ജെയിംസ് അഗസ്റ്റിൻ
‘കാറ്റേ കടലേ വാ
ദൈവത്തെ സ്തുതിപ്പിൻ
മഴയേ മേഘമേ വാ
ദൈവത്തെ സ്തുതിപ്പിൻ
മാമലയാറുകളേ
പൂമലർവാടികളേ
പൈങ്കിളിജാലങ്ങളേ
കർത്താവിനെ സ്തുതിപ്പിൻ
ആത്മാവിന്നാനന്ദം നീ
ആശ്രിതർക്കാശ്വാസം നീ
വാനവഭോജനം നീ
മാധുരിസാരവം നീ’
ആരാധനാക്രമം മലയാളത്തിലേക്ക് മാറിയതിനു ശേഷം തിരുക്കർമങ്ങളിൽ ഏറ്റവുമധികം ആലപിക്കപ്പെട്ട ഗാനങ്ങളിൽ ഈ ഗാനം പ്രഥമസ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം(2026 മെയ് 19) ലോകത്തോടു വിട പറഞ്ഞ നാടകാചാര്യൻ നെൽസൺ ഫെർണാണ്ടസ് എഴുതിയ ഗാനമാണിത്. ഒരു നാടകത്തിനു വേണ്ടി എഴുതിയ ഈ ഗാനം എല്ലാ റീത്തുകളിലും അൻപതു വർഷമായി പാടുന്നു.ഗലീലിയൻ എന്ന നാടകത്തിനു വേണ്ടി എഴുതിയ ഈ വരികൾക്ക് സംഗീതം നൽകിയത് ജോബ് & ജോർജ് സഖ്യമാണ്. അക്കാലത്ത് നാടകങ്ങളിൽ പാട്ടുരംഗം കഴിയുമ്പോൾ കാഴ്ചക്കാർക്ക് പാട്ട് ഇഷ്ട്ടപ്പെട്ടാൽ കുറച്ചുനേരം അവർ കയ്യടിച്ചു കൊണ്ടേയിരിക്കും. ക്രിസ്ത്യൻ ഭക്തിഗാനമായിരിന്നിട്ടും ഈ പാട്ടിനു എല്ലാ വേദികളിലും എന്നും കയ്യടി കിട്ടുമായിരുന്നു. നെൽസൺ ഫെർണാണ്ടസ് തന്നെ എഴുതിയ അലറുന്ന ആകാശം എന്ന നാടകത്തിലും ഈ പാട്ട് പാടിയിരുന്നു.
ഈ ഗാനം അരങ്ങിൽ നിന്നും അൾത്താരയിലേക്കെത്തിയതിനു വഴിയൊരുക്കിയത് ഫാ.ജോസഫ് മനക്കിൽ ആയിരുന്നു. ഒരു ദിവസം നാടകം കാണാനെത്തിയ ഫാ.ജോസഫ് മനക്കിൽ ഈ ഗാനം തിരുക്കർമങ്ങളിൽ പാടാൻ ആഗ്രഹം അറിയിക്കുകയും നെൽസൺ ഫെർണാണ്ടസ് അത് സന്തോഷത്തോടെ സമ്മതിക്കുകയുമായിരുന്നു.
ആ നാടകക്കാലത്തെക്കുറിച്ചു നെൽസൺ ഫെർണാണാണ്ടസ് പറഞ്ഞത് ഇങ്ങനെയാണ്.
