ജെക്കോബി
ജനാധിപത്യത്തിന്റെ യഥാര്‍ഥ സൗന്ദര്യവും വിസ്മയവും വീണ്ടെടുക്കുന്ന കേരളത്തിന്റെ പുത്തന്‍ ഉണര്‍വിന്റെ ആവേശം അണപൊട്ടിയൊഴുകുന്ന ആഘോഷങ്ങളുടെ അലയൊലിയാണെങ്ങും. ഒരു യുഗപ്പകര്‍ച്ചയുടെ പ്രതീതിയുണര്‍ത്തുന്ന രാഷ് ട്രീയ മാറ്റത്തിന്റെ തിരയിളക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഐതിഹാസിക വിജയത്തെ തുടര്‍ന്ന്, മുഖ്യമന്ത്രി പദത്തിനായുള്ള കോണ്‍ഗ്രസ് ഹൈകമാന്‍ഡിലെ തന്ത്രപ്രധാനമായ കരുനീക്കത്തില്‍ ജനഹിതം സംഘടനാ അധികാരമുപയോഗിച്ച് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക പടര്‍ന്നപ്പോള്‍, മലയാളി പൗരസമൂഹം ജനസഞ്ചയരാഷ് ട്രീയത്തിന്റെ അത്യപൂര്‍വ ശക്തിപ്രകടനത്തിലൂടെ വി.ഡി സതീശനു വേണ്ടി ഇടപെട്ടതില്‍ നിന്നു തുടങ്ങി, ‘ടീം യുഡിഎഫ്’ സമ്പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരമ്പിയാര്‍ത്ത ജനസാഗരത്തിന്റെ ആഹ്ലാദാരവങ്ങളില്‍ വരെ ഒരു ഭരണമാറ്റത്തെക്കാള് വലിയ രാഷ് ട്രീയ സംസ്കാര പരിവര്‍ത്തനത്തിന്റെ ജയഭേരിയാണു മുഴങ്ങിക്കേട്ടത്.
പ്രളയകാലത്തെ ദുരിതങ്ങളില്‍ തങ്ങളെ ചേര്‍ത്തുപിടിച്ച പ്രിയങ്കരനായ നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാന്‍ പറവൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എണ്‍പതുകാരി സീതാലക്ഷ്മി അമ്മാള്‍ എന്ന അമ്മാളുവമ്മയെ സത്യപ്രതിജ്ഞാവേദിയിലേക്ക് ക്ഷണിച്ച് ആലിംഗനം ചെയ്ത് രാഹുല്‍ ഗാന്ധിക്കു പരിചയപ്പെടുത്തിക്കൊടുക്കുന്ന വി.ഡി സതീശന്റെ ആ ഒരു ചിത്രം, സാധാരണക്കാരായ മനുഷ്യരെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി അവരുടെ കണ്ണീരൊപ്പാനും സങ്കടനിവാരണത്തിനുമുള്ള, സഹാനുഭൂതിയുടെയും കരുണയുടെയും മുഖമുദ്രയുള്ള ഭരണസംവിധാനത്തില്‍ പ്രത്യാശയും വിശ്വാസവും ഉണര്‍ത്താന്‍ പോന്നതാണ്. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ത്തന്നെ, ധനകാര്യ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി സതീശന് കൈക്കൊണ്ട തീരുമാനങ്ങള്‍ ഉജ്വലമായൊരു തുടക്കംകുറിക്കലായിരുന്നു.
യുഡിഎഫ് തിരഞ്ഞെടുപ്പിനു വാഗ്ദാനം ചെയ്ത അഞ്ച് ‘ഇന്ദിരാ ഗാരന്റി’ പദ്ധതികളില്‍ രണ്ടെണ്ണം നടപ്പാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കാബിനറ്റ് യോഗത്തിനു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കും. വയോജനങ്ങള്‍ക്കായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കും. ജപ്പാനില്‍ മുതിര്‍ന്ന പൗരന്മാര്ക്കുവേണ്ടി നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ പഠിച്ച് നമുക്ക് ഉള്‍ക്കൊള്ളാവുന്ന മാതൃകകള്‍ സ്വീകരിക്കും. ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ ആരോഗ്യസംരക്ഷണം, സാന്ത്വനപരിചരണം, സംരക്ഷണകേന്ദ്രങ്ങള്‍, ജെറിയാട്രിക് വാര്‍ഡുകള്‍, കൗണ്‍സലിങ്, പുനരധിവാസം, നിയമസഹായം, വയോജനപീഡനങ്ങള് തടയല്‍, വിവിധ ക്ഷേമ ആനുകൂല്യങ്ങളുടെ ഏകോപനം തുടങ്ങി മുതിര്‍ന്ന പൗരരുടെ അന്തസ്സും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാനുള്ള വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കികഴിഞ്ഞു.
