‘ഹോപ്പ് ഓൺ വീൽസ്’ (Hope on Wheels) മൊബൈൽ മാമോഗ്രഫി ബസിന്റെ സഹകരണത്തോടെയാണ് പരിശോധനകൾ നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പിൽ 30 പേർക്കാണ് വിദഗ്ദ്ധ പരിശോധനയ്ക്കുള്ള അവസരം ഒരുക്കിയിട്ടുള്ളത്.