‘ഒരു നാടകത്തിന്റെ ചർച്ച തുടങ്ങുമ്പോൾത്തന്നെ അണിയറപ്രവർത്തകർ എന്നും ഒരുമിച്ചുകൂടും.നാടകത്തിന്റെ എല്ലാ കാര്യങ്ങളും എല്ലാവരുമായി ചർച്ച ചെയ്യും. ആ സൗഹൃദക്കൂട്ടിൽ നിന്നും നല്ല ആശയങ്ങളുയർന്നു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കും.ഉള്ള സൗകര്യങ്ങളിൽ എല്ലാവരും കിടന്നുറങ്ങും.ചിലപ്പോൾ ചായ കുടിക്കാൻ പോലും പണമുണ്ടാവുകയില്ല. എങ്കിലും ഒരു പരാതിയിലുമില്ലാതെ എല്ലാവരും മുടങ്ങാതെ കലാപ്രവർത്തനത്തിനു എത്തിച്ചേരും. ഒരു പാട്ട് എഴുതിക്കഴിഞ്ഞാൽ ഹാർമോണിയവുമായി ജോബ് മാഷും തബലയുമായി ജോർജ് മാഷും പായയിലിരുന്നു പാടാൻ തുടങ്ങും.അന്ന് നാടകത്തിനു മുൻപ് സ്റ്റുഡിയോയിൽ പോയി റെക്കോർഡ് ചെയ്തു നടന്മാർ പാട്ടിനനുസരിച്ചു ചുണ്ടനക്കുന്ന രീതിയല്ലല്ലോ. കൂടുതലും അഭിനയിക്കുന്നവർ പാടും.ചിലപ്പോൾ പിന്നണിയിൽ നിന്നും ഗായകർ പാടും. അതുകൊണ്ടുതന്നെ ഗായകസംഘവും എല്ലാ യാത്രകളിലും ഞങ്ങളോടൊപ്പമുണ്ടാകും. അങ്ങനെ ഞങ്ങളുടെ സൗഹൃദങ്ങളിൽ നിന്നും വിരിഞ്ഞതാണീ ഗാനങ്ങളെല്ലാം.’
നെൽസൺ ഫെർണാണ്ടസ് എഴുതിയ പ്രശസ്തമായൊരു മരിയഭക്തിഗാനം 1979-ൽ പ്രകാശനം ചെയ്യപ്പെട്ട ദൈവപുത്രൻ എന്ന സമാഹാരത്തിലുണ്ട്.
‘കർമലസുമമേ നറുതേൻകുടമേ
സ്വർഗകുമാരനെ പെറ്റുവളർത്തിയ
നിർവൃതി തൻ നിറകുടമേ
കന്യകേ നിൻ ഉദരത്തിലല്ലേ
വചനം മാംസമായ്
കതിർ ചൊരിഞ്ഞു
നിന്നാത്മാവിൻ തടത്തിലല്ലേ
വാഗ്ദാനസൂനം
ഇതൾവിരിഞ്ഞൂ.
ഈ ഗാനത്തിനും സംഗീതം പകർന്നത് ജോബ് & ജോർജ് സഖ്യമാണ്. ജെൻസി ആന്റണിയുടെ മനോഹരമായ ആലാപനം ഈ ഗാനത്തെ ഇന്നും പ്രിയപ്പെട്ടതാക്കുന്നു.
1976-ൽ ഇറങ്ങിയ രാജാങ്കണം എന്ന മലയാളം സിനിമയ്ക്കു വേണ്ടി രണ്ടു ഗാനങ്ങൾ നെൽസൺ ഫെർണാണ്ടസ് എഴുതിയിട്ടുണ്ട്. എം.കെ.അർജുനൻ സംഗീതം നൽകി പി.സുശീല ആലപിച്ച
‘ഓർശലേമിൻ നായകാ ജീവനായകാ
വേദഗ്രന്ഥത്തിൽ ഇതൾ വിരിയും
വെറോണിക്കായുടെ രോമഹർഷം
എന്റെ ആത്മാവിൻ പട്ടുതൂവാലയിൽ
തിരുമുഖഛായ പതിച്ചു’
എന്ന ഗാനം അദ്ദേഹത്തെ മലയാളസിനിമാ രംഗത്തും അടയാളപ്പെടുത്തി. ജേസി സംവിധാനം ചെയ്ത സിനിമയിൽ സോമൻ,ജയൻ,വിൻസെന്റ്,ഷീല,ജയഭാരതി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിലെ മറ്റ് ഗാനങ്ങൾ എഴുതിയത് അപ്പൻ തച്ചേത്ത് ആയിരുന്നു.
സൗഹൃദങ്ങളിൽ നിന്നും വിരിയിച്ച വാടാത്ത പുഷ്പങ്ങൾ ഇവിടെ ബാക്കിയാക്കി നെൽസൺ ഫെർണാണ്ടസ് യാത്രയായി.അദ്ദേഹത്തിന് അവകാശപ്പെട്ട അംഗീകാരങ്ങളോ പരിഗണനയോ നൽകാൻ നമുക്ക് കഴിഞ്ഞോ എന്ന സംശയം ബാക്കിയാകുന്നു. അല്ലെങ്കിൽത്തന്നെ അർഹതപ്പെട്ട ആർക്കാണ് അവർ ജീവിച്ചിരിക്കുമ്പോൾ ഉചിതമായതെല്ലാം നമ്മൾ നൽകിയിട്ടുള്ളത്?

