വത്തിക്കാൻ സിറ്റി: സുരക്ഷിതമായ ഒരു സാമൂഹികജീവിതം ഉറപ്പാക്കാൻ വേണ്ടി, മനുഷ്യാന്തസ്സ് മാനിച്ചുകൊണ്ടുള്ള നിയമവാഴ്ച പ്രോത്സാഹിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. അൻപതിലധികം രാജ്യങ്ങൾ അംഗങ്ങളായുള്ള “ഓഷേ” എന്ന, യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള ഓഷേ സംഘടന (Organization for Security and Co-operation in Europe – OSCE) ഒരുക്കിയ സമ്മേളനത്തിൽ സംസാരിക്കവെയാണ്, അനധികൃത മയക്കുമരുന്നുകളുടെയും, സംഘടിത കുറ്റകൃത്യങ്ങളുടെയും നിയന്ത്രണവുമായി ബന്ധപ്പെട്ട് പരിശുദ്ധ പിതാവ് പ്രസ്താവന നടത്തിയത്.
നിയമവാഴ്ചയും, കുറ്റകൃത്യങ്ങളുടെ നിയന്ത്രണവും തടയലും, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നീതി നടപ്പാക്കുന്നതും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞ പാപ്പാ, മനുഷ്യന്റെ സമഗ്രവികസനത്തിന് ഇത് പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരുത്തി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി, മനുഷ്യാന്തസ്സ് മാനിച്ചുകൊണ്ടും, വധശിക്ഷയും, അതികഠിനമായ ശാരീരികപീഡനങ്ങളും ഉപേക്ഷിച്ചുകൊണ്ടും ഉള്ള തിരുത്തൽ നടപടികൾ ഉണ്ടാകുന്നതിനെ അനുകൂലിച്ചു സംസാരിച്ചു. ശിക്ഷ നടപ്പാക്കുന്നതിലൂടെ മാത്രമല്ല യഥാർത്ഥ നീതി നേടിയെടുക്കാനാകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സമൂഹത്തിൽ നിയമങ്ങൾക്കുണ്ടാകേണ്ട പ്രാധാന്യത്തെയും സ്ഥാനത്തേയും കുറിച്ച് സാംസാരിച്ച പാപ്പാ, എന്നാൽ വ്യക്തികളുടെയോ സമൂഹങ്ങളുടെയോ അവകാശങ്ങളോ അന്തസ്സോ നിഷേധിക്കാനോ തകർക്കാനോ ഒരു വ്യവസ്ഥയ്ക്കും അവകാശമില്ലെന്നും പ്രസ്താവിച്ചു.
കത്തോലിക്കാസഭയ്ക്ക്, അതിന്റെ നിരവധിയായ സ്ഥാപനങ്ങളും, നീണ്ട അനുഭവസമ്പത്തും ഉപയോഗിച്ച്, ലഹരിക്ക് അടിമകളായ വ്യക്തികളെ അവരുടെ പരിവർത്തനത്തിനും തിരിച്ചുവരവിനും, സമൂഹത്തിലുള്ള ഇഴുകിച്ചേരലിനും സഹായിക്കാനാകുമെന്ന കാര്യവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