ആശാ വര്‍ക്കര്‍മാര്‍ക്ക് 3,000 രൂപ പ്രതിമാസം ഓണറേറിയം വര്‍ധിപ്പിക്കാനും അങ്കണവാടി ജീവനക്കാര്‍ക്കും സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്കും പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1,000 രൂപ വേതനവര്ധനയ്ക്കും തീരുമാനമായി. ആശാ വര്‍ക്കര്‍മാര്‍ കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്പില് സേവന-വേതന വ്യവസ്ഥകള്‍ക്കായി നടത്തിയ സമരം 266 ദിവസം നീണ്ടുപോയത് പിണറായി സര്‍ക്കാരിന്റെയും ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെയും ദയാരഹിതവും സ്ത്രീവിരുദ്ധവുമായ സമീപനം മൂലമാണ്. കടുത്ത അവഹേളനവും ഭീഷണിയും സഹിച്ച് സമരം ചെയ്ത ആ സഹോദരിമാര്‍ക്ക് പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് വി.ഡി സതീശന് നല്കിയ വാഗ്ദാനമാണ്, ‘2026-ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യ കാബിനറ്റില്‍ നിങ്ങളുടെ ഓണറേറിയം വര്‍ധന തീരുമാനിക്കും’ എന്ന്. മുഖ്യമന്ത്രിയായി സതീശന് ആ വാക്ക് നിറവേറ്റുകയാണ്. ആദ്യഘട്ടത്തില്‍ 3,000 രൂപയുടെ വര്‍ധന, വിരമിക്കല്‍ ആനുകൂല്യങ്ങളെ സംബന്ധിച്ച് ഒരു മാസത്തിനകം തീര്‍പ്പുണ്ടാകും.
പിണറായി സര്‍ക്കാര്‍ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നടത്തുകയോ ഡിപിആര്‍ തയാറാക്കുകയോ ചെയ്യാതെ നടപ്പാക്കാന്‍ ശ്രമിച്ച തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ ഇടനാഴിക്കായുള്ള സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കാനും അതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് ഉള്‍പ്പെടെ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളെല്ലാം റദ്ദാക്കാനും യുഡിഎഫ് മന്ത്രിസഭയുടെ രണ്ടാമത്തെ യോഗത്തില്‍ തീരുമാനമായി. 63,000 കോടി രൂപ ചെലവില്‍ 529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റെയില്‍പാത നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് (കെ റെയില്‍) സ്ഥലം അക്വയര്‍ ചെയ്യാന്‍ നാട്ടിയ മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20,000 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ടത്. കെ റെയിലിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും നിലവിലുള്ള കേസുകള്‍ പിന്‍വലിക്കുന്നതിന് കോടതികളുടെ അനുമതി സര്‍ക്കാര്‍ തേടുന്നു.
