തൃശ്ശൂർ: മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളിയിലെ ആദ്യ പെരുന്നാൾ ഉപേക്ഷിച്ചു. പഴയപള്ളിയിൽനിന്ന് മാറി സമീപത്തുതന്നെ പണിത പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്ഫോടനമുണ്ടായതോടെ പുതിയപള്ളിയിലെ ആദ്യപെരുന്നാൾ പാതിവഴിയിൽ ഉപേക്ഷിച്ചു.
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ആയിരുന്നു പെരുന്നാൾ നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടം ഉണ്ടായതോടെ ആഘോഷങ്ങൾ നിർത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നടത്താനിരുന്ന പ്രദക്ഷിണം, വെടിക്കെട്ട്, ബുധനാഴ്ചയ്ക്ക് നിശ്ചയിച്ചിരുന്ന ഗാനമേളയും കലാപരിപാടികളും എല്ലാം മാറ്റിവെച്ചു.

‘‘എല്ലാവരും അറിയുന്നവരാണ്. സ്നേഹിതർ, പള്ളിയിലൊക്കെ വന്നുപോകുന്നവരാണ്’’ -വികാരി ഫാ. സോബിൻ പായിക്കാട്ട് പറഞ്ഞു.പള്ളിയോട് ചേർന്ന് പുതിയ കെട്ടിടത്തിന്റെ ജനലും തകർന്നിട്ടുണ്ട് പഴയ പള്ളിയുടെ ജനാലുകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അപകട സമയത്ത് പള്ളിയിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല.