‘ഇന്ദിരാ ഗാരന്റി’ പദ്ധതികള്‍ അടക്കം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതിന് ജൂണ്‍ ഒന്നു മുതല്‍ 100 ദിവസത്തെ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ‘വിഷന്‍ 2031’ എന്ന പേരില്‍ മുന്‍ഗണനാക്രമത്തില്‍ ജനക്ഷേമ നടപടികളും വികസന പദ്ധതികളും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുന്നതിന് മുന്‍ കാബിനറ്റ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനുമായ കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനും ധന വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ കണ്‍വീനറുമായ സമിതിയെ നിയമിച്ചു. പശ്ചിമേഷ്യയിലെ യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ ഉപരോധവും ഗള്‍ഫ് രാജ്യങ്ങളിലെ അരക്ഷിതാവസ്ഥയും ട്രംപിന്റെ പ്രതികാര ചുങ്കവും ഇന്ത്യന്‍ രൂപയുടെ മൂല്യതകര്‍ച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, ഇന്ധനവിലക്കയറ്റവും കേന്ദ്രത്തിന്റെ ചെലവു ചുരുക്കല്‍ നയവും കേരളത്തെയും ഉലയ്ക്കുകതന്നെ ചെയ്യും. രാജ്യത്ത് ഇന്ധനവില അഞ്ചുദിവസത്തിനിടെ രണ്ടുവട്ടം വര്‍ധിപ്പിച്ചു – പെട്രോളിനും ഡീസലിനും ലിറ്ററിനു നാലു രൂപയിലേറെയാണ് വില ഉയര്‍ന്നത്. കൊച്ചിയില്‍ പെട്രോളിന് 109.85 രൂപയും ഡീസലിന് 98.73 രൂപയുമായി. മില്‍മ പാല് ലിറ്ററിന് നാലു രൂപ കൂട്ടുകയാണ്. മുഖ്യമന്ത്രി സതീശന് ഒരുക്കുന്ന ആദ്യത്തെ ബജറ്റില്‍ ‘കിഫ്ബി’ പോലുള്ള ബദല്‍ സാമ്പത്തിക സ്രോതസിനെ ഒഴിവാക്കി എന്തെല്ലാം ‘അദ്ഭുതങ്ങള്‍’ കാണിക്കാനാകും?
വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതുതലമുറയ്ക്ക് നല്കിയ വാഗ്ദാനം നടപ്പാക്കുമോ എന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് പ്രസാദാത്മകമായ ഒരു രസികന്‍ ഭാവം കാണിച്ച മുഖ്യമന്ത്രി സതീശനെ ഇന്‍സ്റ്റഗ്രാം റീലിലും മറ്റു സമൂഹമാധ്യമങ്ങളിലും ആരാധനയോടെയും സ്നേഹവാത്സല്യത്തോടെയും ചെറുപ്പക്കാരുടെ ഓമനത്തമുള്ള സ്ലാങ്ങില്‍ ‘പൂക്കി’ സിഎം എന്നു ദശലക്ഷകണക്കിന് കാഴ്ചക്കാര്‍ വാഴ്ത്തിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ കമ്യൂണിക്കേഷന്‍ സ്കില്ലും മെസേജിങ്ങും വൈബും രാഷ് ട്രീയ വൃത്തങ്ങള്‍ക്കു പുറത്തും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. തീവ്ര വലതുപക്ഷത്തോടും തീവ്ര ഇടതുപക്ഷത്തോടും സന്ധിയാവാത്ത അദ്ദേഹത്തിന്റെ ‘നെഹ്റുവിയന്‍ ലെഫ്റ്റ്’ സാമൂഹിക വീക്ഷണവും, കെ. കരുണാകരനുമായും പനമ്പിള്ളി ഗോവിന്ദമേനോനുമായി തുലനം ചെയ്യാവുന്ന രാഷ് ട്രീയ കാര്യഗ്രഹണശക്തിയും ഉമ്മന്‍ ചാണ്ടിയുടേതിനു സമാനമായ ജനപ്രിയ ഔട്ട്റീച്ചും ക്രൈസ്തവ ദര്‍ശനത്തിലുള്ള ഉള്‍ക്കാഴ്ചയും സവിശേഷമായ ഒരു പരിവേഷം സൃഷ്ടിക്കുന്നുണ്ട്.
‘അര്‍ഹതപ്പെട്ടവരെ നേതൃത്വം മറന്നുപോയാല്‍ അത് കണ്ണീരുവീഴ്ത്തും, പാര്‍ട്ടിയെ ചുട്ടുപൊള്ളിക്കും’ എന്ന് ഒരിക്കല്‍ പറഞ്ഞിട്ടുള്ള സതീശന്, ഇപ്പോള്‍ 63 അംഗ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് എന്ന നിലയില്‍ ഏറ്റുപറയുന്നു: ‘സാമൂഹിക, മേഖലാ സന്തുലിതാവസ്ഥ പരിഗണിച്ച് കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക തയാറാക്കിയപ്പോള്‍ അര്‍ഹതപ്പെട്ട പലരെയും ഉള്‍പ്പെടുത്താനായില്ല. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി വേണം കോണ്‍ഗ്രസ് പോലെയൊരു പാര്‍ട്ടി മന്ത്രിമാരെ പ്രഖ്യാപിക്കേണ്ടത്.’
പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെയും മുന്നണിയിലെ വീതംവയ്പിന്റെയും വിലപേശലുകളുടെയും ഫലമായി അധികാരപങ്കാളിത്തത്തില്‍ നിന്നും ഭരണപ്രാതിനിധ്യത്തില് നിന്നും അകറ്റിനിര്‍ത്തപ്പെടുന്ന, നീതി നിഷേധിക്കപ്പെടുന്ന സംസ്ഥാനത്തെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തോടും മത്സ്യത്തൊഴിലാളികളടക്കമുള്ള തീരദേശ ജനതയോടും മുഖ്യമന്ത്രി സതീശനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പറയാനുള്ളത് എന്തു ന്യായീകരണമാണ്? ജനായത്ത മര്യാദകളെയും സാമാന്യമായ രാഷ് ട്രീയ നൈതികതയെയും ലംഘിക്കുന്ന, നെഞ്ചുപൊള്ളിക്കുന്ന ജനവിരുദ്ധതയാണ് ഈ പ്രത്യക്ഷ നിരാസം.
യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തില്‍, പ്രത്യേകിച്ച് തീരദേശ മണ്ഡലങ്ങളില്‍, നിര്‍ണായക പങ്കുവഹിച്ചവരാണ് ലത്തീന്‍ കത്തോലിക്കര്‍. എന്നിട്ടും പുതിയ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ലത്തീന്‍ സമുദായ അംഗത്തെ ഉള്‍പെടുത്താത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടി നിരാശജനകമാണെന്ന് സംസ്ഥാനത്തെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നതതല ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ രജതജൂബിലി സമ്മേളനം വിലയിരുത്തി.
”കേരളത്തില്‍ ജനാധിപത്യബോധമുള്ള, എല്ലാവര്ക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീന്‍ സമുദായ അംഗങ്ങളുടെ വോട്ട് ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും ലഭിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്കുന്ന യുഡിഎഫിന് ആയിരുന്നു. അത്തരം ഒരു നിലപാടിലേക്ക് എത്തിച്ചേരുന്ന സമീപനമായിരുന്നു പൊതുവില്‍ ഉണ്ടായിരുന്നത് എന്ന് പല മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സമുദായത്തിന്റെ പൊതുവായ ഈ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തിനും ബോധ്യമുള്ളതാണ്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തിലും മറ്റും അക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് നീതിപൂര്‍വ്വമായ ഒരു നിലപാട് അല്ല കോണ്‍ഗ്രസ് പാര്‍ട്ടി കൈക്കൊണ്ടത്,” കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത്തവണ നാല് ലത്തീന്‍ കത്തോലിക്ക എംഎല്‍എമാരുണ്ട്: എം. വിന്‍സെന്റ് (കോവളം), ടി.ജെ വിനോദ് (എറണാകുളം), ടോണി ചമ്മണി (വൈപ്പിന്‍), എ.ഡി തോമസ് (ആലപ്പുഴ). 2021-ല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നു ജയിച്ച ഏക യുഡിഎഫ് ജനപ്രതിനിധി വിന്‍സെന്റ് ആയിരുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഉള്‍പ്പെടുന്ന കോവളം മണ്ഡലത്തില്‍ ഇത്തവണ 32,709 വോട്ടിന്റെ ഭൂരിപക്ഷം നേടിയ വിന്‍സെന്റും, എറണാകുളത്ത് 36,163 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച വിനോദും അസംബ്ലിയില്‍ മൂന്നാം തവണയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുനമ്പം വഖഫ് തര്‍ക്കഭൂമി ഉള്‍പ്പെടുന്ന വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നു വരുന്ന ടോണി ചമ്മണിയും, 2023-ല്‍ പിണറായി വിജയന് നയിച്ച നവകേരള സദസ് യാത്രക്കിടെ ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും തല്ലിച്ചതച്ച കടല്‍പ്പണി പാരമ്പര്യമുള്ള കെഎസ് യു നേതാവ് എ.ഡി. തോമസും അസംബ്ലിയില്‍ പുതുമുഖങ്ങളാണ്.
തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രധാന അസംബ്ലി മണ്ഡലങ്ങളിലും ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് നിര്‍ണായകമായ ലീഡ് സമ്മാനിക്കുന്ന തീരദേശ മേഖലയെയും ലത്തീന്‍ സമൂഹത്തെയും മന്ത്രിസഭാ രൂപീകരണത്തില്‍ പാടേ അവഗണിച്ചു എന്ന പരാതി ഉയര്‍ന്നപ്പോള്‍, സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി സതീശന് തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീന്‍ കത്തോലിക്കാ അതിമെത്രാസനമന്ദിരത്തിലെത്തി ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി എന്നത് ശ്രദ്ധേയമാണ്. ലത്തീന്‍ സഭ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മക നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നായിരുന്നു സൂചന. തീരദേശ മേഖലയിലെ പ്രശ്നങ്ങളറിയുന്ന, കടലറിയുന്ന ഒരാളെ വേണം ഫിഷറീസ് മന്ത്രിയാക്കാന്‍ എന്ന നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍, ‘തിരുവനന്തപുരത്തെ മന്ത്രിമാരായ’ കെ. മുരളീധരനും സി.പി ജോണും ആര്‍ച്ച്ബിഷപ്സ് ഹൗസിലെത്തി ചര്‍ച്ച നടത്തുകയുണ്ടായി. ചര്‍ച്ചയെല്ലാം പോസിറ്റീവ് ആയിരുന്നു.
ഫിഷറീസ് വകുപ്പിന് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പ്രാമുഖ്യം ഇത്തവണ മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തില്‍ തെളിഞ്ഞുകണ്ടത് ആശ്ചര്യകരമാണ്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭൂരിപക്ഷ ഘടന, തീരദേശ ജനതയുടെ രാഷ്ട്രീയ യാഥാര്‍ഥ്യം, ചരിത്രപരമായ ബന്ധങ്ങള്‍ എന്നിവ വിലയിരുത്തുമ്പോള്‍ ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുന്നതാകും അഭികാമ്യം എന്ന ധാരണ നിലനിന്നിരുന്നു. എന്നാല്‍, കോളജ് വിദ്യാഭ്യാസവും ടെക്നിക്കല്‍ വിദ്യാഭ്യാസവും, മെഡിക്കല്‍, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ്, ഡിജിറ്റല്‍ യൂണിവേഴ്സിറ്റികള്‍ ഒഴികെയുള്ള സര്‍വകലാശാലകളും, എന്‍ട്രന്‍സ് പരീക്ഷ, നാഷണല്‍ കെഡറ്റ് കോര്‍, അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം എന്നിവയും ഉള്‍പ്പെടുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും, മുസ് ലിം ലീഗിന് ശുഷ്കമായ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തപ്പോള്‍ ലീഗ് ഫിഷറീസ് വകുപ്പില്‍ പിടിമുറുക്കുകയായിരുന്നത്രേ. മധ്യകേരളത്തില്‍, കളമശേരി മണ്ഡലത്തില്‍ നിന്നുള്ള മുസ് ലിം ലീഗിന്റെ യുവ എംഎല്‍എ വി.ഇ അബ്ദുല്‍ ഗഫൂറിനാണ് ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിങ്, സാമൂഹ്യ നീതി വകുപ്പുകള്‍ ലഭിച്ചത്.
മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്കിയില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി പുനഃസംഘടനയില്‍ ദേശീയ, സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ ലത്തീന്‍ നേതാക്കള്‍ക്ക് ന്യായമായ പരിഗണന ലഭിക്കുമോ? സംസ്ഥാനത്ത് ഭരണമുന്നണി വിവിധ ബോര്‍ഡുകളും പൊതുമേഖലാ സംരംഭങ്ങളും കോര്‍പറേഷനുകളും ട്രൈബ്യൂണലുകളും പബ്ലിക് പ്രോസിക്യൂട്ടര്‍ വരെയുള്ള തസ്തികകളും പങ്കുവയ്ക്കുമ്പോള്‍ സംസ്ഥാനത്തെ അതിപിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നായി ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന് നിര്‍വചിച്ചിട്ടുള്ള ഈ ജനവിഭാഗത്തിന് സാമൂഹിക നീതിയുടെ വിഹിതമായി എന്തെങ്കിലും അവകാശപ്പെടാനുണ്ടാകുമോ?

